Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ മാത്രമല്ല, മറ്റ് വികസ്വര രാജ്യങ്ങളിലും കോവിഡിന്റെ പുതിയ തരംഗം ആഞ്ഞടിക്കുന്നു

1 min read

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ലാവോസ് മുതല്‍ തായ്‌ലന്‍ഡ് വരെയുള്ള രാജ്യങ്ങളിലും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്

ഇന്ത്യയെ മാത്രമല്ല, കോവിഡ്-19ന്റെ അതിശക്തമായ പുതിയ തരംഗം ലോകത്തിലെ മറ്റ് വികസ്വര രാജ്യങ്ങളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇവിടങ്ങളിലൊക്കെയും ആരോഗ്യ സുരക്ഷ സംവിധാനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കൊറോണ വൈറസിന്റെ ശക്തമായ വകഭേദങ്ങള്‍ സമൂഹത്തില്‍ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുന്നു. ലഭ്യമായ എല്ലാ ആരോഗ്യ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും മറ്റ് രാജ്യങ്ങളുടെ സഹായം കൂടി ആവശ്യമായ സാഹചര്യമാണ് ഇവിടങ്ങളിലുള്ളത്.

തെക്ക് കിഴക്കന്‍ ഏഷ്യയിലെ ലാവോസ് മുതല്‍ തായ്‌ലന്‍ഡ് വരെയുള്ള രാജ്യങ്ങളിലും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ ആഴ്ചകളിലായി അതിരൂക്ഷമായ പകര്‍ച്ചവ്യാധി വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും രോഗവ്യാപനം ചെറുക്കുന്നതിനുള്ള വിഭവങ്ങളുടെ അഭാവവും രോഗം വരില്ലെന്ന അമിത ആത്മ വിശ്വാസവുമാണ് ഈ രോഗവര്‍ധനവിന് കാരണമായി കരുതപ്പെടുന്നത്.

ഒരു മാസത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍ ഇരുന്നൂറിരട്ടി വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ലാവോസ് ആരോഗ്യമന്ത്രി വൈദ്യോപകരണങ്ങളും മരുന്നുകളും ചികിത്സയും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നേപ്പാളില്‍ ആശുപത്രികള്‍ അതിവേഗം രോഗികളെ കൊണ്ട് നിറയുന്ന സ്ഥിതിയാണ്. ഇവിടെ ലഭ്യമായ ഓക്‌സിജനും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. തായ്‌ലന്‍ഡിലെ ആരോഗ്യമേഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇവിടെ, 98 ശതമാനം പുതിയ കോവിഡ് കേസുകളുടെയും കാരണം രോഗ്യ വ്യാപന ശേഷി കൂടിയ വകഭേദങ്ങളാണെന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യം. അതേസമയം ശാന്തസമുദ്രത്തിലെ ചില ദ്വീപ് രാഷ്ട്രങ്ങള്‍ കോവിഡിന്റെ ആദ്യ തരംഗവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ നിലവിലെ അവസ്ഥയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഈ രാജ്യങ്ങളിലെ രോഗ നിരക്കിലുള്ള കുത്തനെയുള്ള വര്‍ധന അനിയന്ത്രിത രോഗ വ്യാപനത്തിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവിടങ്ങളിലെ തുടര്‍ തരംഗങ്ങളും ചിലയിടങ്ങളിലെ ആദ്യ തരംഗവും കഴിഞ്ഞ വര്‍ഷമേ തടയാവുന്നതായിരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദരിദ്ര രാഷ്ട്രങ്ങള്‍ക്കും സ്വാധീനം കുറഞ്ഞ രാഷ്ട്രങ്ങള്‍ക്കും അടിയന്തരമായി വാക്‌സിന്‍ വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ ഗുരുതര സാഹചര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. പ്രതീക്ഷകള്‍ക്കപ്പുറമുള്ള പകര്‍ച്ചവ്യാധിയുടെ ആഘാതം മറികടക്കാന്‍ അത് മാത്രമാണ് ഇപ്പോഴുള്ള പോംവഴി.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ഇന്ത്യയിലെ സാഹചര്യം എവിടെ വേണമെങ്കിലും സംഭവിക്കാമെന്നത് തിരിച്ചറിയുക പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ പ്രാദേശിക ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍ അതിപ്പോഴും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ പുതിയതായി രേഖപ്പെടുത്തിയ രോഗബാധ അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ 22,000 ശതമാനം വര്‍ധനയുമായി ലാവോസ്  ഒന്നാംസ്ഥാനത്തും മാസാടിസ്ഥാനത്തിലുള്ള പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ 1,000 ശതമാനം വര്‍ധന രേഖപ്പെടുത്തിയ നേപ്പാള്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ തുടര്‍സ്ഥാനത്തും എത്തി. ഭൂട്ടാന്‍, ത്രിനിദാദ്, ടൊബാഗോ, സുരിനെയിം, കമ്പോഡിയ, ഫിജി എന്നീ രാജ്യങ്ങളും പട്ടികയില്‍ മുന്‍പന്തിയിലാണ്. ഇവിടങ്ങളില്‍ പകര്‍ച്ചവ്യാധിയുടെ തുടക്കം പോലും അതിശക്തമായിരുന്നു.

എല്ലാ രാജ്യങ്ങളിലും പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ഭീഷണി വലുതാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ സാംക്രമിക രോഗ വിദഗ്ധനായ ഡേവിഡ് ഹേമാന്‍ പറയുന്നു. അടിക്കടിയുള്ള പ്രാദേശിക രോഗ വ്യാപനമാണ് കോവിഡ് 19ന്റെ പ്രത്യേകത. അങ്ങനെ നോക്കുമ്പോള്‍ സമീപഭാവിയില്‍ എല്ലാ രാജ്യങ്ങള്‍ക്കും ഈ രോഗം ഒരു ഭീഷണിയായി തുടരുമെന്ന് ഹേമാന്‍ അഭിപ്രായപ്പെടുന്നു. മേയ് ഒന്നിനും 401,993 പുതിയ കേസുകളും 3,689 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന രോഗബാധയും മരണങ്ങളും കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ ആശുപത്രികളും ശ്മശാനങ്ങളും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. ഈ ഗുരുതര സാഹചര്യത്തിനൊപ്പം, ഓക്‌സിജന്‍ ക്ഷാമവും വൈറസ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് വായുവിനായി പിടയുന്ന രോഗികളെ ചികിത്സിക്കാന്‍ സൗകര്യമില്ലാതെ ആശുപത്രികളുടെ പടിവാതിക്കല്‍ മരണത്തിനായി വിട്ടുകൊടുക്കേണ്ട സാഹചര്യവും ആരോഗ്യ മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.

നാല് ഭാഗവും കരയാല്‍ ചുറ്റപ്പെട്ട കമ്മ്യൂണിസ്റ്റ് രാജ്യമായ ലാവോസില്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന അഭയാര്‍ത്ഥികളാണ് പൊടുന്നനെയുള്ള പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമായി കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങള്‍ മുമ്പ് വരെ കേവലം അറുപത് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന ലാവോസ് നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് തലസ്ഥാനമായ വിയന്റൈനില്‍ ലോക്ഡൗണും പ്രവശ്യകള്‍ക്കിടയില്‍ യാത്രാ നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ജീവന്‍ രക്ഷാ ഉപാധികള്‍ക്കായി ലാവോസ് ആരോഗ്യമന്ത്രി അയല്‍രാജ്യമായ വിയറ്റ്‌നാമിന്റെ സഹായവും തേടിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മടങ്ങിവരവാണ് നേപ്പാളിലും ഭൂട്ടാനിലും സ്ഥിതിഗതികള്‍ വഷളാക്കിയത്.  കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയ നേപ്പാളില്‍ പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതിനുള്ള വിഭവങ്ങളുടെ അഭാവവും വെല്ലുവിളിയാകുന്നുണ്ട്.

  കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്

 

ഗുരുതര സാഹചര്യം

വളരെ ഗുരുതരമായ സാഹചര്യമാണ് ലോകത്ത് നിലവിലുള്ളതെന്ന് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് സ്ട്രാറ്റെജി ഓഫീസറായ അലി മൊക്ദദ് പറയുന്നു. പുതിയ വകഭേദങ്ങള്‍ക്ക് പുതിയ വാക്‌സിനുകളും ഇതിനോടകം വാക്‌സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിനും ലഭ്യമാക്കിയെങ്കിലേ ഇതില്‍ നിന്ന് കരകയറാനാകൂ. എന്നാല്‍ ഇത്തരം നടപടികള്‍ പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കുന്നതിനുള്ള സമയം വൈകിപ്പിക്കും. ദരിദ്ര രാഷ്ട്രങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളും കൊറോണക്കെതിരായ യുദ്ധം കൂടുതല്‍ സങ്കീര്‍ണമാക്കും.

ടൂറിസം വരുമാനം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന തായ്‌ലന്‍ഡ് കഴിഞ്ഞ ദിവസമാണ് എല്ലാ സന്ദര്‍ശകര്‍ക്കും രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പ്രഖ്യാപിച്ചത്. ടൂറിസം രംഗത്തെ തകര്‍ച്ച മൂലം ഈ വര്‍ഷം ടൂറിസം വരുമാനത്തില്‍ 170 ബില്യണ്‍ ബാത് ഇടിവാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെ പൊതജനാരോഗ്യ സംവിധാനം നേരിടുന്ന സമ്മര്‍ദ്ദം കണക്കിലെടുത്ത് ഫീല്‍ഡ് ആശുപത്രികള്‍ പണിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവിടെ 98 ശതമാനം കേസുകളിലും കൂടുതല്‍ മാരകമായ യുകെ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

 

റെഡ് സോണ്‍

കമ്പോഡിയയില്‍ നിലവിലെ തരംഗം ആരംഭിച്ചതിന് ശേഷം ഇരുപതോളം പ്രവിശ്യകളിലായി 10,000ത്തിലേറെ പ്രാദേശികമായ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കമ്പോഡിയന്‍ തലസ്ഥാനമായ നോംപെന്‍ ഇന്ന് മേഖലയിലെ റെഡ് സോണ്‍ അഥവാ രോഗബാധ ഏറ്റവും കൂടിയ സ്ഥലമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ശ്രീലങ്കയില്‍ പല മേഖലകളും ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവിടെ വിവാഹങ്ങള്‍ക്കും യോഗങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുകയും സിനിമ ശാലകളും പബ്ബുകളും അടച്ചിടുകയും ചെയ്തു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കരീബിയന്‍ മേഖലയിലെ ത്രിനിനാദ് ടൊബാഗോയില്‍ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും റെസ്റ്റോറന്റുകളും മാളുകളും പബ്ബുകളും മേയ് അവസാനം വരെ അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവിടെ മുന്‍മാസത്തേക്കാള്‍ 700 ശമാനം കേസുകളാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്. തെക്കേ അമേരിക്കയുടെ വടക്ക്കിഴക്കന്‍ തീരത്തുള്ള സുരിനെയിമിലും പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമാണ്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍  പുതിയ കേസുകളില്‍ 600 ശതമാനം വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളിലൂടെ തുടക്കത്തില്‍ കോവിഡില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെട്ട ചില പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ആദ്യ തരംഗത്തിന്റെ പിടിയിലാണ്. സൈന്യത്തില്‍ നിന്നും ജനങ്ങളിലേക്ക് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ഫിജിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കൊണ്ട് മാത്രമായില്ല ഈ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് പസഫിക് മേഖലയുടെ അവസ്ഥ വെളിവാക്കുന്നതെന്ന് സിഡ്‌നി ആസ്ഥാനമായ ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ മേധാവിയായ ജൊനാഥന്‍ പ്രിക് പറയുന്നു. എത്ര പെട്ടന്ന് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നതിന് ഏറ്റവും വലിയ തെളിവാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്വം

ഫലപ്രദമായ വാക്‌സിനേഷനിലൂടെ പകര്‍ച്ചവ്യാധിയില്‍ നിന്നും മുക്തരായിക്കൊണ്ടിരിക്കുന്ന വികസിത രാജ്യങ്ങള്‍ക്ക് ലോകമെമ്പാടും വാക്‌സിനുകളുടെയും പരിശോധന സംവിധാനങ്ങളുടെയും ഓക്‌സിജന്‍ അടക്കമുള്ള അടിയന്തര വൈദ്യോപകരണങ്ങളുടെയും തുല്യമായ വിതരണം ഉറപ്പാക്കാനുള്ള ചുമതലയുണ്ടെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിലെ ഹേമാന്‍ പറയുന്നു. പകര്‍ച്ചവ്യാധിക്കെതിരെ ആഗോളതലത്തില്‍ ഒറ്റക്കെട്ടായ ശ്രമം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അത് ആശങ്കാജനകമാണെന്നും ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ആരോഗ്യ സുരക്ഷ കേന്ദ്രത്തിലെ ജെനിഫര്‍ നുസ്സോയും അഭിപ്രായപ്പെട്ടു. 2020ന് മുമ്പുള്ള സാധാരണ അവസ്ഥയിലേക്ക് മടങ്ങുന്നതിന് വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യങ്ങള്‍ അന്യോന്യം സഹായിക്കേണ്ടക് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

Maintained By : Studio3