തെയ്വാന്‍-ടോക്കിയോ സുരക്ഷാ ബന്ധം പുതിയ തലത്തിലേക്ക്
1 min readന്യൂഡെല്‍ഹി: ജപ്പാനും തെയ്വാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പരമ്പരാഗതമായി എല്ലാ മേഖലകളിലും സൗഹാര്‍ദ്ദപരമാണ്. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മില്‍ അടുത്തിടെ നടന്ന ഉച്ചകോടിയില്‍ തെയ്വാനിലെ പ്രതിരോധവും സുരക്ഷയും ചര്‍ച്ചയായിരുന്നു. ജപ്പാന്‍ അവരുടെ ഏറ്റവും മികച്ച വിദേശനയ മുന്‍ഗണനകളിലൊന്നായാണ് ഈ വിഷയത്തെ ഉച്ചകോടിയില്‍ അവതരിപ്പിച്ചത്. തെയ്വാനെതിരായ ചൈനീസ് ആക്രമണത്തെ നേരിടാന്‍ ടോക്കിയോ വാഷിംഗ്ടണിനൊപ്പം പ്രവര്‍ത്തിക്കാന്‍ ദൃഢനിശ്ചത്തിലാണെന്നും ഇത് സൂചിപ്പിക്കുന്നു.സംയുക്ത നേതാക്കളുടെ പ്രസ്താവനയില്‍, തെയ്വാനെക്കുറിച്ചുള്ള ഒരു പരാമര്‍ശം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ടോക്കിയോ ബെയ്ജിംഗുമായുള്ള ബന്ധം സാധാരണനിലയിലാക്കിയ 1969നു ശേഷം ഇത്തരത്തിലുള്ള ആദ്യ നടപടിയാണിത്.
“സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന്‍റെ ഭാവി ഉറപ്പാക്കുന്നതിന് അമേരിക്കയും ജപ്പാനും ചൈനയില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന്” യോഗത്തില്‍ പ്രസിഡന്‍റ് ബെഡന്‍ പ്രസ്താവിച്ചു. തെയ്വാന്‍ കടലിടുക്കിലെ സമാധാനത്തിന്‍റെയും സ്ഥിരതയുടെയും പ്രാധാന്യത്തെക്കുറിച്ച് സുഗയും വ്യക്തമാക്കി. സമീപകാലത്ത്, ടോക്കിയോ മറ്റ് വേദികളിലും തെയ്വാന്‍ വിഷയം ഉന്നയിച്ചിട്ടുണ്ട്. ജപ്പാന്‍ പ്രതിരോധ മന്ത്രി കിഷി നോബുവോയും യുഎസ് പ്രതിരോധ സെക്രട്ടറി കൗണ്ടര്‍ ലോയ്ഡ് ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ചയില്‍ ചൈനീസ് ആക്രമണം ഉണ്ടായാല്‍ തെയ്വാനെ പ്രതിരോധിക്കുന്നതിനുള്ള യുഎസ് നടപടിയുമായി ടോക്കിയോ സഹകരിക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു.ശക്തമായ ഒരു ജപ്പാന്‍-തെയ്വാന്‍-യുഎസ് ബന്ധത്തിന് 2016 ല്‍തന്നെ കിഷി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, മേഖലയില്‍ തായ്പേയ്ക്കെതിരെ ഒരു ചൈനീസ് സംഘര്‍ഷം ഉണ്ടായാല്‍ വേണ്ട സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് ടോക്കിയോ അടുത്തിടെ പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. യുഎസ് സൈനികര്‍ക്കും പങ്കാളികള്‍ക്കും ലോജിസ്റ്റിക് പിന്തുണ നല്‍കാന്‍ ജപ്പാനിലെ സുരക്ഷാ നിയമങ്ങള്‍ എസ്ഡിഎഫിനെ അനുവദിക്കുന്നുമുണ്ട്. “ജപ്പാന്‍റെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സമൂഹത്തിന്‍റെ സ്ഥിരതയ്ക്കും തെയ്വാന്‍റെ ചുറ്റുമുള്ള സാഹചര്യത്തിന്‍റെ സ്ഥിരത പ്രധാനമാണ്”എന്ന് ജപ്പാനിലെ ധവളപത്രത്തിന്‍റെ പുതിയ കരട് പറയുന്നു.
പ്രതിരോധവും സുരക്ഷയും സംബന്ധിച്ച് ജപ്പാനും തെയ്വാനും തമ്മില്‍ അടുത്ത ബന്ധം എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 1969 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സനുമായി വാഷിംഗ്ടണില്‍ നടത്തിയ ഉച്ചകോടിയില്‍ ജാപ്പനീസ് പ്രധാനമന്ത്രി സാറ്റോ ഐസാകു ഈ മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നത് ജപ്പാന്‍റെ സുരക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ട ഘടകമാണെന്ന് പറഞ്ഞിരുന്നു. 1972-ല്‍ ചൈന-യുഎസ് ചര്‍ച്ചകളെത്തുടര്‍ന്ന് ജപ്പാന്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ (പിആര്‍സി) ഏക പ്രതിനിധിയായി അംഗീകരിച്ചു. തുടര്‍ന്ന് ജപ്പാന് തെയ്വാനുമായുള്ള നയതന്ത്ര ബന്ധം ടോക്കിയോയ്ക്ക് വിച്ഛേദിക്കേണ്ടി വന്നു. എന്നിരുന്നാലും, ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ അവരുമായി ടോക്കിയോ സംവേദനക്ഷമത പുലര്‍ത്തി. ജപ്പാന്‍ നയതന്ത്രം നീക്കം നടത്തിയത് തെയ്വാനിലെ “സാധ്യമായ സ്വാതന്ത്ര്യത്തെ” വളര്‍ത്തിയെടുക്കുന്ന തരത്തിലാണ്. ഒപ്പം ചൈനയെ നയതന്ത്രപരമായി അംഗീകരിക്കുകയും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ജപ്പാന്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
പ്രധാനമായും, ജപ്പാന്‍ ഒരു ജനാധിപത്യ രാജ്യമാണ്. തെയ്വാനിന്‍റെ സുരക്ഷയെ അനുകൂലിക്കുന്ന പൊതു മാനസികാവസ്ഥയെ അതിന്‍റെ സര്‍ക്കാര്‍ മാനിക്കണം. അടുത്തിടെ നടന്ന നിക്കി, ടിവി ടോക്കിയോ വോട്ടെടുപ്പ് അനുസരിച്ച്, ജപ്പാനിലെ ബഹുഭൂരിപക്ഷം പൊതുജനങ്ങളും തെയ്വാന്‍ കടലിടുക്കില്‍ സമാധാനവും സുസ്ഥിരതയും തേടി സര്‍ക്കാര്‍ ഇടപെടണമെന്ന് ആഗ്രഹിക്കുന്നു. കടലിടുക്കിലെ സ്ഥിരതക്കായി ടോക്കിയോയുടെ ഇടപെടലിനെ 74 ശതമാനം ജാപ്പനീസ് പിന്തുണയ്ക്കുന്നുവെന്ന് വോട്ടെടുപ്പ് പറയുന്നു.
ഈ സാഹചര്യത്തില്‍ സുഗ-ബൈഡന്‍ ഉച്ചകോടിയിലെ പരാമര്‍ശങ്ങള്‍ അതിപ്രധാനമാണെന്ന് കരുതേണ്ടിയിരിക്കുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍, തെയ്വാനിനടുത്തുള്ള ബെയ്ജിംഗിന്‍റെ സൈനിക പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി, ഈ വര്‍ഷം ജനുവരി 1 നും ഏപ്രില്‍ 16 നും ഇടയില്‍, ചൈന 75 ദിവസങ്ങളില്‍ തെയ്വാനിലെ വ്യോമ പ്രതിരോധ ഐഡന്‍റിഫിക്കേഷന്‍ സോണിലേക്ക് സൈനിക ജെറ്റുകള്‍ അയച്ചിരുന്നു. ഈ നടപടിയില്‍ ആകെ 257 ജെറ്റുകളാണ് മേഖലയിലേക്ക് പറന്നത്.ഏപ്രില്‍ 12 ന് മാത്രം 25 വിമാനങ്ങള്‍ ഈ മേഖലയില്‍ കടന്നുകയറി.
അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, യുദ്ധവിമാനങ്ങളും ആണവ ശേഷിയുള്ള ബോംബറുകളും ഉള്‍പ്പെടെ 28 ചൈനീസ് വ്യോമസേന വിമാനങ്ങള്‍ ജൂണ്‍ 15 ന് ഈ മേഖലയില്‍ പ്രവേശിച്ചിരുന്നു. ഏറ്റവും പുതിയ ചൈനീസ് ദൗത്യത്തില്‍ 14 ജെ -16, ആറ് ജെ -11 യുദ്ധവിമാനങ്ങളും ന്യൂക്ലിയര്‍ ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന നാല് എച്ച് -6 ബോംബറുകളും വിവിധ നിരീക്ഷണ, നേരത്തെയുള്ള മുന്നറിയിപ്പ് വിമാനങ്ങളും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ജി 7 നേതാക്കള്‍ ഗ്രൂപ്പ് ഓഫ് സെവന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവന ഇറക്കി ചൈനയെ വിമര്‍ശിച്ചു. തുടര്‍ന്നാണ് ഈ കടലിടുക്കില്‍ സമാധാനത്തിന്‍റെയും സുസ്ഥിരതയുടെയും പ്രാധാന്യം ഉയര്‍ന്നുവന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ചൈനയുടെ തെയ്വാന്‍ നയത്തെ വിമര്‍ശിക്കുമ്പോഴെല്ലാം സമാനമായ നടപടികളില്‍ ബെയ്ജിംഗ് ഏര്‍പ്പെടാറുണ്ട്. തെയ്വാനിന്‍റെ സുരക്ഷയോടുള്ള പുതിയ ജാപ്പനീസ് പ്രതിബദ്ധതയോടെ, മേഖലയിലെ പ്രതിസന്ധി പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നു. തായ്പേയക്കെതിരായ ചൈനയുടെ ഏതൊരു സൈനിക നീക്കവും എത്തുന്നത് യുഎസ്-ജപ്പാന്‍ സംയുക്ത പ്രതിരോധത്തെ നേരിടേണ്ടിവരുമെന്ന അവസ്ഥയിലേക്കാണ്. ഇക്കാര്യം ബെയ്ജിംഗിന് ബോധ്യവുമുണ്ട്. തെയ്വാന്‍ പിടിച്ചെടുക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികളൊന്നും ചൈന ഇന്ന് നടത്തുന്നില്ല. എന്നാല്‍ അവര്‍ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്ന് പിന്മാറിയിട്ടുമില്ല. എപ്പോള്‍ വേണമെങ്കിലും ബെയ്ജിംഗ് അതിരുകടന്ന നടപടിക്ക് മുതിരാനും സാധ്യതയുണ്ട്.
തെയ്വാനെക്കുറിച്ചുള്ള പുതിയ ജപ്പാന്‍-യുഎസ് ധാരണയോടെ, ടോക്കിയോ-തായ്പേ ബന്ധം സുരക്ഷാ മേഖലയില്‍ പുതിയ ഉയരത്തിലെത്തി. ഇന്ന്, ജപ്പാനും തെയ്വാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവരുടെ പൊതു ആവശ്യത്തെ പൂര്‍ണ്ണമായി വിലമതിക്കുകയും മേഖലയിലെ ചൈനീസ് ആക്രമണത്തെ നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നു. ജപ്പാന്‍ പ്രധാനമന്ത്രി സുഗയും തായ്വാന്‍ പ്രസിഡന്‍റ് സായ് ഇംഗ്-വെനും ചേര്‍ന്ന് സമീപഭാവിയില്‍ അവരുടെ സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു ഫോറം സൃഷ്ടിച്ചാല്‍ അതിശയിക്കേണ്ടതില്ല. “ഏകപക്ഷീയമായ ആക്രമണാത്മക നടപടികളില്‍” നിന്ന് പ്രതിരോധിക്കാന്‍ ജനാധിപത്യ രാജ്യങ്ങളുടെ സഖ്യം കെട്ടിപ്പടുക്കുക എന്നതാണ് തെയ്വാന്‍ പ്രസിഡന്‍റ് സായിയുടെ പ്രഖ്യാപിത ലക്ഷ്യം. 2019 ഫെബ്രുവരി 28 നുതന്നെ സായ് പറഞ്ഞിരുന്നു, “കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ തെയ്വാനും ജപ്പാനും ഒരേ ഭീഷണി നേരിടുന്നു.” ഇരുരാജ്യങ്ങളും തമ്മിലുണ്ടാകേണ്ട സുരക്ഷാ സഹകരണം പ്രസിഡന്‍റ് ഊന്നിപ്പറയുകയും ചെയ്തിരുന്നു. ചര്‍ച്ചകള്‍ സുരക്ഷാ സഹകരണത്തിന്‍റെ തലത്തിലേക്ക് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ് എന്നും സായ് വ്യക്തമാക്കിയിരുന്നു.