ഇ-ഫയലിംഗിനായി ആദായനികുതി വകുപ്പിന്‍റെ പുതിയ പോര്‍ട്ടല്‍
1 min readജൂണ്‍ 10ന് ശേഷം മാത്രമേ ഹിയറിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ പാടുള്ളൂവെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്
ന്യൂഡെല്‍ഹി: രാജ്യത്ത് ആദായ നികുതി വകുപ്പ് ഇ-ഫയലിംഗിനായി സജ്ജമാക്കുന്ന പുതിയ പോര്‍ട്ടല്‍ ജൂണ്‍ 7ന് അവതരിപ്പിക്കും. പുതിയ പോര്‍ട്ടലിലേക്കുള്ള മാറ്റത്തിന്‍റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ ആറുവരെ നിലവിലെ പോര്‍ട്ടലില്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്നും ഇന്‍കം ടാക്സ് ഡയറക്ടറേറ്റ് എല്ലാ ഫീല്‍ഡ് യൂണിറ്റുകള്‍ക്കും നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. നികുതിദായകര്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഈ ദിവസങ്ങളില്‍ പോര്‍ട്ടല്‍ ലഭ്യമാകില്ല.
www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വിലാസത്തില്‍ നിന്നും www.incometaxgov.in എന്ന വിലാസത്തിലേക്കാണ് മാറുന്നത്. ജൂണ്‍ 10ന് ശേഷം മാത്രമേ ഹിയറിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ പാടുള്ളൂവെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതിദായകര്‍ക്ക് പുതിയ പോര്‍ട്ടലുമായി പരിചിതമാകാന്‍ സമയം അനുവദിക്കേണ്ടതുണ്ട് എന്നതിനാലാണിത്.
നികുതിദായകനും വകുപ്പിന്‍റെ മൂല്യനിര്‍ണ്ണയ ഉദ്യോഗസ്ഥനും തമ്മില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഏതെങ്കിലും പ്രവൃത്തികള്‍ ജൂണ്‍ 1നും 10നും ഇടയിലുണ്ടെങ്കില്‍ അത് നേരത്തേയാക്കുകയോ നീട്ടിവെക്കുകയോ ചെയ്യാം.
നികുതിദായകര്‍ അവരുടെ വ്യക്തിഗത അല്ലെങ്കില്‍ ബിസിനസ് വിഭാഗത്തിലെ ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിന് ഇ-ഫയലിംഗ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നു. റീഫണ്ടുകളുമായി ബന്ധപ്പെട്ടോ നികുതി വകുപ്പിന്‍റെ മറ്റു ജോലികളുമായി ബന്ധപ്പെട്ടോ ഉള്ള പരാതികള്‍ ഉന്നയിക്കുന്നതിനും പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താം.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 15 ലക്ഷത്തിലധികം നികുതിദായകര്‍ക്കായി 24,792 കോടി രൂപയുടെ റീഫണ്ടുകള്‍ ആദായ നികുതി വകുപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ 14.98 ലക്ഷത്തിലധികം കേസുകളിലായി 7,458 കോടി രൂപയുടെ വ്യക്തിഗത ആദായനികുതി റീഫണ്ടുകള്‍ നല്‍കിയിട്ടുണ്ട്. 43,661 നികുതിദായകര്‍ക്ക് 17,334 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീഫണ്ട് നല്‍കി. 2021 ഏപ്രില്‍ 1 മുതല്‍ 2021 മെയ് 17 വരെ 15 ലക്ഷത്തിലധികം നികുതിദായകര്‍ക്ക് സിബിഡിടി ഇനത്തില്‍ 24,792 കോടി രൂപയുടെ റീഫണ്ട് നല്‍കിയതായും ആദായനികുതി വകുപ്പിന്‍റെ ട്വീറ്റ് വ്യക്തമാക്കുന്നു.
ഈ റീഫണ്ടുകള്‍ ഏത് സാമ്പത്തിക വര്‍ഷത്തിന്‍റെയാണെന്ന് ഐ-ടി വകുപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച നികുതി റിട്ടേണുകള്‍ക്കാണ് ഈ റീഫണ്ടുകള്‍ നല്‍കിയതെന്നാണ് വിലയിരുത്തല്‍.