ഏപ്രില്‍ റിപ്പോര്‍ട്ട് : മൊത്തവില പണപ്പെരുപ്പം സര്‍വകാല ഉയരത്തില്‍, 10.49%
1 min read2020 ഏപ്രിലില്‍ ഡബ്ലിയുപിഐ ഏകദേശം (-) 1.57 ശതമാനം ആയിരുന്നു
ന്യൂഡല്‍ഹി: മൊത്ത വിലയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 10.49 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 7.39 ശതമാനമായിരുന്നു. ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന മൊത്തവില പണപ്പെരുപ്പ നിരക്കാണ് ഏപ്രിലിലേത്. മൊത്തവില സൂചികയുടെ പ്രതിമാസ ചലനം അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്, മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ 1.86 ശതമാനമായിരുന്നു.
2020 ഏപ്രിലില്‍ ഡബ്ലിയുപിഐ ഏകദേശം (-) 1.57 ശതമാനം ആയിരുന്നു. ക്രൂഡ് പെട്രോളിയം, മിനറല്‍ ഓയിലുകള്‍ എന്നിവയിലൂടെ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളിലും മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങളിലും ഉണ്ടായ വിലക്കയറ്റമാണ് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 2021 ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് വളരേ ഉയര്‍ന്നതാക്കിയത്.
പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ (ധാതുക്കള്‍, ക്രൂഡ് ഓയില്‍, ഗ്യാസ്, ഭക്ഷ്യ ലേഖനങ്ങള്‍, ഭക്ഷ്യേതര ലേഖനങ്ങള്‍) മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ 3.83 ശതമാനം വിലക്കയറ്റം ഉണ്ടായി. ഇന്ധന-വൈദ്യുതി വിഭാഗത്തിലെ ഏപ്രിലില്‍ മാര്‍ച്ചിനെ അപേക്ഷിച്ച് ഒരു ശതമാനം കുറഞ്ഞു. മാര്‍ച്ചിനെ അപേക്ഷിച്ച് കല്‍ക്കരി വില ഏപ്രിലില്‍ 0.32 ശതമാനവും ധാതുക്കളുടെ വില 0.29 ശതമാനവും വര്‍ധിച്ചു.
മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പ സൂചിക മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ 1.65 ശതമാനം ഉയര്‍ന്നു. ഈ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങളില്‍ 90 ശതമാനത്തിന്‍റെയും വില വര്‍ധിച്ചു. ഡബ്ലിയുപിഐ ഭക്ഷ്യ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മാര്‍ച്ചിലെ 5.28 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 7.58 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം ഏപ്രിലില്‍ 4.29 ശതമാനമായി കുറഞ്ഞുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. പ്രാഥമികമായി ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇതിന് കാരണമെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയം മേയ് 12 ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ 5.52 ശതമാനമായിരുന്നു സിപിഐ പണപ്പെരുപ്പം രേഖപ്പെടുത്തിയിരുന്നത്.