November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരു നേതാവ് നടന്നുവന്ന വഴികള്‍ : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള നേതാവ്

1 min read

ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ അടുത്തറിയുമ്പോള്‍ പ്രതീക്ഷയോടെ പ്രവര്‍ത്തിച്ചുവന്ന വര്‍ഷങ്ങളുടെ മികവ് മനസിലാകും. ദൃഢനിശ്ചയം, കഠിനാധ്വാനം, മികച്ച തന്ത്രങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റെ പ്രത്യേകതകളായിരുന്നു.

ഗുവഹത്തി: വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനായി കണക്കാക്കപ്പെടുന്ന 52 കാരനായ ഹിമന്ത ബിശ്വ ശര്‍മ്മ ആസാമിലെ ഉന്നത എക്സിക്യൂട്ടീവ് തസ്തികയില്‍ എല്ലായ്പ്പോഴും ലക്ഷ്യം വച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.കോണ്‍ഗ്രസ് നേതാവായിരുന്ന ശര്‍മ്മ 2015ലാണ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. അന്നുമുതല്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് ഏറ്റവും സ്വീകാര്യമായ സംഘാടകനായിരുന്നു അദ്ദേഹം. ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ശര്‍മ്മയാണ്. തുടര്‍ന്ന് ക്രമേണ ശര്‍മ്മ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത നേതാവായി. ദൃഢനിശ്ചയം, കഠിനാധ്വാനം, മികച്ച തന്ത്രങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റെ പ്രത്യേകതകളായിരുന്നു.കോവിഡ് സാഹചര്യങ്ങളും കനത്ത സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത്, കടുത്ത വെല്ലുവിളിയെ നേരിടാന്‍ ശര്‍മ്മയ്ക്ക് ഒരിക്കല്‍ കൂടി സ്വന്തം മികവ് തെളിയിക്കേണ്ടതായിട്ടുണ്ട്. അത് സാധ്യമാകുമെന്നാണ് ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതീക്ഷ.

ഒരുദിവസം ഉയര്‍ന്നുവന്ന നേതാവായിരുന്നില്ല ഹിമന്ത. 1996ല്‍ ആസാം സ്റ്റുഡന്‍റ്സ് യൂണിയനിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 2001ല്‍ സംസ്ഥാന മന്ത്രിയായി. ശര്‍മ്മയുടെ രാഷ്ട്രീയ വിവേകവും എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനുള്ള കഴിവ്,എന്നിവ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ഹിതേശ്വര്‍ സൈകിയ, തരുണ്‍ ഗോഗോയ് എന്നിവര്‍ക്ക് കുറച്ചൊന്നുമല്ല ഉപകാരപ്പെട്ടത്. അദ്ദേഹത്തിന് ഉയരാന്‍ ധാരാളം അവസരങ്ങള്‍ അവര്‍ നല്‍കിയിരുന്നു. ശര്‍മ്മ തന്‍റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചുപോന്നു. എന്നാല്‍ തരുണ്‍ ഗോഗോയ് തന്‍റെ മകനെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചതോടെ കോണ്‍ഗ്രില്‍ തന്‍റെ വഴി അടയുമെന്ന് ശര്‍മ്മ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയിലേക്ക് ചേര്‍ന്നത്. ശര്‍മ്മയെ ഒപ്പം എത്തിക്കുന്നതില്‍ അമിത്ഷായും ഏറെ താല്‍പ്പര്യമെടുത്തു. കാരണം അദ്ദേഹത്തിന്‍റെ കഴിവുകള്‍ ഷാ തിരിച്ചറിഞ്ഞിരുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ശര്‍മ്മ കോണ്‍ഗ്രസ് ഒഴിഞ്ഞതോടെ പാര്‍ട്ടി ആസാമില്‍ അധികാരത്തില്‍നിന്നും പുറത്തായി. ഇക്കുറിയും അവര്‍ക്ക് മികച്ച പ്രകടനം നടത്താനായില്ല. കാരണം ശര്‍മ്മയ്ക്കു പകരം നില്‍ക്കാന്‍ കോണ്‍ഗ്രസില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

2016 ല്‍ ആസാമില്‍ ആദ്യമായി ബിജെപി അധികാരത്തില്‍ വന്നതിനുശേഷം, മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ ധനകാര്യം, പിഡബ്ല്യുഡി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള എല്ലാ സുപ്രധാന വകുപ്പുകളും ശര്‍മ്മയ്ക്ക് നല്‍കി. മാത്രമല്ല കോണ്‍ഗ്രസ് വിരുദ്ധ പ്ലാറ്റ്ഫോമായ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്‍റെ കണ്‍വീനറുമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളെ അതിന്‍റെ പരിധിയില്‍ ശര്‍മ്മ കൊണ്ടുവന്നു. ശര്‍മ്മയുടെ വിജയകരമായ തന്ത്രങ്ങള്‍ കാരണം ബിജെപി ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചു എന്ന് മാത്രമല്ല, എന്‍ഡിഎ സഖ്യകക്ഷികള്‍ ഇപ്പോള്‍ മറ്റ് നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, മിസോറം, സിക്കിം എന്നിവിടങ്ങളില്‍ സര്‍ക്കാരുകളെ നയിക്കുന്നു.

1969 ഫെബ്രുവരി ഒന്നിന് കൈലാഷ് നാഥ് ശര്‍മ്മ, മൃണാളിനി ദേവി എന്നിവരുടെ മകനായി ജനിച്ച ശര്‍മ്മ 2001 ല്‍ ജലക്ബരി സീറ്റില്‍ നിന്നാണ് ആദ്യമായി ആസാം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാംതവണയും ഈ സീറ്റില്‍നിന്ന് അദ്ദേഹം വിജയം നേടി. 2016 ല്‍ 85,935 വോട്ടുകള്‍ക്കാണ് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. ഇക്കുറി അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം ഉയര്‍ന്നു.1,01,911 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് എതിരാളി റോമന്‍ ചന്ദ്ര ബോര്‍ത്താകൂറിനെ ശര്‍മ്മ പരാജയപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്‍റെ ജനപ്രീതിയെയാണ് കാണിക്കുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ആസാമിലെ ഏറ്റവും വ്യക്തിപ്രഭാവവമുള്ള നേതാവ് ശര്‍മ്മതന്നെയാണ് എന്ന് നിരീക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹം ഒരു മികച്ച ദാര്‍ശനികനാണ്. ആസാമിലെയും വടക്കുകിഴക്കന്‍ മേഖലയിലെ രാഷ്ട്രീയത്തിലെയും ചാണക്യനായി കരുതപ്പെടുന്നതും ശര്‍മ്മയെ മാത്രമാണ്. ആസാമില്‍ ബിജെപിയുടെ താരമായാണ് ഹിമന്ത വിലയിരുത്തപ്പെടുന്നത്. ആദ്യം 2016 അസംബ്ലി നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അനൂകൂല തരംഗം സൃഷ്ടിക്കാന്‍ ശര്‍മ്മയ്ക്ക് സാധിച്ചു. 200 ലധികം റാലികളിലും മറ്റ് മീറ്റിംഗുകളിലും പ്രചാരണ വേളയില്‍ അദ്ദേഹം പങ്കെടുത്തതായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നയിക്കുന്ന പൊതുയോഗങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് ഉണ്ടാകുക. പൊതുജനത്തിനെ ആകര്‍ഷിക്കാന്‍ മാസ്മരിക കഴിവുതന്നെ ശര്‍മ്മയ്ക്കുണ്ടായിരുന്നു.തന്‍റെ പ്രസംഗം മാത്രമല്ല, അസമിലെ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടും അദ്ദേഹം ജനങ്ങളെ ആകര്‍ഷിക്കുന്നു. കൂടാതെ സംഭവങ്ങളും വസ്തുതകളും പരാമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കുന്നു.

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതോടെ ആരോഗ്യമന്ത്രിയായ ശര്‍മ്മ വിവിധ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, നേതാക്കള്‍ എന്നിവരില്‍ നിന്ന് വന്‍ അഭിനന്ദനങ്ങള്‍ നേടുകയും ചെയ്തിരുന്നു. ആദ്യ തരംഗത്തില്‍ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

ഒരു വശത്ത്, അസമിലെ കോവിഡ് -19 സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്തതിന് ശര്‍മ്മയ്ക്ക് ആളുകളുടെ സ്നേഹവും പിന്തുണയും പ്രശംസയും ലഭിക്കുന്നു, ധനമന്ത്രിയെന്ന നിലയില്‍ ആസാമിലെ സമ്പദ്വ്യവസ്ഥയെ നേരിടാന്‍ ധീരമായ നിരവധി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

1985 ല്‍ ഗുവഹത്തിയിലെ കമ്രൂപ് അക്കാദമി സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം നടത്തി. അതിനുശേഷം പ്രശസ്തമായ കോട്ടണ്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ചു.ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് ബിരുദം (ബിരുദ നിയമ ബിരുദം) കരസ്ഥമാക്കിയ അദ്ദേഹം ഗുവഹത്തി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി ബിരുദവും നേടി.ഒരു അഭിഭാഷകനെന്ന നിലയില്‍ 1996 മുതല്‍ അഞ്ച് വര്‍ഷത്തിലേറെയായി ശര്‍മ്മ ഗുവഹത്തി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഒരു സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ ശര്‍മ്മ ഇതുവരെ നിരവധി സ്പോര്‍ട്സ് അസോസിയേഷനുകളുമായി ബന്ധപ്പെടുന്ന വ്യക്തിയുമാണ്. എല്ലാ ഇനങ്ങളിലെയും കായികതാരങ്ങളെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അതേസമയം മുന്‍പ് ശര്‍മ്മക്കെതിരെ ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. ലൂയി ബെര്‍ഗര്‍ അഴിമതിയിലും ശാരദ ഗ്രൂപ്പ് തട്ടിപ്പ് കേസിലും അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് വിമര്‍ശനമുണ്ടായത്. ഈ ആരോപണങ്ങളില്‍ ബിജെപിതന്നെ അദ്ദേഹത്തെ മുള്‍മുനയില്‍നിര്‍ത്തിയിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം മറികടന്നാണ് ആസാമിലെ ജനപ്രീതിയുള്ള മുഖമായി ഹിമന്ത മാറിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ശര്‍മ്മ ഈ പ്രദേശത്തിനപ്പുറത്ത് ഒരു വ്യക്തിമുദ്ര പതിപ്പിക്കുകയും രാജ്യത്തുടനീളം അറിയപ്പെടുന്ന ഒരു മുഖമായി മാറുകയും ചെയ്തു.

രാഷ്ട്രീയത്തിനും ഭരണത്തിനും പുറമേ, കായികരംഗത്ത് താല്‍പ്പര്യമുള്ള എഴുത്തുകാരനുമാണ് ശര്‍മ്മ. ഇതുവരെ നാല് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ഏറ്റവും അവസാനത്തേത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നു. ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യുടെ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. നിരവധി ടിവി ചാനലുകള്‍, ഒരു ദിനപത്രം, ഒരു മാസിക എന്നിവയുടെ ഉടമസ്ഥതയിലുള്ള പ്രൈഡ് ഈസ്റ്റ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമാണ് ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്.

Maintained By : Studio3