പരാജയത്തിനുശേഷം കോണ്‍ഗ്രസിനുള്ളില്‍ കടുത്ത വിമര്‍ശനമുയരുന്നു
1 min readതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തിനുശേഷം കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ക്ക് തുടക്കമായി. 2016ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് 47 സീറ്റുകളാണ് ലഭിച്ചത് അത് ഇക്കുറി 41 ആയി കുറയുകയാണ് ചെയ്തത്. ഇതില്‍ കോണ്‍ഗ്രസ് മാത്രം നേടിയത് 21 സീറ്റുകളാണ് . 2016 നേടിയതിനേക്കാള്‍ ഒരു സീറ്റ് കുറവ്. ഇതോടെ മികച്ച ഒരു ന്യായീകരണത്തിനുപോലും പാര്‍ട്ടിക്ക് അവസരമില്ലാതായി എന്നുവേണം പറയാന്‍. മുമ്പൊരിക്കലും ഒരു സിറ്റിംഗ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയിട്ടില്ലെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഏറ്റവും വേദനിപ്പിച്ചത്. അതിനാല്‍ ഒരു മടങ്ങിവരവ് സ്വാഭാവികമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതി.പക്ഷേ അത് സംഭവിച്ചില്ല.
രണ്ടു ദിവസത്തെ നിശബ്ദതയ്ക്കുശേഷം, വിവിധ നേതാക്കളും പോഷക സംഘടനകളും പാര്‍ട്ടിയില്‍ തലമുറമാറ്റത്തിന്‍റെ ആവശ്യകത ഉന്നയിച്ചുകഴിഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പടിയിറക്കമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിനായി പ്രസ്താവനകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളും തുടരുകയാണ്. പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ചൊഴിയുമെന്ന് പലരും കരുതി. എന്നാല്‍ അദ്ദേഹം തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടുകൊടുക്കുകയായിരുന്നു. ആസാമിലും മറ്റും പാര്‍ട്ടി അധ്യക്ഷന്‍ ഉത്തരവാദിത്തമേറ്റെടുത്ത് കളമൊഴിഞ്ഞിരുന്നു. എന്നാല്‍ മുല്ലപ്പള്ളി താന്‍ സ്വയം ഒഴിയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് എറണാകുളത്തെ യുവ കോണ്‍ഗ്രസ് എംപിയായ ഹൈബി ഈഡനാണ്. ഞങ്ങള്‍ക്ക് ഇപ്പോഴും ഉറങ്ങുന്ന പ്രസിഡന്‍റിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ ജോസഫ് വാഴക്കന്‍ പറയുന്നത് ഈ സമയത്ത് പാര്‍ട്ടിക്കാവശ്യം ശക്തമായ നേതൃത്വമാണ് എന്നാണ്. പാര്‍ട്ടിക്ക് ഒരു കേഡര്‍ ഘടന ഉണ്ടായിരിക്കണം. തിരിഞ്ഞുനോക്കിയാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വളരെ സജീവമായിരുന്നു. ധാരാളം പ്രശ്നങ്ങള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്പ്പോഴും പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. അതിനെ കെ കരുണാകരനും എകെ ആന്‍റണിയുമാണ് നയിച്ചിരുന്നത്. 2000 ന് ശേഷം കരുണാകരന്‍ വിഭാഗത്തെ ചെന്നിത്തലയും ആന്‍റണി വിഭാഗത്തെ ഉമ്മന്‍ചാണ്ടിയും നയിക്കുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കെസിവേണുഗോപാല്‍ പുതിയ അധികാര കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപിയായ വേണുഗോപാലിന് രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. വേണുഗോപാലിന്‍റെ പേര് പരാമര്‍ശിക്കാതെ കോണ്‍ഗ്രസുകാര്‍ എല്ലാറ്റിനും ഡെല്‍ഹിയിലേക്ക് ഓടുന്ന രീതി അവസാനിപ്പിക്കണമെന്ന് വാഴക്കന്‍ പറയുന്നു.
പാര്‍ട്ടി മത്സരിച്ച 91 സീറ്റുകളില്‍ പകുതിയിലധികം സ്ഥലങ്ങളില്‍ പുതിയ മുഖങ്ങള്‍ കണ്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും അതില്‍ സാധ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ജനങ്ങള്‍ക്ക് അനുകൂലമല്ലായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. അല്ലെങ്കില്‍ അതിനേക്കാള്‍ മികവ് ഇടതുപക്ഷം പുലര്‍ത്തി എന്നതുകൊണ്ടുമാകാം. തിരുത്താന്‍ അനവധി അവസരങ്ങളും മാര്‍ഗങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ലഭിക്കാന്‍ പോകുന്ന അധികാരക്കസേര സ്വപ്നം കണ്ടുനടന്നവര്‍ സ്വയം കുഴിയില്‍ പതിക്കുകയായിരുന്നു. പഴയ തന്ത്രങ്ങള്‍ ഇനി ഒരു പാര്‍ട്ടിയെയും രക്ഷിക്കില്ല. പഴയ പാര്‍ട്ടി മുത്തശിയായി ഇരുന്നാല്‍പ്പോര, കാലാനുസൃതമായി അത് മാറ്റപ്പെടണം. പാര്‍ട്ടിയുടെ തസ്തികകളിലേക്ക് നോമിനേഷന്‍ ബിസിനസ്സ് പാര്‍ട്ടി അവസാനിപ്പിക്കണം. എല്ലാ തലങ്ങളിലുമുള്ള എല്ലാ തസ്തികകളിലേക്കും അവര്‍ അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കണം, എത്രയും വേഗം നടന്നാല്‍ അത് നന്നായിരിക്കും. ഇല്ലെങ്കില്‍ ഈ പാര്‍ട്ടി അപ്രത്യക്ഷമാകുമെന്ന് ഒരു രാഷ്ട്രീയ വിമര്‍ശകന്‍ പറയുന്നു.
അതേസമയം കണ്ണൂര്‍ ലോക്സഭാ അംഗം കെ സുധാകരനെ പുതിയ പ്രസിഡന്‍റായി നിയമിക്കുന്നതിന് യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു വിഭാഗം നീക്കമാരംഭിച്ചു.’തങ്ങള്‍ക്ക് ഒരു പ്രസിഡന്‍റിനെ ആവശ്യമുണ്ട്, അത് അലങ്കാരപ്പണിക്കായി ചുമതല വഹിക്കുന്ന ഒരാളല്ല. സുധാകരനാണ് പ്രസിഡന്‍റാകേണ്ടത്. പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ ജംബോ കമ്മിറ്റികളെ നിയമിക്കുന്ന രീതിയും അവസാനിപ്പിക്കണം-യൂത്ത് കോണ്ഡഗ്രസിലെ ഒരു വിഭാഗം പറയുന്നു.