2020-21ല്‍ പരോക്ഷ നികുതി സമാഹരണത്തില്‍ 12% ഇടിവ്
1 min readജിഎസ്ടി വരുമാനത്തില്‍ എട്ട് ശതമാനം ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്
ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരോക്ഷ നികുതി സമാഹരണത്തില്‍ രേഖപ്പെടുത്തിയത് 12 ശതമാനം വര്‍ധന. 2019-20ലെ 9.54 ലക്ഷം കോടി രൂപയില്‍ നിന്ന് 2020-21ല്‍ 10.71 ലക്ഷം കോടി രൂപയായാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പരോക്ഷ നികുതി ശേഖരണം വളര്‍ന്നതെന്ന് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ എം അജിത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കസ്റ്റംസ് നികുതിയും രാജ്യവ്യാപക ചരക്കുസേവന നികുതിയുമാണ് (ജിഎസ്ടി) പ്രധാനമായും പരോക്ഷ നികുതി സമാഹരണത്തില്‍ ഉള്‍ക്കൊള്ളുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തില്‍ എട്ട് ശതമാനം ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ 5.99 ലക്ഷം കോടി രൂപയില്‍ നിന്ന് 5.48 ലക്ഷം കോടിയാണ് ചരക്കുസേവന നികുതിയിലെ വരുമാനം കുറഞ്ഞത്. ലോക്ക്ഡൗണുകളെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ബിസിനസ് പ്രവര്‍ത്തനങ്ങളിലും ഉണ്ടായ തടസമാണ് ജിഎസ്ടി സമാഹരണത്തെ ബാധിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായ മാസങ്ങളില്‍ 1 ലക്ഷം കോടി രൂപയ്ക്കു മുകളില്‍ സമാഹരണം രേഖപ്പെടുത്തിക്കൊണ്ട് ജിഎസ്ടി സ്ഥിരത പ്രകടമാക്കുന്നുണ്ട്.
ഇറക്കുമതി തീരുവയില്‍ 21 ശതമാനം വര്‍ധനയാണ് 2020-21ല്‍ ഉണ്ടായത്. മുന്‍വര്‍ഷത്തെ 1.09 ലക്ഷം കോടിയില്‍ നിന്ന് 1.32 ലക്ഷം കോടിയിലേക്കാണ് ഈയിനത്തിലെ വരുമാനം വര്‍ധിച്ചത്. എക്സൈസ് തീരുവ, സേവന നികുതി എന്നിവയില്‍ നിന്ന് കുടിശിക ഉള്‍പ്പടെ ലഭിച്ച വരുമാനം 2019-20ലെ 2.45 ലക്ഷം കോടി രൂപയില്‍ നിന്ന് 3.91 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 59 ശതമാനത്തിലേറെയാണ് വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്ധന നികുതിയില്‍ വരുത്തിയ വര്‍ധനയും സമാഹരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.
കോവിഡ് 19 കേസുകള്‍ ഇപ്പോള്‍ വര്‍ധിക്കുകയാണെങ്കിലും ഇന്ത്യയുടെ നികുതി സമാഹരണം തുടര്‍ന്നും വളര്‍ച്ച പ്രകടമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നെന്ന് അജിത് കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് നികുതി സമാഹരണവും വ്യക്തിഗത നികുതി സമാഹരണവും വര്‍ധിച്ചിട്ടുണ്ട്. ഒട്ടുമിക്ക സാമ്പത്തിക മേഖലകളിലും വീണ്ടെടുപ്പ് പ്രകടമാണ്. ലോഹങ്ങള്‍, വൈറ്റ് ഗുഡ്സ്, ഓട്ടൊമൊബൈല്‍, സിമന്‍റ്, കെമിക്കല്‍സ്, ഇലക്ട്രോണിക്സ് എന്നിവയെല്ലാം വളര്‍ച്ച പ്രകടമാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.