ഇന്ത്യയില്‍ ഷോറൂമുകള്‍ക്കായി ടെസ്‌ല സ്ഥലം തെരയുന്നു
ഇന്ത്യന്‍ വിപണിയിലേക്കുള്ള ടെസ്‌ലയുടെ പ്രവേശന പ്രക്രിയ കൈകാര്യം ചെയ്യുന്നതിന് മനൂജ് ഖുറാനയെ നിയമിച്ചു
ഇന്ത്യയിലെ മൂന്ന് നഗരങ്ങളില്‍ ഷോറൂം ആരംഭിക്കുന്നതിന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല സ്ഥലം അന്വേഷിക്കുന്നു. ഈയാവശ്യത്തിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിനുമായി ടെസ്‌ല ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നീക്കങ്ങളെന്ന് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇന്ത്യന്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ജനുവരിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം മധ്യത്തോടെ ടെസ്‌ല മോഡല്‍ 3 സെഡാന്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന ആരംഭിക്കും. വിപണി മൂലധനം അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളാണ് ടെസ്‌ല.
ദേശീയ തലസ്ഥാനമായ ന്യൂഡെല്‍ഹി, പടിഞ്ഞാറേ ഇന്ത്യയില്‍ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ദക്ഷിണേന്ത്യയില്‍ ടെക് നഗരമായ ബെംഗളൂരു എന്നീ നഗരങ്ങളിലാണ് ഷോറൂം, സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നത്. 20,000 മുതല്‍ 30,000 വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രോപ്പര്‍ട്ടികളാണ് തെരയുന്നത്. ആഗോളതലത്തില്‍ ടെസ്‌ലയുടെ ഷോറൂമുകള്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പോലെയാണ്. എന്നാല്‍ ഇന്ത്യയില്‍ ചില പരിഷ്‌കാരങ്ങളോടെ ഷോറൂം സജ്ജീകരിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സുമായി പങ്കുവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപ പ്രോല്‍സാഹന വിഭാഗമായ ‘ഇന്‍വെസ്റ്റ് ഇന്ത്യ’യുടെ മുന്‍ ഉദ്യോഗസ്ഥന്‍ മനൂജ് ഖുറാനയെ ആണ് ടെസ്‌ല നിയമിച്ചത്. ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി നിയമിക്കപ്പെടുന്ന ആദ്യ പ്രധാന ഉദ്യോഗസ്ഥനാണ് മനൂജ് ഖുറാന. ഭാവി ഗതാഗതം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ സമിതിയിലെ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിപണിയിലേക്കുള്ള ടെസ്‌ലയുടെ പ്രവേശന പ്രക്രിയ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്ന ചുമതല.
2021 ല്‍ തീര്‍ച്ചയായും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് 2020 ഒക്‌റ്റോബറില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. സമാന ട്വീറ്റുകള്‍ ഇതിനുമുമ്പും മസ്‌കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാല്‍ ഷോറൂമുകള്‍ക്ക് സ്ഥലം അന്വേഷിക്കുന്നതും ഖുറാനയുടെ നിയമനവും കാര്യങ്ങള്‍ വേഗത്തിലാകുന്നതിന്റെ സൂചനകളാണ്.
ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ സിബിആര്‍ഇ ഗ്രൂപ്പിനെയാണ് ഇന്ത്യയില്‍ ഷോറൂമുകള്‍ക്കായി സ്ഥലം അന്വേഷിക്കുന്നതിന് ടെസ്‌ല നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി അനുയോജ്യമായ സ്ഥലങ്ങള്‍ തെരയുകയാണ് സിബിആര്‍ഇ ഗ്രൂപ്പ്. ധനികരായ ഉപയോക്താക്കളെ എളുപ്പം പിടികൂടാന്‍ കഴിയുന്ന ലൊക്കേഷനുകള്‍ക്കാണ് മുന്‍ഗണന. മെട്രോ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളില്‍ ചില ആഡംബര കാര്‍ ഷോറൂമുകള്‍ക്ക് 8,000 മുതല്‍ 10,000 വരെ ചതുരശ്ര അടി മാത്രമാണ് വിസ്തൃതി. ഇന്ത്യയിലെ മിക്ക ഷോറൂമുകളും വളരെ ചെറുതാണ്. ഉയര്‍ന്ന നിലവാരമുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടങ്ങള്‍ സാധാരണയായി കുറവാണ്. മാത്രമല്ല, ന്യൂഡെല്‍ഹിയിലെയും മുംബൈയിലെയും പ്രോപ്പര്‍ട്ടി വിലകള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്നതാണ്. ഷോറൂമുകള്‍ക്ക് സ്ഥലം കണ്ടെത്തുന്ന വിഷയത്തില്‍ പ്രതികരിക്കാന്‍ സിബിആര്‍ഇ തയ്യാറായില്ല.
അതേസമയം, അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ചാര്‍ജിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത, ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഉയര്‍ന്ന തീരുവ, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ കുറഞ്ഞ എണ്ണം എന്നീ പ്രതിബന്ധങ്ങള്‍ മറികടക്കേണ്ടിവരും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആകെ 24 ലക്ഷം കാറുകളാണ് വിറ്റത്. ഇതില്‍ 5,000 ഓളം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി). അതേസമയം ചൈനയിലെ ന്യൂ എനര്‍ജി വാഹനങ്ങളുടെ വില്‍പ്പന 12.5 ലക്ഷമാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് അവഗണിക്കാന്‍ കഴിയുന്നതല്ല ഇന്ത്യന്‍ വിപണി. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഹരിത വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു. തുടക്കത്തില്‍ ഇന്ത്യയിലേക്ക് കാറുകള്‍ ഇറക്കുമതി ചെയ്യാനാണ് ടെസ്‌ലയുടെ പദ്ധതി. തദ്ദേശീയമായി നിര്‍മിക്കുമെങ്കില്‍ ചൈനയിലെ ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറവ് വരുന്നവിധം ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.