കാളക്കൂറ്റന്മാര്‍ തിരിച്ചുവരുമോ വിപണിയില്‍
1 min read- കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളില്‍ വിപണിയില്‍ ദൃശ്യമായത് ചാഞ്ചാട്ടം
- ഈ ആഴ്ച്ച നിഫ്റ്റിയില്‍ കുതിപ്പുണ്ടാകുമെന്ന് വിദഗ്ധര്‍ക്ക് പ്രതീക്ഷ
മുംബൈ: കാത്തിരുന്ന ഐപിഒകളില്‍ നിന്ന് വലിയ ഊര്‍ജമൊന്നും ലഭിക്കാതെ വിപണിയില്‍ കരടികള്‍ പിടിമുറുക്കുന്നതാണ് കഴിഞ്ഞയാഴ്ച്ചയിലെ നല്ലൊരു സമയവും കണ്ടത്. അവസാനത്തെ അഞ്ച് വ്യാപാര സെഷനുകളില്‍ സെന്‍സക്സും നിഫ്റ്റിയും ഉയര്‍ന്ന ചാഞ്ചാട്ടം പ്രകടമാക്കി. 1.6 ശതമാനമാണ് രേഖപ്പെടുത്തിയ ഇടിവ്.
സെന്‍സക്സ് 49,008 ലെവലിലും നിഫ്റ്റി50, 14518 ലെവലിലുമാണ് വ്യാപാരം നിര്‍ത്തിയിരിക്കുന്നത്. അതേസമയം അടുത്തയാഴ്ച്ച ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം പ്രകടമാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. ആഗോള വിപണിയിലെ പ്രശ്നങ്ങളും ലോക്ക്ഡൗണ്‍ വീണ്ടും വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടെങ്കിലും വെള്ളിയാഴ്ച്ച വിപണിയില്‍ മുന്നേറ്റം പ്രകടമായത് തിരിച്ചുവരവിന്‍റെ സൂചനയായി കാണാം.
നിഫ്റ്റിക്ക് 14,700 ലെവല്‍ താണ്ടാന്‍ സാധിച്ചാല്‍ പുതിയ സാധ്യതകള്‍ തുറക്കുമെന്നാണ് കരുതപ്പെടുന്നത്. 14750 ലോ 14250ലോ എത്തിയ ശേഷം 14250ലേക്ക് നിഫ്റ്റി താഴുമെന്നാണ് പ്രമുഖ ഓഹരി വിദഗ്ധന്‍ ശ്രീകാന്ത് ചൗഹന്‍ വ്യക്തമാക്കിയത്.
വാക്സിനേഷന്‍ ദൗത്യത്തിന്‍റെ വേഗതയും കമ്പനികളുടെ നാലാം പാദഫലങ്ങളും മെച്ചപ്പെട്ടതാകുമെന്ന പ്രതീക്ഷയിലാണ് വിപണി. അതിനാല്‍ തന്നെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍.
45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ കുത്തിവെപ്പ് നല്‍കുന്ന പ്രക്രിയ ഏപ്രില്‍ ഒന്നിന് തുടങ്ങാനിരിക്കുകയാണ്. ഇതും വിപണിയില്‍ പ്രതിഫലിക്കും.