കഴിഞ്ഞ ദിവസം വന്ന സുപ്രീം കോടതി വിധി ടാറ്റയ്ക്ക് നല്‍കുന്നത് പുതുഊര്‍ജം
1 min read- വമ്പന്‍ പദ്ധതികള്‍ ഉടന്‍ നടപ്പാക്കാന്‍ ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നു
- മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പിലുള്ള ഓഹരി മൂല്യത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ന്നില്ല
മുംബൈ: ഷപൂര്‍ജി പലോഞ്ചി ഗ്രൂപ്പുമായുള്ള പ്രശ്നത്തില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ടാറ്റയ്ക്ക് അനുകൂലമായി വിധി പറഞ്ഞത്. ഇതോടെ ഗ്രൂപ്പിലെ ന്യൂനപക്ഷ ഓഹരി ഉടമകളായ ഷപൂര്‍ജി ഗ്രൂപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് അറുതിയായി. ഇനി ടാറ്റ ഗ്രൂപ്പിന്‍റെ ഫോക്കസ് മുഴുവന്‍ ബിസിനസിലും വളര്‍ച്ച അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിലുമായിരിക്കുമെന്നാണ് സൂചന. നിരവധി വന്‍കിട പദ്ധതികള്‍ക്ക് ഉടന്‍ ടാറ്റ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ-മിസ്ത്രി കേസില്‍ ടാറ്റ സണ്‍സിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സുപ്രീം കോടതി എടുത്തത്. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ടാറ്റ സണ്‍സ്. ഈ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഇതിനാണ് ഇപ്പോള്‍ സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്.
മിസ്ത്രിയെ തിരികെ നിയമിച്ച ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് ബ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച്ച വിധി പ്രസ്താവിച്ചത്. 18.37 ശതമാനം ഓഹരി ഉടമസ്ഥതയോടെ ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാണ് ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ്. ഏകദേശം 70 വര്‍ഷത്തോളമായി നിലകൊള്ളുന്ന രണ്ട് കുടുംബ ഗ്രൂപ്പുകളുടെ വേര്‍പിരിയല്‍ പുതിയ വിധിയോടെ വേഗത്തില്‍ നടന്നേക്കുമെന്നും കരുതപ്പെടുന്നു.
അതേസമയം മിസ്ത്രി കുടുംബത്തിന് ടാറ്റ ഗ്രൂപ്പിലുള്ള ഓഹരിയുടെ മൂല്യത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ടാറ്റ ഗ്രൂപ്പിന്‍റെ കണക്ക് പ്രകാരം മിസ്ത്രി കുടുംബത്തിനുള്ളത് 70,000-80,000 കോടി രൂപയുടെ ഓഹരിയാണ്. എന്നാല്‍ മിസ്ത്രി കുടുംബം അവകാശപ്പെടുന്നത് തങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പില്‍ 1.75 ലക്ഷം കോടി രൂപയുടെ ഓഹരിയുണ്ടെന്നാണ്.
2016 ഒക്റ്റോബര്‍ 24നാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മിസ്ത്രിയെ നീക്കിയത്. അതിന് ശേഷം തുടങ്ങിയ കോര്‍പ്പറേറ്റ് യുദ്ധത്തിലെ നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ് സുപ്രീം കോടതി വിധി. ടാറ്റ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോകുന്നതില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് മിസ്ത്രി വ്യക്തമാക്കിയതിനാല്‍ ഓഹരി മൂല്യത്തിന്‍റെ കാര്യത്തില്‍ തീരുമാനമായാല്‍ ആ പ്രക്രിയ സുഗമമായേക്കുമെന്നാണ് സൂചന.
അനിശ്ചിതത്വങ്ങള്‍ക്ക് അറുതിയായതോടെ വമ്പന്‍ പദ്ധതികള്‍ ടാറ്റ ഗ്രൂപ്പ് ഉടന്‍ ലോഞ്ച് ചെയ്തേക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മൊബീല്‍ ഫോണ്‍ അധിഷ്ഠിത യൂണിവേഴ്സല്‍ പോയിന്‍റ് ഓഫ് സെയില്‍ സംവിധാനവും സൂപ്പര്‍ ആപ്പും ഉള്‍പ്പടെ നിരവധി മേഖലകളെ ഉടച്ചുവാര്‍ക്കുന്ന പല പദ്ധതികളും ടാറ്റയുടെ പണിപ്പുരയിലുണ്ട്. ഇതിന്‍റെയെല്ലാം വിന്യാസം ഇനി അതിവേഗത്തില്‍ നടന്നേക്കും.