വഴിമുടക്കി കൂറ്റന്‍ കപ്പല്‍ : സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്ക് ആഗോളതലത്തില്‍ ചരക്ക് കൂലി ഉയര്‍ന്നേക്കും
1 min readആഗോള വ്യാപാരത്തിന്റെ പത്ത് ശതമാനം കടന്നുപോകുന്ന സമുദ്രപാതയാണ് തടസപ്പെട്ടിരിക്കുന്നത്.
കെയ്‌റോ ട്രാഫിക്ക് ബ്ലോക്ക് മൂലം സൂയസ് കനാലില്‍ കപ്പലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി തുടരുന്നതിനാല്‍ ആഗോള തലത്തില്‍ ചരക്ക് കൂലി ഉയര്‍ന്നേക്കുമെന്ന് ലണ്ടന്‍ ആസ്ഥാനമായ കാപ്പിറ്റല്‍ ഇക്കോണമിക്‌സ്. കപ്പല്‍ സഞ്ചാരത്തിന് തടസം സൃഷ്ടിച്ചുകൊണ്ട് കനാലില്‍ കുടുങ്ങിക്കിടക്കുന്ന ഭീമന്‍ കണ്ടെയ്‌നര്‍ കപ്പല്‍ നീക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെങ്കില്‍ ഉല്‍പ്പന്ന ക്ഷാമമുണ്ടാകുമെന്നും കാപ്പിറ്റല്‍ ഇക്കോണമിക്‌സ് മുന്നറിയിപ്പ് നല്‍കി.
പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ചരക്ക് കൂലിയും അതുമൂലം നിര്‍മാതാക്കളുടെ ചിലവും വര്‍ധിക്കും. മാത്രമല്ല അതുമൂലം ഉല്‍പ്പന്നങ്ങള്‍ക്ക് താത്കാലിക ക്ഷാമവും അനുഭവപ്പെടുമെന്ന് കാപ്പിറ്റല്‍ ഇക്കോണമിക്‌സ് നിരീക്ഷിച്ചു. എന്നിരുന്നാലും ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇതുമൂലം ദീര്‍ഘകാല പ്രത്യാഘാതം ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.
20,000 കണ്ടെയ്‌നറുകളുമായി എവര്‍ ഗിവണ്‍ എന്ന 200,000 ടണ്‍ ഭാരമുള്ള കപ്പലാണ് ചൊവ്വാഴ്ച രാവിലെ കനാലില്‍ യാത്രാതടസം സൃഷ്ടിച്ചത്. ചൈനയില്‍ നിന്നും നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രാമധ്യേ ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് കണ്ടെയ്‌നര്‍ കപ്പല്‍ സൂയസ് കനാലിന് കുറുകെ കിടക്കുന്ന സ്ഥിതിയുണ്ടായത്. കപ്പല്‍ കനാലിന് കുറകെ കിടക്കുന്നതിനാല്‍ ഇരുവശത്തും കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. കപ്പലിന്റെ ഒരു വശം കനാലിന്റെ ഭിത്തിയില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുണ്ട് 1312 അടി നീളവും 59 മീറ്റര്‍ വീതിയുമാണ് ഈ കപ്പലിന് ഉള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കപ്പലിനെ വലിച്ചുനീക്കുന്നതിനായി നിരവധി ടഗ് ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. എങ്കിലും ദിവസങ്ങള്‍ കൊണ്ട് മാത്രമേ പ്രശ്‌നം പരിഹരിക്കപെടുകയുള്ളു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കപ്പലിന്റെ ചുമതല തായ് വാനിലെ എവര്‍ ഗ്രീന്‍ മറൈനിനാണ്. അതിനിടെ ഈ കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രണ്ട് ഈജിപ്തുകാരായ പൈലറ്റുമാരും 25 ഇന്ത്യക്കാരുമാണ് കപ്പലിലുള്ളത്. ഇവരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
ആഗോള വ്യാപാരത്തിന്റെ പത്ത് ശതമാനം കടന്നുപോകുന്ന സമുദ്രപാതയാണ് ട്രാഫിക്ക് ബ്ലോക്കിനെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുന്നത്. വളരെ മോശം സമയത്താണ് സൂയസ് കനാലില്‍ കപ്പല്‍ ഗതാഗതം തടസപ്പെട്ടിരിക്കുന്നതെന്ന് കാപ്പിറ്റല്‍ ഇക്കോണമിസ്റ്റ് നിരീക്ഷിച്ചു. ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകതയിലെ വര്‍ധനവിനൊത്ത് ചരക്ക്‌നീക്കം നടക്കാത്തതിനാല്‍ കഴിഞ്ഞ നവംബറിന് ശേഷം ഏഷ്യയില്‍ നിന്നും മെഡിറ്ററേനിയന്‍ സമുദ്രം വഴിയുള്ള ചരക്ക് നീക്കത്തിനുള്ള കൂലി കുത്തനെ ഉയര്‍ന്നു. ഇപ്പോഴത്തെ ട്രാഫിക്ക് ബ്ലോക്ക് ചരക്ക് കൂലി വീണ്ടും കൂടാനിടയാക്കിയേക്കുമെന്നാണ് കരുതുന്നത്.
150 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സൂയസ് കനാല്‍ ലോകത്തിലെ പ്രധാന വ്യാപാര പാതകളിലൊന്നാണ്. മെഡിറ്ററേനിയന്‍ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന് ഈ കനാല്‍ ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. 2020ല്‍ 19,000 കപ്പലുകള്‍, ഒരു ദിവസം ശരാശരി 51.5 കപ്പലുകള്‍ ഈ കനാല്‍ വഴി കടന്നുപോയെന്നാണ് കണക്ക്. ഏകദേശം 1.17 ബില്യണ്‍ ടണ്‍ ചരക്കാണ് കഴിഞ്ഞ വര്‍ഷം ഈ കനാന്‍ വഴി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കുമായി കൊണ്ടുപോയതെന്ന് സൂയസ് കനാല്‍ അതോറിട്ടിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കനാലിലൂടെ കടന്നുപോകുന്നതിന് കപ്പലുകളില്‍ നിന്നും ഈടാക്കുന്ന തുക ഈജിപ്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ്.
നിലവിലെ ഗതാഗത തടസം മൂലം മണിക്കൂറില്‍ 400 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് അനുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോളതലത്തില്‍ കയറ്റുമതി ഓര്‍ഡറുകള്‍ കുത്തനെ ഉയര്‍ന്നതായി കാപ്പിറ്റല്‍ ഇക്കോണമിക്‌സ് ചൂണ്ടിക്കാണിക്കുന്നു. കനാലിലെ തടസം മൂലം ചരക്ക് കൂലി വര്‍ധിക്കുന്നത് കയറ്റുമതി ഡിമാന്‍ഡില്‍ ഏതെങ്കിലും രീതിയിലുള്ള ഇടിവുണ്ടാകാന്‍ സാധ്യതയില്ലെന്ന് കമ്പനി വ്യക്തമാക്കി. കോവിഡാനന്തര തലത്തിലേക്ക് ലോകം എത്തിയതിനാല്‍ കപ്പലുകളുടെ ചരക്ക് ശേഷിയിലുള്ള സമ്മര്‍ദ്ദത്തിലും വരുമാസങ്ങളില്‍ അയവുണ്ടാകാനാണ് സാധ്യതയെന്ന് കാപ്പിറ്റല്‍ ഇക്കോണമിസ്്റ്റ് നിരീക്ഷിച്ചു.