ബിജെപിയെ എതിര്‍ക്കുന്നവരുമായി സഖ്യത്തിന് തയ്യാറെന്ന് ഭീം ആര്‍മി
1 min readഎസ്പിയുമായി ധാരണയുണ്ടാക്കാനാണ് ചന്ദ്ര ശേഖര്‍ ആസാദ് ശ്രമിക്കുന്നത്. രാഷ്ട്രീയ ലോക്ദളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍പ് സഖ്യങ്ങളുണ്ടാക്കി പരാജയപ്പെട്ടതിനാല്‍ സമാജ് വാദി പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മായാവതിയുമായി സഖ്യത്തിന് ആസാദ് ശ്രമിച്ചെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നുമില്ല.
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ എതിര്‍ക്കുന്ന സമാജ്വാദി പാര്‍ട്ടിയുമായോ മറ്റേതെങ്കിലും സംഘടനകളുമായോ കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ്. “ഞാന്‍ എസ്പിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണ്, പക്ഷേ ഞാന്‍ ഇതുവരെ അഖിലേഷ് യാദവിനെ കണ്ടിട്ടില്ല,” ആസാദ് പറയുന്നു. താന്‍ മൂന്ന് തവണ അഖിലേഷിനെ കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ആസാദ് അഖിലേഷ് യാദവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ഒരു സമാജ്വാദി പാര്‍ട്ടി നേതാവ് സൂചിപ്പിച്ചു.രാഷ്ട്രീയ ലോക്ദളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അതേസമയം സഖ്യകക്ഷികളെ തെരഞ്ഞെടുക്കുന്നതില്‍ എസ്പിക്ക് രണ്ടുതവണ പിഴവ് സംഭവിച്ചിരുന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി അഖിലേഷ് സഖ്യത്തിലായിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി കൈകോര്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ടും അമ്പേ പരാജയപ്പെട്ടു. അടുത്തവര്‍ഷമാണ് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതേസമയം ഭീം ആര്‍മിയുമായുള്ള കൂട്ടുകെട്ട് ഇരു പാര്‍ട്ടികള്‍ക്കും ഗുണംചെയ്യുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
ആസാദ് ദലിത് യുവാക്കള്‍ക്കിടയില്‍ ഒരു താരമായി മാറിയിരുന്നു. പ്രത്യേകിച്ചും സമരങ്ങളില്‍ ബിജെപിയെ എതിര്‍ത്ത് രംഗത്തുവന്നതോടുകൂടി അദ്ദേഹത്തിന്‍റെ സ്വാധീനം വര്‍ധിച്ചു. ഇത് വോട്ടാക്കി മാറ്റാന്‍ അദ്ദേഹത്തിനുകഴിയുമോ എന്നതാണ് ഇപ്പോഴുള്ള ചോദ്യം. ആസാദും അഖിലേഷും കൈകോര്‍ത്താല്‍ യാദവ്-മുസ്ലീം-ദലിത് സംയോജനം രൂപീകരിക്കാന്‍ കഴിയുമെന്നാണ് ഒരു വാദം. അങ്ങനെ സംഭവിച്ചാല്‍ അത് യുപിയില്‍ വിജയകരമാകും.
സാധ്യമായ സഖ്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം തന്‍റെ ആസാദ് സമാജ് പാര്‍ട്ടിയും കേഡര്‍ വിപുലീകരിക്കുകയാണ്. ജില്ലാതലത്തില്‍ പാര്‍ട്ടി അംഗത്വ ഡ്രൈവ് നടത്തുന്നുണ്ടെന്നും ഇതുവരെ 5 ലക്ഷം പേര്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിനെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനായി പാര്‍ട്ടി തങ്ങളുടെ പ്രവര്‍ത്തകരും ആസാദും തമ്മില്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നു. ഇത്തരത്തിലുള്ള 13 ഓളം മീറ്റിംഗുകള്‍ ഇതിനകം നടന്നിട്ടുണ്ട്. “ഞങ്ങള്‍ ഒരു പുതിയ പാര്‍ട്ടിയാണ്. കേഡര്‍ മൊബിലൈസേഷനില്‍ ഞങ്ങള്‍ക്ക് ഒരു പരിചയവുമില്ല, “ആസാദ് പറഞ്ഞു. “അതിനാല്‍, ഇപ്പോള്‍, ഓരോ പ്രവര്‍ത്തകനും ബൂത്ത് മാനേജുമെന്‍റിനെക്കുറിച്ച് പരിശീലനം നല്‍കേണ്ടതുണ്ട്.”
ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി നടക്കുന്ന പരിപാടികളില്‍ ഭീം ആര്‍മി നേതാവ് സ്ഥിര സാന്നിധ്യമാണ്. കഴിഞ്ഞ വര്‍ഷം ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രതിഷേധിച്ച അദ്ദേഹം 2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും (സിഎഎ) പ്രതിഷേധിച്ചിരുന്നു. ആസാദിന്‍റെ ഉയര്‍ച്ച യുപി മുന്‍ മുഖ്യമന്ത്രി മായാവതിക്കാണ് തിരിച്ചടിയായത്. ദളിത് വിഭാഗങ്ങളെ ഒത്തൊരുമിച്ച് ബിഎസ്പിക്കുകീഴില്‍ നിര്‍ത്താനുള്ള ശ്രമത്തിന് ഭീം ആര്‍മി തടസമാണ്. അതിനാല്‍ ആസാദ് ബിഎസ്പിയുമായി നിരവധി തവണ അടുക്കാന്‍ശ്രമിച്ചെങ്കിലും മായാവതി അതിന് അനുവദിച്ചില്ല. പാര്‍ട്ടിയിലോ മുന്നണിയിലോ തന്നെ മറികടന്ന് ആസാദ് വളരും എന്ന ഭയവും അവര്‍ക്കുണ്ടാകാം. “മായാവതിക്ക് കാന്‍ഷിറാമിന്‍റെ പാരമ്പര്യം ഉണ്ടായിരിക്കാം, പക്ഷേ ഞാന്‍ പിന്തുടരുന്നത് കാന്‍ഷിറാമിന്‍റെ തത്വങ്ങളാണ് ‘ ആസാദ് പറയുന്നു.