മൂന്നാം പാദം : വളര്‍ച്ചയിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
1 min readമൊത്തം മൂല്യ വര്‍ദ്ധനവില്‍ (ജിവിഎ) 3.9 ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക മേഖല ഊര്‍ജ്ജസ്വലമായി തുടര്‍ന്നു
ന്യൂഡെല്‍ഹി: രണ്ട് പാദങ്ങളില്‍ രേഖപ്പെടുത്തിയ സങ്കോചത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ (എന്‍എസ്ഒ) കണക്കുകള്‍ പ്രകാരം, മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 0.4 ശതമാനം വര്‍ധനവാണ് 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ രണ്ട് പാദങ്ങളില്‍ 24.4 ശതമാനത്തിന്‍റെയും 7.3 ശതമാനത്തിന്‍റെയും ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
ആദ്യ രണ്ട് പാദങ്ങളില്‍ യഥാക്രമം 3.3 ശതമാനവും 3 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയതിന് തുടര്‍ച്ചയായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലും മൊത്തം മൂല്യ വര്‍ദ്ധനവില്‍ (ജിവിഎ) 3.9 ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക മേഖല ഊര്‍ജ്ജസ്വലമായി തുടര്‍ന്നു. ജിവിഎ – കാര്‍ഷികം (3%), വൈദ്യുതി, ഗ്യാസ്, ജലം, മറ്റ് യൂട്ടിലിറ്റികള്‍ (1.8%) എന്നിങ്ങനെ രണ്ട് മേഖലകള്‍ മാത്രമാണ് മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുക എന്നാണ് എന്‍എസ്ഒ പ്രതീക്ഷിക്കുന്നത്.
വ്യാപാരം, ഹോട്ടലുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയിലെ മൊത്ത ജിവിഎ 18 ശതമാനവും നിര്‍മാണത്തിലെ ജിവിഎ 10.3 ശതമാനവും ഖനന, ഉല്‍പാദന മേഖലയിലെ ജിവിഎ ഏകദേശം 9 ശതമാനവും ഇടിവ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. ജിവിഎയില്‍ മൊത്തം 6.5 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത്.
ഉല്‍പ്പാദനം, നിര്‍മ്മാണം, സാമ്പത്തികം, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ രണ്ട് മോശം പാദങ്ങള്‍ക്ക് ശേഷം സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി മൂന്നാം പാദത്തില്‍ വളര്‍ച്ചയിലേക്ക് തിരിച്ചുവന്നു. ഉല്‍പ്പാദന ജിവിഎ ആദ്യ രണ്ട് പാദങ്ങളില്‍ 35.9 ശതമാനവും 1.5 ശതമാനവും ഇടിഞ്ഞതിന് ശേഷം 1.6 ശതമാനം വളര്‍ച്ച നേടി. നിര്‍മാണ മേഖലയില്‍ ഏറ്റവും മികച്ച വീണ്ടെടുക്കല്‍ ഉണ്ടായി, ആദ്യ രണ്ട് പാദങ്ങളില്‍ ജിവിഎ 49.4 ശതമാനവും 7.2 ശതമാനവും ഇടിഞ്ഞതിന് ശേഷം മൂന്നാം പാദത്തില്‍ 6 ശതമാനം ഉയര്‍ന്നു.
വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം എന്നിവയുള്‍പ്പടെയുള്ള സേവനങ്ങള്‍ പ്രതിസന്ധിയില്‍ തുടരുകയാണ്, മൂന്നാംപാദത്തില്‍ ജിവിഎ 7.7% കുറഞ്ഞു. എങ്കിലും ആദ്യ പാദത്തിലെ 47.6 ശതമാനത്തിന്‍റെയും രണ്ടാം പാദത്തിലെ 15.3 ശതമാനത്തിന്‍റെയും ഇടിവില്‍ നിന്ന് കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ജിഡിപിയില്‍ 8 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് എന്‍എസ്ഒ-യുടെ പുതുക്കിയ മുന്‍കൂര്‍ നിഗമനം. നേരത്തേ 7.7 ശതമാനം സങ്കോചമാണ് കണക്കാക്കിയിരുന്നത്. വി-ആകൃതിയിലുള്ള വീണ്ടെടുക്കല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ’ പ്രതിഫലനമാണ് മൂന്നാം പാദത്തിലെ ജിഡിപി ഡാറ്റ എന്നാണ് ധനമന്ത്രാലയം വിശേഷിപ്പിച്ചത്.