ജിയോ ജാഗ്രതൈ; എയര്‍ടെല്‍ സജ്ജമാകുന്നു
1 min readജിയോയെ നേരിടാന്‍ എയര്‍ടെല്‍ വമ്പന്‍ പദ്ധതിയൊരുക്കുന്നു
ഭാരതി ടെലിമീഡിയയില്‍ 3126 കോടി രൂപ നിക്ഷേപിക്കും
ബിസിനസ് പുനസംഘടനയ്ക്കായി പ്രത്യേക സമിതിയെയും നിയോഗിച്ചു
മുംബൈ: ജിയോയുടെ അപ്രമാദിത്വത്തിന് കടിഞ്ഞാണിടാന്‍ ബിസിനസില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ടെലികോം ഭീമന്‍ എയര്‍ടെല്‍. ഇതിനായി പ്രത്യേക സമിതിയെയും കമ്പനി കഴിഞ്ഞ ദിവസം നിയോഗിച്ചു. എയര്‍ടെലിന്‍റെ കണ്‍സ്യൂമര്‍ ഫേസിംഗ് ഡിജിറ്റല്‍, ടെലികോം ഇതര ബിസിനസുകളില്‍ ഫോക്കസ് ചെയ്തുള്ള പദ്ധതികളാകും നടപ്പിലാക്കുക. ഇതിനായി വരുമാനത്തിന് സാധ്യതയുള്ള വൈവിധ്യ സ്രോതസുകള്‍ ഉപയോഗപ്പെടുത്തും.
ഇതിന് പുറമെ ഭാരതി ടെലിമീഡിയയില്‍ വാര്‍ബര്‍ഗ് പിന്‍കസിനുള്ള 20 ശതമാനം ഓഹരിയും എയര്‍ടെല്‍ ഏറ്റെടുക്കും. എയര്‍ടെലിന്‍റെ ഡിടിഎച്ച് വിഭാഗമാണ് ഭാരതി ടെലിമീഡിയ. 3126 കോടി രൂപ മുടക്കിയാണ് ഏറ്റെടുക്കല്‍. പ്രതിഓഹരിക്ക് 600 രൂപ വില പറഞ്ഞുള്ളതാണ് ഇടപാട്. 2017ലാണ് വാര്‍ബര്‍ഗ് പിന്‍കസിന് കീഴിലുള്ള ലയന്‍ മീഡോ ഇന്‍വെസ്റ്റ്മെന്‍റ് 2250 കോടി രൂപയ്ക്ക് ഭാരതി ടെലിമീഡിയയില്‍ 20 ശതമാനം ഓഹരി വാങ്ങിയത്. ഇതാണ് ഇപ്പോള്‍ എയര്‍ടെല്‍ തിരിച്ചുവാങ്ങുന്നത്.
ബിസിനസ് പുനസംഘടനയ്ക്കായുള്ള സമിതി കാര്യങ്ങള്‍ വ്യക്തമായി പഠിച്ച് പുതിയ വരുമാനസ്രോതസുകള്‍ ഫോക്കസ് ചെയ്യാന്‍ കമ്പനിക്ക് ഉപദേശം നല്‍കും. ടെലികം ഇതര ബിസിനസുകളില്‍ പരമാവധി ശ്രദ്ധ വെക്കാനാണ് പദ്ധതി.
വിന്‍ക് മ്യൂസിക്, താങ്ക്സ്, എക്സ് സ്ട്രീം, പേമെന്‍റ്സ്, എയര്‍ടെല്‍ ഐക്യു, സേഫ് പേ തുടങ്ങിയവയാണ് നിലവില്‍ എയര്‍ടെലിന്‍റെ പ്രധാന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികള്‍. ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ 100 കോടി രൂപയാണ്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 1000 കോടി രൂപയായി ഉയര്‍ത്താനാണ് പദ്ധതി.
എയര്‍ടെലിന്‍റെ എല്ലാ ഡിജിറ്റല്‍ ആസ്തികളും എയര്‍ടെല്‍ ഡിജിറ്റല്‍ യൂണിറ്റിന് കീഴിലാക്കിയതായി അടുത്തിടെ കമ്പനി ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞിരുന്നു. ടെലികോം വിഭാഗത്തിന് സമാന്തരമായ ബിസിനസ് യൂണിറ്റായി ഡിജിറ്റല്‍ വിഭാഗത്തെ വളര്‍ത്താനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധന ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ വരാനിരിക്കുന്നുവെന്ന സൂചനയാണ് മിത്തലിന്‍റെ വാക്കുകള്‍ നല്‍കിയത്.
എയര്‍ടെല്‍ ഡിജിറ്റല്‍ എന്നൊരു സംരംഭം ഇപ്പോഴുണ്ട്. എല്ലാ ഡിജിറ്റല്‍ ആസ്തികളും അതിന് കീഴില്‍ വരും. ഏകദേശം 190 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളാണ് എയര്‍ടെല്‍ ഡിജിറ്റലിലുള്ളത്. പരസ്യവരുമാനവും കുതിക്കുന്നു-മിത്തല്‍ പറഞ്ഞു.
എയര്‍ടെലിന്‍റെയും എയര്‍ടെല്‍ ഡിജിറ്റലിന്‍റെയും ഹോള്‍ഡിംഗ് കമ്പനിയായി പുതിയൊരു കമ്പനി സജ്ജീകരിക്കാനും എയര്‍ടെലിന് പദ്ധതിയുണ്ട്. ജിയോ പ്ലാറ്റ്ഫോംസിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നത് പോലെ ഭാവിയില്‍ എയര്‍ടെല്‍ പുതിയ തന്ത്രം ആവിഷ്കരിച്ചാലും ആശ്ചര്യപ്പെടേണ്ടതില്ല. ആഗോള ഇക്വിറ്റി കമ്പനികളില്‍ നിന്നും ടെക് ഭീമډാരില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കാനാണ് എയര്‍ടെലിന്‍റെ പദ്ധതിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ജിയോയുടെ അതേ മാതൃകയാകും എയര്‍ടെല്‍ സ്വീകരിക്കുകയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ടെക് വിദഗ്ധന്‍ പറയുന്നു.
പോയ വര്‍ഷം 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ജിയോ പ്ലാറ്റ്ഫോംസ് നേടിയെടുത്തത്. ഫേസ്ബുക്കും ഗൂഗിളും ഉള്‍പ്പടെയുള്ള ഭീമډാര്‍ ജിയോയില്‍ നിക്ഷേപിക്കാനെത്തി.