‘കൊറോണ വൈറസ് ലാബില്‍ നിന്ന് പുറത്ത് പോകാനുള്ള സാധ്യത തീര്‍ത്തും വിരളം’
1 min readചൈനയില്‍ നിന്ന് ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും എത്തിയ കൊറോണ വൈറസ് ലാബില്‍ നിന്നും പുറത്തെത്തിയതാകാനുള്ള സാധ്യത ‘തീര്‍ത്തും വിരള’മാണെന്ന് കോവിഡ്-19യുടെ ഉറവിടം സംബന്ധിച്ച് പഠനം നടത്തുന്ന അന്വേഷണസംഘം. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടെന്ന് പറയുമ്പോഴും കൊറോണ വൈറസിന്റെ ഉത്ഭവം അങ്ങനെ ആയിരിക്കാന്‍ ഇടയില്ലെന്നാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നടക്കമുള്ള വിദഗ്ധര്‍ അടങ്ങിയ അന്വേഷണസംഘം പറയുന്നത്.
വൈറസിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ചൈനയുടെ സഹകരണത്തോടെ ലോകാരോഗ്യ സംഘടന മുന്‍കൈ എടുത്ത് നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ ബെന്‍ എംബാര്‍ക് മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹുബൈയിലെ വുഹാന്‍ നഗരത്തില്‍ കൊറൊണ വൈറസ് കണ്ടെത്തി ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് വൈറസ് എവിടെ നിന്ന് എത്തിയതാണെന്നത് സംബന്ധിച്ച് ഒരു പഠനം നടക്കുന്നത്. 2019 ഡിസംബറിന് മുമ്പായി കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഉണ്ടായിരുന്നതിന് ഒരു തെളിവും ഇല്ലെന്ന് പഠനസംഘത്തില്‍ അംഗമായ ലിയാംഗ് വനിയന്‍ അവകാശപ്പെട്ടു. അതേസമയം വുഹാനില്‍ ആദ്യ കേസുകള്‍ കണ്ടെത്തുന്നതിന് മുമ്പ് മറ്റേതെങ്കിലും മേഖലകളില്‍ കൊറോണ വൈറസ് ഉണ്ടായിരിക്കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല.
വൈറസ് പടര്‍ന്നിരിക്കാന്‍ ഇടയുള്ള വിവിധ സ്ഥലങ്ങളില്‍ ഒന്ന് മാത്രമായിരിക്കാം വുഹാനെന്നാണ് ഗവേഷക സംഘത്തിന്റെ അഭിപ്രായം. മനുഷ്യരില്‍ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ ഹുനാന്‍ മാര്‍ക്കറ്റും അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയതാകാനുള്ള സാധ്യത ഉണ്ടെങ്കിലും ഇതിന് ഒരു തെളിവും ഇല്ലെന്ന് അന്വേഷണ സംഘം പറയുന്നു. വവ്വാലില്‍ നിന്നോ ഈനാംപേച്ചിയില്‍ നിന്നോ ആയിരിക്കാം വൈറസ് മനുഷ്യരിലേക്ക് എത്തിയിരിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിന് ശക്തി പകരുന്ന ഒരു തെളിവും പഠനത്തിലൂടെ ലഭിച്ചിട്ടില്ല.
മറ്റ് സാധ്യതകള്‍ക്കൊപ്പം പുറത്ത് നിന്നും ഇറക്കുമതി ചെയ്ത ശിതീകരിച്ച ഭക്ഷണസാധനങ്ങളില്‍ നിന്നും വൈറസ് ബാധ ഉണ്ടായിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം മുന്നോട്ട് വെക്കുന്നുണ്ട്. 2019 ഡിസംബറില്‍ വുഹാനില്‍ ആദ്യത്തെ കൊേേറാണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇവിടുത്തെ ലബോറട്ടിയില്‍ നിന്നും ചാടിപ്പോയതായിരിക്കാം കൊറോണ വൈറസ് എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ അത്തരം ധാരണകളെല്ലാം തെറ്റായ കിംവദന്തികള്‍ ആണെന്നും ഇന്‍സ്റ്റിറ്റിയുട്ടിലെ ജീവനക്കാരുടെ ഉദ്ദേശ്യങ്ങള്‍ തീര്‍ത്തും ശുദ്ധമാണെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുറന്ന് കത്ത് പുറത്തിറക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും അനിശ്ചിതത്വത്തിലേക്കും ലോകത്തെ തള്ളിവിട്ട കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഇതിനോടകം 23 ദശലക്ഷത്തിലധികം ആളുകളുടെ ജീവനാണ് അപഹരിച്ചത്.