5ജി പരീക്ഷണങ്ങള്‍ 2-3 മാസത്തില്‍ തുടങ്ങുമെന്ന് ടെലികോം മന്ത്രാലയം
1 min readഇന്ത്യക്ക് 5ജി ബസ് മിസ് ആയേക്കും എന്ന പാര്‍ലമെന്ററി സമിതിയുടെ നിരീക്ഷണം
ന്യൂഡെല്‍ഹി: രാജ്യത്ത് രണ്ട് മൂന്ന് മാസത്തിനുള്ളില്‍ 5 ജി സാങ്കേതിക പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. 5 ജി ഫീല്‍ഡ് ട്രയലുകള്‍ക്കായി ഇതിനകം 16 അപേക്ഷകള്‍ ലഭിച്ചതായി ഇതു സംബന്ധിച്ച പാര്‍ലമെന്ററി സമിതിയെ ഐഒടി അറിയിച്ചു.
സാങ്കേതികവിദ്യയ്ക്കും അഞ്ചാം തലമുറ കണക്റ്റിവിറ്റിക്കും ഊന്നല്‍ നല്‍കുന്നതായി സര്‍ക്കാര്‍ പറയുമ്പോഴും; സ്‌പെക്ട്രത്തിന്റെ അപര്യാപ്തത, ഉയര്‍ന്ന സ്‌പെക്ട്രം വില, കുറഞ്ഞ ഫൈബറൈസേഷന്‍ എന്നിവ കാരണം ഇന്ത്യയ്ക്ക് ‘5 ജി ബസ് നഷ്ടമായേക്കും’ എന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
‘ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളും വ്യവസായ സ്ഥാപനങ്ങളും അപേക്ഷ സമര്‍പ്പിച്ചിട്ടും, 5 ജി ട്രയലുകള്‍ ഇതുവരെ അനുവദിച്ചിട്ടില്ല എന്നത് അസ്വസ്ഥത ഉണര്‍ത്തുന്നതാണ്. ടെലികോ മന്ത്രാലയും നേരത്തേ കമ്മിറ്റിയെ അറിയിച്ചതില്‍ നിന്ന് ഇത് തികച്ചും വിരുദ്ധമാണ്. 2020 ഫെബ്രുവരിയില്‍, ഗ്രാന്റുകള്‍ക്കായുള്ള ആവശ്യകത പരിശോധിക്കുമ്പോള്‍ പരിമിതമായ പ്രദേശത്ത് പരിമിത സമയത്തില്‍ നടത്തുന്ന 5 ജി ട്രയലുകള്‍ക്കായുള്ള എല്ലാ അപേക്ഷകളും സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരുന്നത്’ സമിതിയുടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
5 ജി ട്രയലിനായി സ്‌പെക്ട്രം അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് സമിതി വിശദീകരണം തേടിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കള്‍ 5 ജി ട്രയലുകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടും അത് അനുവദിക്കുന്നതിനുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് പാനല്‍ ചോദിച്ചു. 5 ജി ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന് ട്രയലുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പരീക്ഷണ ഘട്ടത്തിലെ സ്‌പെക്ട്രത്തിന്റെ പ്രശ്‌നങ്ങളും 5 ജി ട്രയലുകളുടെ ആദ്യകാല പെരുമാറ്റവും കൂടുതല്‍ ഗൗരവമായി വിലയിരുത്തേണ്ടുണ്ടെന്നും സമിതി പറഞ്ഞു.
ഇനിയും കാലതാമസം ഉണ്ടായാല്‍ രാജ്യത്ത് 5 ജി ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിന് പ്രതികൂലമായ സാഹചര്യം ഉണ്ടാകും. 5 ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് കൂടുതല്‍ കാലതാമസം വരുന്നത് രാജ്യത്തെ സാങ്കേതികമായി പുറകിലോട്ടു നയിക്കും. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, ഫിന്‍ടെക്, പൊതുസുരക്ഷ തുടങ്ങിയ മേഖലകളില്‍ 5 ജി ഉപയോഗ പരീക്ഷണങ്ങള്‍ ടെലികോം മന്ത്രാലയം സംഘടിപ്പിക്കേണ്ടതുണ്ട്.
സാങ്കേതിക വിദ്യകളുടെ അവതരണത്തില്‍ മുമ്പുണ്ടായ കാലതാമസങ്ങളില്‍ നിന്ന് ടെലികോം മന്ത്രാലയം കാര്യമായി പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും ശശിതരൂര്‍ എംപി അധ്യക്ഷനായ സമിതി വിമര്‍ശിക്കുന്നു. വിദഗ്ധ സമിതി രൂപീകരണത്തിലും സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങളിലും 5ജി സമീപനം പ്രകടമാകുന്നില്ലെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു. 5ജി ആദ്യ ഘട്ടത്തില്‍ ചില പ്രത്യേക മേഖലകളിലാണ് എത്തുക എന്നും അതിനാല്‍ 4ജി ലഭ്യത അടുത്ത 5-6 വര്‍ഷത്തേക്ക് ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.