Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിൽ ക്വാണ്ടം ടെക്നോളജീസ് കമ്മ്യൂണിറ്റി രൂപീകരിച്ചു

1 min read

തിരുവനന്തപുരം: ഭാവിക്ക് സജ്ജമായ ക്വാണ്ടം തൊഴില്‍ ശക്തിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ക്വാണ്ടം സാങ്കേതികവിദ്യക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ക്വാണ്ടം ടെക്നോളജീസ് കമ്മ്യൂണിറ്റി രൂപീകരിച്ചു. ‘ക്വാണ്ടം ടെക് മാട്രിക്സ്’ എന്ന പരിപാടിയില്‍ ഗതാഗത മന്ത്രി സി.പി ജോണ്‍ ക്വാണ്ടം ടെക്നോളജീസ് ഇന്‍ററസ്റ്റ് ഗ്രൂപ്പ് എന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്വാണ്ടം കമ്മ്യൂണിക്കേഷന്‍, ക്വാണ്ടം സെന്‍സിംഗ്, അനുബന്ധ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ള പഠിതാക്കള്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍ എന്നിവരെ പഠന സെഷനുകള്‍, മെന്‍റര്‍ഷിപ്പ്, വര്‍ക്ക് ഷോപ്പ്, വ്യവസായ ഇടപെടല്‍ എന്നിവയിലൂടെ ബന്ധിപ്പിക്കുന്ന കമ്മ്യൂണിറ്റിയായിട്ടാണ് ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ക്വാണ്ടം ടെക്നോളജീസ് ഇന്‍ററസ്റ്റ് ഗ്രൂപ്പ് എന്നത് ക്വാണ്ടം സാങ്കേതികവിദ്യകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കൂട്ടായ്മയാണ്. ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) പിന്തുണയ്ക്കുന്ന കേരളത്തിലെ വിദ്യാര്‍ഥി നവീകരണ, പിയര്‍-ലേണിംഗ് പ്ലാറ്റ്‌ഫോമായ മ്യൂലേണിന് കീഴിലാണ് ഇത് ആരംഭിച്ചത്. ഇന്ത്യയുടെ നാഷണല്‍ ക്വാണ്ടം മിഷന് കീഴില്‍ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങള്‍ക്കായി യുവ പ്രതിഭകളെ ഒരുക്കേണ്ടതിന്‍റെ ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നതില്‍ കേരളം എപ്പോഴും മുന്‍പന്തിയിലാണ്. ഇന്ത്യയുടെ നാഷണല്‍ ക്വാണ്ടം മിഷന്‍ ആവശ്യപ്പെടുന്ന കഴിവുകളും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ക്വാണ്ടം കമ്മ്യൂണിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വാണ്ടം മെക്കാനിക്സിന്‍റെ അടിത്തറയും അതിന്‍റെ ശാസ്ത്രീയവും ദാര്‍ശനികവുമായ പ്രാധാന്യവും മുഖ്യപ്രഭാഷണത്തില്‍ കൊല്‍ക്കത്ത ജെഐഎസ് സര്‍വകലാശാല ഉപദേഷ്ടാവ് പ്രൊഫ. ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍ സിഎംഐ വിശദീകരിച്ചു. ചടങ്ങില്‍ ക്വാണ്ടം ടെക്നോളജീസ് ഇന്‍ററസ്റ്റ് ഗ്രൂപ്പ് വെബ്സൈറ്റ് കാനഡയിലെ സൂപ്പര്‍ക്യു ക്വാണ്ടം ഡയറക്ടറും മെന്‍ററുമായ മനോജ് ജോസഫ് പ്രകാശനം ചെയ്തു. കേരളത്തിന്‍റെ ക്വാണ്ടം ആവാസവ്യവസ്ഥയുടെ ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കുന്ന പ്രഖ്യാപനങ്ങള്‍, പഠന വിഭവങ്ങള്‍, പരിപാടികള്‍, കമ്മ്യൂണിറ്റി ഇടപെടല്‍ എന്നിവയ്ക്കുള്ള കേന്ദ്ര പ്ലാറ്റ്‌ഫോമായിരിക്കും ഈ വെബ്സൈറ്റ്. സൂപ്പര്‍ക്യു ക്വാണ്ടത്തിന്‍റെ പിന്തുണയോടെയും ആപ്ലിക്കേഷന്‍ പങ്കാളിയായ നാനോസ്റ്റഫ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്നതുമായ ക്വാണ്ടം കമ്പ്യൂട്ടിംഗ് ലബോറട്ടറി സിമുലേഷന്‍ പ്ലാറ്റ്‌ഫോമായ ചാറ്റ്ക്യുഎല്‍എമ്മിന്‍റെ തത്സമയ പ്രദര്‍ശനവും നടന്നു. ‘ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉപയോഗിച്ചുള്ള പോര്‍ട്ട്ഫോളിയോ ഒപ്റ്റിമൈസേഷന്‍’ എന്ന വിഷയത്തില്‍ നടന്ന സാങ്കേതിക സെഷനില്‍ ക്വാണ്ടം അല്‍ഗോരിതങ്ങള്‍ യഥാര്‍ഥ ലോകത്തിലെ സാമ്പത്തിക ഒപ്റ്റിമൈസേഷന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എങ്ങനെ പ്രയോഗിക്കാമെന്ന് ഡോ. ഫാത്തിമ നിഹ്ല ലത്തീഫ് വിശദീകരിച്ചു. പരമ്പരാഗത കമ്പ്യൂട്ടിംഗിനപ്പുറം വ്യവസായങ്ങളിലുടനീളം ക്വാണ്ടം സാങ്കേതികവിദ്യകളുടെ വര്‍ധിച്ചുവരുന്ന പ്രസക്തി സെഷന്‍ പ്രകടമാക്കി. പ്ലാറ്റിനം സ്പോണ്‍സറായ ആള്‍ട്ടോസ് കമ്പ്യൂട്ടിംഗ് (ഏസര്‍ ഗ്രൂപ്പ് കമ്പനി), കൂടാതെ നാനോസ്റ്റഫ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സൂപ്പര്‍ ക്യു ക്വാണ്ടം കമ്പ്യൂട്ടിംഗിന്‍റെ (സിഎസ്ഇ:ക്യുബിടിക്യു) ചാറ്റ് ക്യുഎല്‍എം, എബിസ് ടെക്നോളജീസ് എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

  യെസ് ബാങ്കിന്റെ അറ്റാദായത്തിൽ 33.7 ശതമാനം വളർച്ച
Maintained By : Studio3