ഭാരത് ബില്‍ പേ ബില്ലര്‍ വിഭാഗത്തില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സും
കൊച്ചി: നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍പിസിഐ ഭാരത് ബില്‍പേയുടെ ബില്ലര്‍ വിഭാഗത്തില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിനേയും ഉള്‍പ്പെടുത്തി. ഭാരത് കണക്ട് സംവിധാനത്തിലെ ഇന്‍ഷൂറന്‍സ് വിഭാഗത്തിലാണ് പോസ്റ്റല്‍ ഇന്‍ഷൂറന്‍സിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിഎല്‍ഐ പോളിസി ഉടമകള്‍ക്ക് ഭാരത് കണക്ട് വഴി ഓണ്‍ലൈന്‍ ഓഫ്ലൈന്‍ രീതികളില്‍ പ്രീമിയം അടക്കാന്‍ ഇതിലൂടെ സാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയിരിക്കും ബില്ലര്‍ ഓപറേറ്റിങ് യൂണിറ്റ്. തപാല്‍ വകുപ്പ് ലഭ്യമാക്കുന്ന പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 1.25 കോടിയിലേറെ സജീവ പോളിസികള്‍ക്കാണ് സേവനം നല്‍കുന്നത്. രണ്ടര ലക്ഷത്തോളം ഇടപാടുകളാണ് ഇതിന്‍റെ ഭാഗമായി ഓരോ ദിവസവും രാജ്യത്തു നടക്കുന്നത്. ഭാരത് കണക്ട് സൗകര്യമുള്ള ആപ്പുകള്‍, വെബ്സൈറ്റുകള്‍, ഓഫ്ലൈന്‍ ഏജന്‍റുമാര്‍ തുടങ്ങിയ രീതികളില്‍ രാജ്യത്തുടനീളം റിന്യൂവല്‍ പ്രീമിയം അടക്കാന്‍ പുതിയ സംവിധാനം വഴിയൊരുക്കും. ഭാരത് കണക്ട് സംവിധാനത്തിനു കീഴില്‍ സേവനം ലഭ്യമാക്കുന്ന ഇന്‍ഷൂറന്‍സ് ബില്ലര്‍മാരുടെ എണ്ണം ഇപ്പോള്‍ 65 ആയി ഉയര്‍ന്നത് ഡിജിറ്റലായി പ്രീമിയം അടക്കുന്നതില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന താല്‍പര്യമാണു സൂചിപ്പിക്കുന്നത്. പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയെ ഭാരത് കണക്ടുമായി സംയോജിപ്പിക്കുന്നത് തപാല്‍ വകുപ്പിന്‍റെ ഡിജിറ്റല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ തപാല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത പറഞ്ഞു. തങ്ങളുടെ പാരമ്പര്യവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തപാല്‍ വകുപ്പ് തങ്ങളുടെ സേവനങ്ങള്‍ ആധുനീകവല്‍ക്കരിക്കുന്നതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് കണക്ട് സംവിധാനത്തിലേക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിനെ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വക്താവ് പറഞ്ഞു. ഈ നീക്കത്തിലൂടെ തങ്ങള്‍ അവശ്യ സേവനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ പണമിടപാടു സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ്. സൗകര്യപ്രദവും വിശ്വസനീയവുമായ രീതിയില്‍ തുടര്‍ പ്രീമിയങ്ങള്‍ അടക്കാന്‍ ഇതിലൂടെ പോളിസി ഉടമകള്‍ക്ക് അവസരം ലഭിക്കും. എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ പരിശ്രമങ്ങളാണ് ഇവിടെ പ്രതിഫലിക്കുന്നത്. നഗര, ഗ്രാമീണ മേഖലകളിലെ ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വക്താവ് ചൂണ്ടിക്കാട്ടി. പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങളെ തങ്ങള്‍ ഭാരത് കണക്ടിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഇതേക്കുറിച്ചു സംസാരിച്ച എന്‍ബിബിഎല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ നൂപര്‍ ചതുര്‍വേദി പറഞ്ഞു. രാജ്യവ്യാപകമായി പോളിസി ഉടമകളുടെ പ്രീമിയം അടക്കല്‍ ലളിതമാക്കുകയാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ പണമടക്കലുകളുടെ കാര്യത്തില്‍ വിശ്വസനീയവും സൗകര്യപ്രദവുമായ സംവിധാനമായി ഭാരത് കണക്ട് മാറിയിട്ടുണ്ട്. അവശ്യ സാമ്പത്തിക സേവന രംഗത്ത് ഡിജറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനുള്ള സുപ്രധാന നീക്കമാണിതെന്നും നൂപര്‍ ചതുര്‍വേദി പറഞ്ഞു. ഇന്‍ഷൂറന്‍സ് രംഗത്തു മാത്രമല്ല, മറ്റു വിവിധ മേഖലകളിലും ഭാരത് കണക്ട് സംവിധാനം വന്‍ തോതിലാണു വികസിക്കുന്നത്. 22,640 ബില്ലര്‍മാരെയാണ് 29-ല്‍ ഏറെ വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എഴുന്നൂറില്‍ ഏറെ ആപ്പുകളിലും അഞ്ചു ലക്ഷത്തിലേറെ ഓഫ്ലൈന്‍ ഏജന്‍റുമാരിലുമായി രാജ്യത്തെമ്പാടുമായി ഈ സംവിധാനം ലഭ്യമാണ്. ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടു രംഗത്തെ ഏറ്റവും സമഗ്രവും വിവിധ വിഭാഗങ്ങളില്‍ ലഭ്യമായതുമായ സംവിധാനമായി ഇതു മാറിക്കഴിഞ്ഞു.
