October 23, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയര്‍-സീ കാര്‍ഗോ ഗതാഗത രംഗത്ത് തലസ്ഥാനത്തിന് വിപുലമായ സാധ്യതകൾ

1 min read

തിരുവനന്തപുരം: വിമാനത്താവളവും തുറമുഖവും അടുത്തടുത്തായി സ്ഥിതിചെയ്യുന്നതു കൊണ്ട് തലസ്ഥാനത്തിന് അടുത്ത സിംഗപ്പൂര്‍ ആകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും അതിനായി യത്നിക്കണമെന്നും വിഴിഞ്ഞം പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. രാജ്യത്ത് എവിടെയെങ്കിലും സിംഗപ്പൂര്‍ മാതൃകയില്‍ വളരുന്നതിന് യഥാര്‍ത്ഥ സാധ്യതയുള്ള നഗരം ഉണ്ടെങ്കില്‍ അത് തിരുവനന്തപുരം മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ വിഷന്‍ 2031 സെമിനാറിന്‍റെ ഭാഗമായി കഴക്കൂട്ടത്ത് നടന്ന ‘റോഡ്മാപ്പ് ഫോര്‍ റെസ്പോണ്‍സിബിള്‍ ഗ്രോത്ത് ആന്‍ഡ് ഇന്നൊവേഷന്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ സെഷനില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിഐപി), കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെപലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) എന്നിവയുടെ സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സെഷന്‍ മോഡറേറ്റ് ചെയ്തു. വിമാനത്താവളവും തുറമുഖവും മുപ്പത് മിനിറ്റ് ദൈര്‍ഘ്യത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഏക സ്ഥലം തിരുവനന്തപുരമാണ്. രാജ്യത്ത് മറ്റെവിടെയും ഇങ്ങനെയൊന്നില്ല, ലോകത്ത് തന്നെ ഇത്തരത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ എയര്‍-സീ കാര്‍ഗോ ഗതാഗത രംഗത്ത് തലസ്ഥാനത്തിന് വിപുലമായ സാധ്യതകളുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും പ്രദീപ് ജയരാമന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ 800 മീറ്റര്‍ ബര്‍ത്ത് നിര്‍മ്മാണം ആരംഭിക്കും. തുടര്‍ന്ന് 1200 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് രണ്ട് കിലോമീറ്റര്‍ നീളമുള്ള നേരിട്ടുള്ള ബര്‍ത്ത് സജ്ജമാക്കും. ഇത് രാജ്യത്തെ ഏറ്റവും നീളമുള്ള ബര്‍ത്തുകളിലൊന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ വ്യവസായ നയവും സൗഹൃദ കാലാവസ്ഥയും നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമാണ്. മള്‍ട്ടി-കാര്‍ഗോ കൈകാര്യം ചെയ്യുന്നതിന്‍റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി തങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ലോജിസ്റ്റിക് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ നിലവിലെ ശേഷി 120-130 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടെന്നും ഇത് തുറമുഖത്തിന്‍റെയും സ്ഥലത്തിന്‍റെയും ശേഷി പ്രകടമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സംസ്ഥാനങ്ങളില്‍ കമ്പനി വിപൂലീകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കെയ്ന്‍സ് ടെക്നോളജീസ് സിഇഒ രമേശ് കണ്ണന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള അത്യാധുനിക ഇലക്ട്രോണിക് അസംബ്ലി യൂണിറ്റ് സ്ഥാപിക്കും. മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 4000 എഞ്ചിനീയര്‍മാര്‍ അവിടെ ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍ 2031 യാഥാര്‍ത്ഥ്യമാക്കുന്നതിന് വ്യവസായം, അക്കാദമിക് മേഖല, ധനകാര്യ സ്ഥാപനങ്ങള്‍, സംരംഭകര്‍ എന്നിവരുടെ ഏകോപനം ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബിപിസിഎല്‍ ചെയര്‍മാനും എംഡിയുമായ സഞ്ജയ് ഖന്ന പറഞ്ഞു. ‘പവറിംഗ് കേരളാസ് നെക്സ്റ്റ് ഇന്‍ഡസ്ട്രിയല്‍ ലീപ്പ്’ എന്ന വിഷയത്തില്‍ നടന്ന മറ്റൊരു സെഷനില്‍ കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണമൂര്‍ത്തി, ബിപിടി എക്സിക്യുട്ടീവ് ചെയര്‍മാന്‍ അജിത് കുമാര്‍ കെ, കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീമുമാര്‍ നായര്‍ (റിട്ട) എന്നിവര്‍ പങ്കെടുത്തു. വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ് മോഡറേറ്ററായിരുന്നു.

  ഇന്ത്യ അതുല്യമായൊരു ഡെസ്റ്റിനേഷൻ, അതിന്‍റെ എല്ലാ കോണിലും കഥകളുണ്ട്: ശ്രീലങ്കന്‍ സഞ്ചാരി
Maintained By : Studio3