August 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെ.എസ്.ഐ.ഇ ക്ക് സംസ്ഥാനവ്യവസായ വാണിജ്യ വകുപ്പ് പുരസ്കാരം

1 min read

തിരുവനന്തപുരം: മികച്ച പ്രകടനത്തിനുള്ള പൊതുമേഖലാ സ്ഥാപനത്തിനായി വ്യവസായ വാണിജ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്ക്കാരം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) ലഭിച്ചു. 2024-25 കാലയളവിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. 50 കോടിക്കും 100 കോടിക്കും ഇടയില്‍ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് കെ.എസ്.ഐ.ഇ പുരസ്കാരത്തിന് അര്‍ഹമായത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (ബി.പി.ടി) ആണ് പൊതുമേഖലായ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ഐ.ഇ എട്ട് കോടി രൂപ ലാഭം നേടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വ്യവസായ സാധ്യതകളും തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തിയ ഒരേയൊരു പൊതുമേഖലാ സ്ഥാപനവും കെ.എസ്.ഐ.ഇ ആണ്. വിമാന ചരക്കുനീക്കത്തിലും തുറമുഖ ചരക്കുനീക്കത്തിലും 50 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയം ഈ സ്ഥാപനത്തിനുണ്ട്. മാറുന്ന കാലത്തിനൊത്ത് പ്രവര്‍ത്തന തന്ത്രങ്ങള്‍ പുനഃക്രമീകരിക്കാനും വൈവിധ്യവത്കരിക്കാനും കെ.എസ്.ഐ.ഇ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഉത്പാദന- സേവനമേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഐ.ഇ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി എം ഡി ഡോ. ബി ശ്രീകുമാര്‍ അറിയിച്ചു. 1973 മുതല്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്. പൊതുമേഖലയിലെ പ്രവര്‍ത്തനരഹിതമായ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രവര്‍ത്തനമാരംഭിച്ച് 20 വര്‍ഷത്തിനുള്ളില്‍ തന്നെ 1993-ല്‍ കെ.എസ്.ഐ.ഇ തങ്ങളുടെ ഉപസ്ഥാപനങ്ങളെ സ്വതന്ത്ര സ്ഥാപനങ്ങളാക്കി മാറ്റിയിരുന്നു. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍, കോഴിക്കോട്ടെ കേരള സോപ്പ്സ്, കളമശ്ശേരിയിലെ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ എന്നിവയാണ് കെ.എസ്.ഐ.ഇയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. ഇതിനു പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ബിസിനസ് സെന്‍ററുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുകയും തലസ്ഥാനത്തുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.

  മോള്‍ബയോ ഡയഗ്നോസ്റ്റിക്സ് ഐപിഒ
Maintained By : Studio3