ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ സംസ്ഥാന ബജറ്റ് ശക്തിപ്പെടുത്തും
![](https://futurekerala.in/wp-content/uploads/2022/07/Anoop-Ambika-2.jpg)
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന സംസ്ഥാന ബജറ്റില്‍ ഐടി മേഖലയ്ക്കായി 517.64 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഗ്ലോബല്‍ കാപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസി) വികസിപ്പിക്കുന്നതിനും ഫിന്‍ടെക് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്‍റെ മാറ്റത്തിന് യോജിച്ച നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, അഡ്വാന്‍സ്ഡ് അനലിറ്റിക്സ്, പ്രോഡക്ട് മാനേജ്മെന്‍റ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നിവ സാധ്യമാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിസിസികളിലൂടെ വലിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്പനികള്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനാല്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബജറ്റില്‍ വലിയ പ്രാധാന്യം ലഭിച്ചെന്നതും ശ്രദ്ധേയം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സാധ്യതാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും ഉള്‍പ്പെടെ ജിസിസി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി 5 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഈ വര്‍ഷം ഒരു അന്താരാഷ്ട്ര ജിസിസി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിന് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഫിന്‍ടെക് മേഖലയുടെ വികസനത്തിനായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍, ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ക്രോസ്-സെക്ടര്‍ സ്ഥാപനങ്ങള്‍ എന്നിവ ഫിന്‍ടെക്കുകളുടെ ഭാഗമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍, സെര്‍വര്‍-ലെസ് ആര്‍ക്കിടെക്ചര്‍, സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്, ഹൈപ്പര്‍ ഓട്ടോമേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ ഫിന്‍ടെക് മേഖല മുന്നേറ്റത്തിന്‍റെ പാതയിലാണ്. കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് കൊണ്ടുവന്ന് പദ്ധതികള്‍ രൂപപ്പെടുത്തും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോ-വര്‍ക്കിംഗ് സ്പേസ് സ്ഥാപിക്കുന്നതിന് വായ്പ നല്‍കുമെന്നും ഇതിനായി 10 കോടി രൂപ വകയിരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഏജന്‍റിക് ഹാക്കത്തോണ്‍ നടത്തുന്നതിന് ഒരു കോടി രൂപ വകയിരുത്തി. കെഎസ് യുഎമ്മിന്‍റെ ഫ്രീഡം സ്ക്വയര്‍ പദ്ധതിക്ക് രണ്ട് കോടി രൂപയും ടെക്നോസിറ്റിയിലെ കെഎസ് യുഎമ്മിന്‍റെ നിര്‍ദ്ദിഷ്ട എമര്‍ജിംഗ് ടെക്നോളജി ഹബ് പദ്ധതിക്ക് 5 കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തുടനീളമുള്ള കെഎസ് യുഎമ്മിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി യങ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ 90.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ (ജിപിയു) ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിനായി കെഎസ് യുഎമ്മിന് 10 കോടി രൂപയും കെഎസ് യുഎമ്മിന്‍റെ ഫണ്ട്-ഓഫ്-ഫണ്ട് സ്കീമിലേക്ക് 10 കോടി അധിക തുകയും അനുവദിച്ചു.