മൂന്ന് വര്‍ഷത്തിനുള്ളില്‍ അധികമായി 75 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ അനുവദിക്കാൻ കേന്ദ്രം
ന്യൂഡല്‍ഹി: പിഎം ഉജ്വല യോജന (പിഎംയുവൈ) വിപുലീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷം എല്‍പിജി കണക്ഷനുകള്‍ അനുവദിക്കും. 75 ലക്ഷം ഉജ്വല കണക്ഷനുകള്‍ കൂടി നല്‍കുന്നതിലൂടെ പിഎംയുവൈ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും. ഉജ്വല 2.0 യുടെ നിലവിലുള്ള രീതി അനുസരിച്ച്, ഉജ്വല ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ റീഫില്ലിങ്ങും സ്റ്റൗവും സൗജന്യമായി നല്‍കും. പിഎംയുവൈ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 12 എണ്ണം വരെ റീഫില്‍ ചെയ്യുന്നതിന് 14.2 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന് 200 രൂപ സബ്സിഡി ലക്ഷ്യമിടുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 2400 കോടി പേര്‍ (ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന്), മണ്ണെണ്ണ, ജൈവവസ്തുക്കള്‍ (മരം, മൃഗങ്ങളുടെ ചാണകം, വിള അവശിഷ്ടങ്ങള്‍ മുതലായവ), കല്‍ക്കരി എന്നിവ ഇന്ധനമാക്കി തുറന്ന പ്രതലത്തിലുള്ള തീയിലോ കാര്യക്ഷമമല്ലാത്ത അടുപ്പുകളിലോ ആണ് പാചകം ചെയ്യുന്നത്. ഇത് ഹാനികരമായ ഗാര്‍ഹിക വായുമലിനീകരണത്തിലേക്ക് നയിക്കുന്നു. ഇത് 2020-ല്‍ പ്രതിവര്‍ഷം 3.2 ദശലക്ഷം മരണങ്ങള്‍ക്കു കാരണമായി. ഇതില്‍ 2,37,000-ത്തിലധികം 5 വയസ്സിന് താഴെയുള്ള കുട്ടികളാണ്. മുന്‍കാലങ്ങളില്‍, ഇന്ത്യയിലെ ദരിദ്ര സമൂഹങ്ങള്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍, പ്രതികൂലമായ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെ, പരമ്പരാഗത ഇന്ധനങ്ങളായ വിറക്, കല്‍ക്കരി, ചാണകവറളികള്‍ എന്നിവ ഉപയോഗിച്ചിരുന്നു. തല്‍ഫലമായി, അടിസ്ഥാനകാരണം അറിയാതെ അവര്‍ ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ടു. ന്യുമോണിയ, ശ്വാസകോശ അര്‍ബുദം, ഇസ്‌കീമിക് ഹാര്‍ട്ട്, ശ്വാസകോശ സംബന്ധമായ വിട്ടുമാറാത്ത അസുഖങ്ങള്‍ തുടങ്ങിയവ മൂലമുള്ള ഉയര്‍ന്ന മരണ സാധ്യത വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാചകത്തിനായി പുനരുപയോഗിക്കാനാകാത്ത വിറക് ഇന്ധനങ്ങള്‍ ഒരു ജിഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളലിനു കാരണമാകുന്നു. കൂടാതെ പാര്‍പ്പിട ഖര ഇന്ധനങ്ങള്‍ കത്തിക്കുന്നത് 58 ശതമാനം കറുത്ത കാര്‍ബണ്‍ പുറന്തള്ളല്‍ ഉള്‍ക്കൊള്ളുന്നു. ഖര ജൈവവസ്തുക്കളുടെ അപൂര്‍ണ ജ്വലനം ഗാര്‍ഹിക വായു മലിനീകരണത്തിന്റെ തോത് കൂട്ടുന്നു.