കര്‍ഷകര്‍ക്കായി സവിശേഷ പാക്കേജുമായി കേന്ദ്ര സർക്കാർ
ന്യൂ ഡല്‍ഹി: പധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) കര്‍ഷകര്‍ക്കായി മൊത്തം 3,70,128.7 കോടി രൂപയുടെ നൂതന പദ്ധതികളുടെ സവിശേഷ പാക്കേജിന് അംഗീകാരം നല്‍കി. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകരുടെ മൊത്തത്തിലുള്ള ക്ഷേമത്തിലും സാമ്പത്തിക പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതികളുടെ ഈ പാക്കേജ്. ഈ സംരംഭങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പ്രകൃതിദത്തകൃഷി/ജൈവക്കൃഷി ശക്തിപ്പെടുത്തുകയും മണ്ണിന്റെ ഉല്‍പ്പാദനക്ഷമത പുനരുജ്ജീവിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
നികുതിയും വേപ്പുപൂശല്‍ നിരക്കുകളും ഒഴികെ 242 രൂപയ്ക്ക് 45 കിലോഗ്രാം ചാക്ക് എന്ന അതേ വിലയില്‍ കര്‍ഷകര്‍ക്ക് യൂറിയയുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിന് യൂറിയ സബ്സിഡി പദ്ധതി തുടരുന്നതിനും സിസിഇഎ അംഗീകാരമേകി. മേല്‍പ്പറഞ്ഞ അംഗീകൃത പാക്കേജില്‍ മൂന്നു വര്‍ഷത്തേക്ക് (2022-23 മുതല്‍ 2024-25 വരെ) യൂറിയ സബ്സിഡിക്കായി 3,68,676.7 കോടി രൂപ നീക്കിവച്ചു. 2023-24ലെ ഖാരിഫ് കാലയളവില്‍ അടുത്തിടെ അംഗീകരിച്ച 38,000 കോടി രൂപയുടെ പോഷകാധിഷ്ഠിത സബ്സിഡിക്കു പുറമെയാണിത്. യൂറിയ വാങ്ങാന്‍ കര്‍ഷകര്‍ അധിക തുക ചെലവഴിക്കേണ്ടതില്ല. ഇത് അവരുടെ പ്രവര്‍ത്തനച്ചെലവു നിയന്ത്രിക്കാന്‍ സഹായിക്കും. നിലവില്‍, യൂറിയയുടെ പരമാവധി വില 45 കിലോഗ്രാം യൂറിയയ്ക്ക് 242 രൂപയാണ് (വേപ്പു പൂശുന്നതിനുള്ള നിരക്കുകളും ബാധകമായ നികുതികളും ഒഴികെ). അതേസമയം ബാഗിന്റെ യഥാര്‍ഥ വില ഏകദേശം 2200 രൂപയാണ്. ബജറ്റ് പിന്തുണയിലൂടെ ഇന്ത്യാഗവണ്മെന്റാണ് ഈ പദ്ധതിക്കു പൂര്‍ണമായും ധനസഹായം നല്‍കുന്നത്. യൂറിയ സബ്സിഡി പദ്ധതിയുടെ തുടര്‍ച്ച സ്വയം പര്യാപ്തതയിലെത്താന്‍ യൂറിയയുടെ തദ്ദേശീയ ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കും.
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും കാരണം, വര്‍ഷങ്ങളായി ആഗോളതലത്തില്‍ രാസവളത്തിന്റെ വില പലമടങ്ങു വര്‍ധിക്കുകയാണ്. എന്നാല്‍ വളം സബ്സിഡി വര്‍ധിപ്പിച്ച് രാസവളത്തിന്റെ വില കുത്തനെ ഉയരുന്നതില്‍നിന്ന് ഇന്ത്യാ ഗവണ്മെന്റ് കര്‍ഷകരെ സംരക്ഷിച്ചു. നമ്മുടെ കര്‍ഷകരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കേന്ദ്ര ഗവണ്മെന്റ് രാസവളം സബ്സിഡി 2014-15ലെ 73,067 കോടി രൂപയില്‍നിന്ന് 2022-23ല്‍ 2,54,799 കോടി രൂപയായി ഉയര്‍ത്തി.
2025-26 ഓടെ പരമ്പരാഗത യൂറിയയുടെ 195 എല്‍എംടിക്ക് തുല്യമായ 44 കോടി കുപ്പികളുടെ ഉല്‍പ്പാദനശേഷിയുള്ള എട്ട് നാനോ യൂറിയ പ്ലാന്റുകള്‍ സ്ഥാപിക്കും. നാനോ വളം നിയന്ത്രിത രീതിയില്‍ പോഷകങ്ങള്‍ പുറത്തുവിടുന്നു. ഇത് ഉയര്‍ന്ന പോഷക ഉപയോഗ കാര്യക്ഷമതയ്ക്കും കര്‍ഷകരുടെ ചെലവു കുറയ്ക്കുന്നതിനും കാരണമാകുന്നു. നാനോ യൂറിയ പ്രയോഗിക്കുന്നത് വിളവു വര്‍ധിപ്പിക്കുകയും ചെയ്യും. 2025-26 ഓടെ യൂറിയയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കെവരിക്കാനുള്ള പാതയിലാണ് രാജ്യം
2018 മുതല്‍ ചമ്പല്‍ ഫെര്‍ട്ടി ലിമിറ്റഡ് – കോട്ട, രാജസ്ഥാന്‍; പാനാഗഢ്, പശ്ചിമബംഗാള്‍; രാമഗുണ്ഡം-തെലങ്കാന; ഗോരഖ്പൂര്‍-യുപി; സിന്ദ്രി-ഝാര്‍ഖണ്ഡ്; ബറൗനി-ബിഹാര്‍ എന്നിവിടങ്ങളില്‍ 6 യൂറിയ ഉല്‍പ്പാദനയൂണിറ്റുകള്‍ സ്ഥാപിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇത് യൂറിയ ഉല്‍പ്പാദനത്തിന്റെയും ലഭ്യതയുടെയും കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ സഹായിക്കുന്നു. 2014-15ല്‍ 225 എല്‍എംടി ആയിരുന്ന യൂറിയയുടെ തദ്ദേശീയ ഉല്‍പ്പാദനം 2021-22ല്‍ 250 എല്‍എംടി ആയി ഉയര്‍ന്നു. 2022-23ല്‍ ഉല്‍പ്പാദനശേഷി 284 എല്‍എംടി ആയി. നാനോ യൂറിയ പ്ലാന്റുകള്‍ക്കൊപ്പം ഇവയും യൂറിയയുടെ നിലവിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും 2025-26 ഓടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും ചെയ്യും.
ഭൂമി എല്ലായ്‌പ്പോഴും മനുഷ്യരാശിക്കു സമൃദ്ധമായ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പ്രകൃതിദത്തമായ കൃഷിരീതികളിലേക്കും രാസവളങ്ങളുടെ സന്തുലിത/സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലേക്കും മടങ്ങേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രകൃതിദത്ത/ജൈവ കൃഷി, ബദല്‍ വളങ്ങള്‍, നാനോ വളങ്ങള്‍, ജൈവവളങ്ങള്‍ തുടങ്ങിയ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു നമ്മുടെ ഭൂമിയുടെ ഫലഭൂയിഷ്ഠത പുനഃസ്ഥാപിക്കാന്‍ സഹായിക്കും. ബദല്‍ രാസവളങ്ങളും രാസവളങ്ങളുടെ സന്തുലിത ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഭൂമിമാതാവിന്റെ പുനഃസ്ഥാപനം, അവബോധം സൃഷ്ടിക്കല്‍, പോഷണം, മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള പ്രധാനമന്ത്രിയുടെ പരിപാടി (പിഎംപ്രണാം)’ ആരംഭിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഗോബര്‍ധന്‍ പ്ലാന്റുകളില്‍ നിന്നുള്ള ജൈവ വളങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വിപണി വികസന സഹായത്തിന് (എംഡിഎ) 1451.84 കോടി രൂപ അനുവദിച്ചു. ഇന്നത്തെ അംഗീകൃത പാക്കേജില്‍ ഭൂമിയുടെ പുനഃസ്ഥാപനം, പോഷണം, മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കുള്ള നൂതനമായ പ്രോത്സാഹന സംവിധാനവും ഉള്‍പ്പെടുന്നു. ജൈവ വളങ്ങളുടെ വിപണനത്തെ പിന്തുണയ്ക്കുന്നതിനായി മെട്രിക് ടണ്ണിന് 1500 രൂപയുടെ വിപണി വികസന സഹായ (MDA) പദ്ധതി നടപ്പാക്കും. ഗോബര്‍ധന്‍ സംരംഭത്തിനുകീഴില്‍ സ്ഥാപിച്ച ബയോ ഗ്യാസ്/കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകളില്‍നിന്ന് ഉപോല്‍പ്പന്നമായി ഉല്‍പ്പാദിപ്പിക്കുന്ന പുളിപ്പിച്ച ജൈവ വളങ്ങള്‍ (FOM) / {ദവീകൃത എഫ്ഒഎം / ഫോസ്‌ഫേറ്റ് സമ്പുഷ്ട ജൈവ വളങ്ങള്‍ (PROM) എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇത്തരം ജൈവ വളങ്ങള്‍ ഭാരത് ബ്രാന്‍ഡ് FOM, LFOM, PROM എന്നീ പേരുകളില്‍ ബ്രാന്‍ഡ് ചെയ്യപ്പെടും. ഇത് ഒരുവശത്ത് വിളകളുടെ അവശിഷ്ടങ്ങളും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളി അഭിമുഖീകരിക്കാന്‍ സഹായിക്കും. പരിസ്ഥിതി വൃത്തിയുള്ളതും സുരക്ഷിതവുമായി നിലനിര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് അധിക വരുമാനമാര്‍ഗം പ്രദാനം ചെയ്യുന്നതിനും ഇതു സഹായിക്കും. കര്‍ഷകര്‍ക്കു മിതമായ നിരക്കില്‍ ജൈവവളങ്ങള്‍ ലഭിക്കും.
ഈ ബിജി/സിബിജി പ്ലാന്റുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും. ചാക്രിക സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോബര്‍ധന്‍ പദ്ധതിക്ക് കീഴില്‍ 500 പുതിയ ‘മാലിന്യത്തില്‍നിന്നു സമ്പത്ത്’ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കാന്‍ ഈ സംരംഭം സഹായിക്കും.
സുസ്ഥിര കാര്‍ഷിക സമ്പ്രദായമായി പ്രകൃതിദത്തകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതു മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുകയും കര്‍ഷകരുടെ പ്രവര്‍ത്തനച്ചെലവു കുറയ്ക്കുകയും ചെയ്യും. 425 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പ്രകൃതിദത്ത കൃഷി രീതികളെക്കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ നടത്തുകയും 6.8 ലക്ഷം കര്‍ഷകരെ ഉള്‍പ്പെടുത്തി 6777 ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2023 ജൂലൈ-ഓഗസ്റ്റ് അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ബിഎസ്സി, എംഎസ്സി പരിപാടികള്‍ക്കായി പ്രകൃതിദത്ത കൃഷിക്കുള്ള കോഴ്‌സ് പാഠ്യപദ്ധതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സള്‍ഫര്‍ പൂശിയ യൂറിയ (യൂറിയ ഗോള്‍ഡ്) അവതരിപ്പിക്കല്‍; മണ്ണിലെ സള്‍ഫര്‍ക്ഷാമം പരിഹരിക്കുന്നതിനും കര്‍ഷകരുടെ പ്രവര്‍ത്തനച്ചെലവ് ലാഭിക്കുന്നതിനും സള്‍ഫര്‍ പൂശിയ യൂറിയ (യൂറിയ ഗോള്‍ഡ്) രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നു എന്നുള്ളതുമാണു പാക്കേജിലെ മറ്റൊരു സംരംഭം. നിലവില്‍ ഉപയോഗിക്കുന്ന വേപ്പു പൂശിയ യൂറിയയേക്കാള്‍ ലാഭകരവും കാര്യക്ഷമവുമാണ് ഇത്. ഇതു രാജ്യത്തെ മണ്ണിലെ സള്‍ഫര്‍ക്ഷാമം പരിഹരിക്കും. ഇത് കര്‍ഷകരുടെ പ്രവര്‍ത്തനച്ചെലവു ലാഭിക്കുകയും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും.