പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ നിര്‍മ്മിതികള്‍ കാല്‍നട യാത്രാ സൗഹൃദമായി രൂപകല്‍പ്പന ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ടുവച്ച് ഡിസൈന്‍ പോളിസി ശില്‍പ്പശാല
1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ നിര്‍മ്മിതികള്‍ കാല്‍നട യാത്രാ സൗഹൃദമായി രൂപകല്‍പ്പന ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ടുവച്ച് ഡിസൈന്‍ പോളിസി ശില്‍പ്പശാല. കാല്‍നടയാത്രക്കാരെ പരിഗണിക്കുന്നതിനൊപ്പം വനിതാ, ശിശു സൗഹൃദമായി എല്ലാ ടൂറിസം കേന്ദ്രങ്ങളും മാറണമെന്നും ഓട്ടോറിക്ഷകളെ ടൂറിസം ഉത്പന്നമായും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ടൂറിസം അംബാസഡര്‍മാരുമായി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ടൂറിസം, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ ബൈ ഡിസൈന്‍’ ത്രിദിന ഡിസൈന്‍ പോളിസി ശില്‍പ്പശാലയുടെ സമാപന സമ്മേളനത്തില്‍ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഡയറക്ടര്‍ പ്രൊഫ. പ്രവീണ്‍ നഹാറില്‍ നിന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കരട് ഡിസൈന്‍ നയരേഖ ഏറ്റുവാങ്ങി.
കേരളത്തിന്‍റെ പശ്ചാത്തല വികസന മേഖലയില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ രൂപകല്‍പ്പന നയം തയ്യാറാക്കുന്നതിനായിട്ടാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍, തെരുവുകള്‍ മുതലായവയുടെ രൂപകല്‍പ്പന സംബന്ധിച്ച് സമഗ്ര നയം തയ്യാറാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ ശില്‍പ്പശാല മുന്നോട്ടുവച്ചു.
പ്രത്യേക ടൂറിസം മേഖല, പ്രത്യേക ഹെറിറ്റേജ് മേഖല എന്നിങ്ങനെ പ്രദേശങ്ങളെ ഡിസൈന്‍ ചെയ്യാമെന്ന് ശില്‍പ്പശാല നിര്‍ദേശിക്കുന്നു. സൈനേജുകളുടെ നവീകരണം, സൈനേജുകള്‍ക്കും ലൈറ്റിംഗിനുമുള്ള ഡിസൈന്‍ മാന്വല്‍ തയ്യാറാക്കല്‍, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിനായി പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കുക, ക്രാഫ്റ്റ് ഡിസൈന്‍ സെന്‍ററുകള്‍ സ്ഥാപിക്കുക, കേരളീയ കരകൗശല വസ്തുക്കളുടെയും കലകളുടെയും ബ്രാന്‍ഡ് സൃഷ്ടിക്കുക, കരകൗശല നിര്‍മ്മാണ സമൂഹത്തിനെ പ്രത്യേക പരിഗണന നല്‍കുക, പൊതുമരാമത്ത്-ടൂറിസം സംയോജിത പ്രവര്‍ത്തനത്തിനായി കേന്ദ്രീകൃത ഡാറ്റ മാനേജ്മെന്‍റ് സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.
ഡിസൈന്‍ പോളിസി ശില്‍പ്പശാലയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദഗ്ധരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ച്ചില്‍ വിലയിരുത്തല്‍ യോഗം ചേരുമെന്നും കരട് ഡിസൈന്‍ നയരേഖ ഏറ്റുവാങ്ങിക്കൊണ്ട് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2023 ല്‍ തന്നെ പോളിസിയിലെ മിക്ക നിര്‍ദേശങ്ങളും നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈന്‍ പോളിസിക്ക് സോഷ്യല്‍ മീഡിയയില്‍ അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭിച്ചത്. പോളിസി നടപ്പാക്കുമ്പോള്‍ ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.