November 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാതൃഭൂമി അക്ഷരോത്സവം നാലാം പതിപ്പിന് ഫെബ്രുവരി രണ്ടിന് തുടക്കം

തിരുവനന്തപുരം: മാതൃഭൂമിയുടെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ലോക ക്ലാസിക്കുകളുടെ വാര്‍ഷികാഘോഷത്തിനു കൂടി വേദിയാകും. ഫെബ്രുവരി രണ്ടിനാണ് കനക്കുന്നില്‍ അക്ഷരോത്സവം (എം.ബി.ഐ.എഫ്.എല്‍. 23) ആരംഭിക്കുന്നത്. രാവിലെ 10 ന് മലയാളത്തിന്‍റെ ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായരുടെ ആമുഖ പ്രഭാഷണത്തോടെ സെഷനുകള്‍ക്ക് തുടക്കമാകും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

മഹാകവി കുമാരനാശാന്‍റെ ‘ചണ്ഡാലഭിക്ഷുകി’, ഖലീല്‍ ജിബ്രാന്‍റെ ‘ദ പ്രൊഫെറ്റ്’, ടി.എസ്. എലിയറ്റിന്‍റെ ‘ദി വേസ്റ്റ്ലാന്‍ഡ്’ എന്നീ കൃതികളുടെ നൂറാം വാര്‍ഷികാഘോഷത്തിനു കൂടി അക്ഷരോത്സവം വേദിയാകും. ഈ വിഖ്യാത കൃതികളെക്കുറിച്ചുള്ള പ്രഭാഷണം ഫെബ്രുവരി ഒന്നിന് നടക്കും. ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ചിന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പതാക ഉയര്‍ത്തി അക്ഷരോത്സവത്തിന് തുടക്കം കുറിക്കും. സാഹിത്യപ്രതിഭകള്‍ക്കൊപ്പം സിനിമ, കല, മാധ്യമപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള വേദിയായി ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന അക്ഷരോത്സവം മാറും. കൂടാതെ മണിപ്പൂരി ശാസ്ത്രീയനൃത്തമായ പുങ് ചോലോം, നൃത്തനാടകം ‘രാസ് ലീല’ എന്നിവയുള്‍പ്പെടെയുള്ള സാംസ്കാരിക പരിപാടികളും സായാഹ്നത്തെ ആകര്‍ഷകമാക്കും.

ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക ചുറ്റുപാടിനെയും ജാതിവ്യവസ്ഥയെയും പ്രതിഫലിപ്പിക്കുകയും ജാത്യാചാരങ്ങളുടെ അര്‍ഥശൂന്യത വെളിവാക്കുകയും ചെയ്യുന്ന കൃതിയാണ് മലയാളത്തിലെ പ്രധാന ക്ലാസിക്കുകളിലൊന്നായ ‘ചണ്ഡാലഭിക്ഷുകി’ (1922). 1948 ല്‍ ടി.എസ്. എലിയറ്റിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്ത ‘ദി വേസ്റ്റ്ലാന്‍ഡ്’ (1922) യുദ്ധാനന്തര യൂറോപ്യന്‍ ചരിത്രത്തിന്‍റെ ഇരുളടഞ്ഞ അധ്യായത്തെ അടയാളപ്പെടുത്തുന്നു. 26 കാവ്യാത്മക ലേഖനങ്ങളടങ്ങിയ ഖലീല്‍ ജിബ്രാന്‍റെ ‘ദി പ്രൊഫെറ്റ്’ (1923) മലയാളമുള്‍പ്പെടെ നൂറിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

‘ക ഫെസ്റ്റിവെല്‍’ എന്നറിയപ്പെടുന്ന അക്ഷരോത്സവത്തില്‍ നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠ ജേതാക്കളുള്‍പ്പെടെ ലോകമെമ്പാടുമുള്ള 400 ലധികം പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും. ‘ചരിത്രത്തിന്‍റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍’ എന്നതാണ് അക്ഷരോത്സവത്തിന്‍റെ പ്രമേയം. എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാ, കഥാവായനകള്‍ എന്നിവ സെഷനുകളെ സമ്പന്നമാക്കും.

അക്ഷരോത്സവത്തിന്‍റെ ആദ്യ ദിവസം ടാന്‍സാനിയന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റും നോബേല്‍ ജേതാവുമായ അബ്ദുള്‍റസാഖ് ഗുര്‍ണ ‘ചരിത്രത്തിന്‍റെ നിഴലില്‍ ഭാവിയുടെ വെളിച്ചത്തില്‍’ എന്ന വിഷയത്തിലും, ബുക്കര്‍ ജേതാവായ ഒമാനി നോവലിസ്റ്റ് ജോഖ അല്‍ ഹാര്‍ത്തി ‘ഫിക്ഷന്‍, അറബ് സ്ത്രീകളുടെ ശാക്തീകരണത്തിനുള്ള ഉപാധിയാകുമ്പോള്‍’, ഐറിഷ് എഴുത്തുകാരന്‍ കോളം മക്കാന്‍ ‘ഫിക്ഷനും സമകാലിക രാഷ്ട്രീയവും’ എന്ന വിഷയത്തിലും സംസാരിക്കും. ‘സ്റ്റോറീസ് ഓഫ് ദി മോര്‍ ദാന്‍ ഹ്യൂമന്‍: ഫിക്ഷന്‍ ഇന്‍ ആന്‍ ഏജ് ഓഫ് പ്ലാനറ്ററി ക്രൈസിസ്’ എന്ന വിഷയത്തില്‍ ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷും, ‘ലൈറ്റ്സ് ഓഫ് ഫ്യൂച്ചര്‍: എം.ബി.ഐ.എഫ്.എല്‍. ഇന്‍സ്പിരേഷന്‍സ്’ എന്ന വിഷയത്തില്‍ സുധാമൂര്‍ത്തിയും ആദ്യദിനത്തില്‍ സംസാരിക്കും.

ഷാജഹാന്‍ മാടമ്പാട്ടുമായുള്ള സംഭാഷണത്തില്‍ അമിതാവ് ഘോഷ് ‘ജീവിതവും എഴുത്തും’ എന്ന വിഷയത്തില്‍ തന്‍റെ ഉള്‍ക്കാഴ്ചകള്‍ പങ്കിടും. സുധാമൂര്‍ത്തി പെന്‍ഗ്വിന്‍ റാന്‍ഡംഹൗസ് ഇന്ത്യ പ്രസാധക മിലി അശ്വര്യയുമായി ‘വേര്‍ഡ്സ് ഓഫ് വിസ്ഡം’ എന്ന വിഷയത്തില്‍ സംഭാഷണത്തിലേര്‍പ്പെടും. കേരള ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും ആദ്യദിവസം വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിക്കും.

ഫെബ്രുവരി രണ്ടിന് ബ്രിട്ടീഷ് ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ കീ ‘കോണ്‍ക്വറിങ് ദ റൂഫ് ഓഫ് ദ വേള്‍ഡ്’ എന്ന വിഷയത്തില്‍ പൂജാനായരുമായും, കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീ സംഗീത ഗവേഷകന്‍ രവി മേനോനുമായും മുഖാമുഖം നടത്തും. ഫെബ്രുവരി അഞ്ചിന് സമാപന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സംബന്ധിക്കും.
  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍
Maintained By : Studio3