കേരളം സമഗ്ര ഡിസൈന്‍ നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
1 min read
തിരുവനന്തപുരം: നൂതനത്വവും മത്സരക്ഷമതയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമഗ്ര ഡിസൈന്‍ നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ഡിസൈന്‍ സമന്വിത അന്തരീക്ഷം നിര്‍മ്മിക്കുന്നതിനും സംസ്ഥാനത്തെ ഒരു പ്രധാന ഡിസൈന്‍ ഹബ്ബായി അടയാളപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ ബൈ ഡിസൈന്‍’ ത്രിദിന ഡിസൈന്‍ പോളിസി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ ടൂറിസം പ്രദേശങ്ങള്‍, പൊതു ഇടങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, തെരുവുകള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്‍പ്പന സംബന്ധിച്ച് കേരളത്തിന്‍റേതായ ഒരു കരട് നയം രൂപപ്പെടുത്തുകയാണ് ത്രിദിന ശില്‍പ്പശാലയുടെ ലക്ഷ്യം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഡിസൈന്‍ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഡിസൈന്‍ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉതകുന്നതായിരിക്കും ഈ നയം.
പുതുമയും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഉള്‍പ്പെടുന്നതും ആഭ്യന്തര, ആഗോള വിപണി ലക്ഷ്യമിടുന്ന ഡിസൈന്‍ സമന്വിത അന്തരീക്ഷത്തിലേക്ക് നയിക്കുന്നതുമായിരിക്കണം ഡിസൈന്‍ പോളിസിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രൂപകല്‍പ്പനയിലെ കഴിവുകള്‍ വികസിപ്പിക്കുകയും സാങ്കേതിക വികസനത്തിന് പിന്തുണ നല്‍കുകയും സാമ്പത്തിക ഇടപെടലുകള്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതായിരിക്കണം ഡിസൈന്‍ നയം. സര്‍ഗാത്മകതയും നൂതനത്വവും, സാങ്കേതികതയും ഉപഭോക്താക്കളും, ഉപഭോക്താക്കളുടെ താത്പര്യവും വിപണിയും തമ്മിലുള്ള വിടവ് നികത്തുകയും ചെയ്യണം. ബിസിനസുകളും പൊതുസമൂഹവും ഡിസൈന്‍ ഉള്‍ക്കൊള്ളുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.. ഡിസൈനര്‍മാരെയും ഡിസൈന്‍ സ്ഥാപനങ്ങളെയും മെച്ചപ്പെടുത്തുന്നതിലൂടെയും അവരുടെ കഴിവുകളെയും നൂതന ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവരെ അവരെ പിന്തുണയ്ക്കുന്നതിലൂടെയും ഡിസൈന്‍ മേഖലയുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസം, പൊതുമരാമത്ത് വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെ അഭിനന്ദിച്ച മുഖ്യമന്ത്രി ഒരു പ്രോജക്റ്റിന്‍റെയോ സ്കീമിന്‍റെയോ രൂപകല്പനാ വേളയില്‍ തന്നെ അതിനെ വിമര്‍ശനാത്മകമായി സമീപിക്കണമെന്ന് പറഞ്ഞു. സമയവും വിഭവങ്ങളും പാഴാകില്ലെന്ന് ഉറപ്പിക്കാന്‍ ആസൂത്രണ ഘട്ടം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കേരള സ്റ്റേറ്റ് ഡിസൈന്‍ പോളിസി ശില്‍പ്പശാല -2023 ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഡിസൈന്‍ പോളിസി സംരംഭം രാജ്യത്ത് അദ്യത്തേതായിരിക്കുമെന്നും ഇത് പൊതുമരാമത്ത്, ടൂറിസം മേഖലകളിലെ കെട്ടിടങ്ങള്‍ ആസൂത്രണ, രൂപകല്‍പ്പന, നിര്‍മ്മാണ സങ്കല്‍പ്പങ്ങളെ സമൂലമായി മാറ്റുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തെ ആഗോള വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് ഡിസൈന്‍ പോളിസി ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.