സൈനിക കരുത്തില്‍ ഇന്ത്യ നാലാമത്
ആഗോള ഫയര്‍ പവര്‍ സൂചിക പ്രസിദ്ധപ്പെടുത്തി
ന്യൂഡെല്‍ഹി: സൈനിക കരുത്തില്‍ ഇന്ത്യ നാലാമത.് ആഗോള ഫയര്‍ പവര്‍ സൂചിക പ്രസിദ്ധപ്പെടുത്തിയ പട്ടികയിലാണ് ഇക്കാര്യ സൂചിപ്പിക്കുന്നത്. 138 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ആക്രമണത്തിലും പ്രതിരോധത്തിലും നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷി കണക്കിലെടുത്താണ് രാജ്യങ്ങളെ വിലയിരുത്തിയിട്ടുള്ളത്.
പട്ടികയില്‍ ഒന്നാമത് അമേരിക്കതന്നെയാണ്. അവര്‍ക്ക് അറുപത്തിയെട്ട് അന്തര്‍വാഹിനികളും 40,000 കവചിത യുദ്ധ വാഹനങ്ങളുമുണ്ട്. 904 ആക്രമണ ഹെലിക്കോപ്റ്ററുകള്‍,11 വിവാന വാഹിനികള്‍ എന്നിവയും അവര്‍ക്ക് സ്വന്തം. രണ്ടാം സ്ഥാനത്ത് റഷ്യയാണ്. അവര്‍ക്ക് 189 യുദ്ധവിമാനങ്ങളും 538 ആക്രമണ ഹെലികോപ്റ്ററുകളുംഉണ്ട്. കൂടാതെ 13,000 ടാങ്കുകളും 64 അന്തര്‍വാഹിനികളുമുണ്ട്. മൂന്നാമത് ചൈനയാണ്. ഒന്നാം സൈനികശക്തിയില്‍ ഒന്നാമതെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളായി. 1,200 യുദ്ധവിമാനങ്ങളും 327 ആക്രമണ ഹെലികോപ്റ്ററുകളും എഴുപത്തിയൊമ്പത് അന്തര്‍വാഹിനികളുമാണ് ചൈനക്കുള്ളത്. കൂടാതെ 35,000 കവചിത വാഹനങ്ങളുണ്ട്.
ആഗോള ഫയര്‍ പവര്‍ സൂചികയില്‍ 542 യുദ്ധവിമാനങ്ങള്‍, 17 അന്തര്‍വാഹിനികള്‍, 4,730 ടാങ്കുകള്‍, 37 ആക്രമണ ഹെലികോപ്റ്ററുകള്‍ എന്നിവയുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യ കാലക്രമേണയാണ് ഈ സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. പ്രത്യേകിച്ചും ഫ്രാന്‍സ് ,ബ്രിട്ടന്‍ എന്നീ ശക്തികളെ മറികടന്നാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്.പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത് ജപ്പാനാണ്.2 ഹെലികോപ്റ്റര്‍ കാരിയറുകള്‍, 27 ഡിസ്‌ട്രോയറുകള്‍ എന്നിവ അവര്‍ക്കുണ്ട്.ദക്ഷിണ കൊറിയ ആറാമതും ഉത്തരകൊറിയ 28ാം സ്ഥാനത്തുമാണ്.
ഭൂമിശാസ്ത്രം മുതല്‍ ലോജിസ്റ്റിക്കല്‍ ശേഷി വരെയുള്ള അമ്പത് വ്യക്തിഗത ഘടകങ്ങള്‍ പരിശോധിച്ചാണ് ആഗോള ഫയര്‍ പവര്‍ സൂചിക തയ്യാറാക്കുന്നത്. മനുഷ്യവിഭവശേഷി, കരസേന, വ്യോമശക്തി, പ്രകൃതിവിഭവങ്ങള്‍, നാവിക സേന, ലോജിസ്റ്റിക്‌സ്, ധനകാര്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.മനുഷ്യവിഭവശേഷിക്ക് കീഴില്‍, മൊത്തം ജനസംഖ്യ, അര്‍ദ്ധസൈനികര്‍, വര്‍ഷം തോറുമുള്ള സൈനികരുടെ പ്രായം, സജീവ കരുതല്‍, സജീവ സേവനങ്ങള്‍ എന്നിവയാണ് പരിഗണിക്കുന്ന ഘടകങ്ങള്‍.
ഉപകരണങ്ങളുടെ കീഴില്‍, പരിശീലക കപ്പലുകള്‍, വിമാനവാഹിനികള്‍, ഹെലിക്കോപ്റ്ററുകള്‍, അറ്റാക്ക് ഫ്ഌറ്റുകള്‍, പീരങ്കികള്‍,ഡിസ്‌ട്രോയറുകള്‍, അന്തര്‍വാഹിനികള്‍, തീരദേശ പട്രോളിംഗ് ക്രാഫ്റ്റ്, ഫ്രിഗേറ്റുകള്‍, മൈന്‍ വാര്‍ഫെയര്‍ ക്രാഫ്റ്റ്, തീരദേശ പട്രോളിംഗ് ക്രാഫ്റ്റും ടാങ്കര്‍ കപ്പലുകളും തുടങ്ങി എല്ലാം പരിഗണിക്കപ്പെടും. ബാഹ്യ കടം, പ്രതിരോധ ബജറ്റ്, വിദേശനാണ്യത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കരുതല്‍, വാങ്ങല്‍ ശേഷിയിലെ തുല്യത എന്നിവ ധനകാര്യ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.
ഫയര്‍ പവര്‍ സൂചികയിലെ ശക്തമായ പത്താമത്തെ രാജ്യമാണ് പാക്കിസ്ഥാന്‍. സൈനിക ശക്തിയുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇസ്രായേല്‍, ഇന്തോനേഷ്യ, ഇറാന്‍, കാനഡ എന്നിവരെ മറികടന്നിട്ടുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായി അവര്‍ വാര്‍ഷിക ബജറ്റില്‍ നിന്ന് 7 ബില്യണ്‍ യുഎസ് ഡോളര്‍ നീക്കിവച്ചിട്ടുണ്ട്.