പരിക്കേറ്റ ചൈനാക്കാരെ ഖുറേഷി സന്ദര്‍ശിച്ചു
ഇസ്ലാമബാദ്: റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ തീവ്രവാദ ആക്രമണത്തില്‍ പരിക്കേറ്റ ചൈനീസ് പൗരന്മാരെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ ഖുറേഷിയോടൊപ്പം വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മഹമൂദ്, പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡര്‍ നോങ് റോംഗ് എന്നിവരുണ്ടായിരുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.പരിക്കേറ്റ ഓരോ ചൈനീസ് പൗരന്‍റെയും അവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഖുറേഷി വിശദമായി ചോദിച്ചു. വേഗം സുഖം പ്രാപിക്കാന്‍ സഹായിക്കുന്നതിന് മികച്ച ചികിത്സ നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
പാക്കിസ്ഥാനും ചൈനയും കഴിഞ്ഞ കാലങ്ങളില്‍ കൂട്ടായി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും പരസ്പരം പ്രയോജകരമായ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘പാക്കിസ്ഥാനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ ആഗ്രഹിക്കാത്ത ഘടകങ്ങളുണ്ടെന്ന കാര്യം ഞങ്ങള്‍ക്കറിയാം അവരാണ് ആക്രണണത്തിനു പിന്നില്‍’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റവാളികളെ കണ്ടെത്താനും അവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരാനും സാധ്യമായതെല്ലാം ചെയ്യാന്‍ പാക്കിസ്ഥാന്‍ ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 14 ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഒരു ചൈനീസ് കമ്പനി നിര്‍മ്മിക്കാന്‍ കരാറുള്ള ദാസു ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ സ്ഥലത്തേക്ക് പോകുമ്പോള്‍ വാഹനങ്ങള്‍ സ്ഫോടനത്തില്‍പ്പെട്ടു.ഇതില്‍ ഒമ്പത് ചൈനീസ് പൗരന്മാരും മൂന്ന് പാക്കിസ്ഥാനികളും കൊല്ലപ്പെടുകയും ചെയ്തു.