2020-21 നാലാംപാദം സ്വകാര്യ മാനുഫാക്ചറിംഗ് കമ്പനികളുടെ വില്‍പ്പനയില്‍ 30% വര്‍ധന
1 min readനാലാം പാദത്തില്‍ ഐടി മേഖലയിലെ കമ്പനികളുടെ വില്‍പ്പന വളര്‍ച്ച 6.4 ശതമാനമായി ഉയര്‍ന്നു
ന്യൂഡെല്‍ഹി: കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നിട്ടും, ലിസ്റ്റ് ചെയ്ത സ്വകാര്യ മാനുഫാക്ചറിംഗ് കമ്പനികളുടെ വില്‍പ്പന 2020-21 നാലാം പാദത്തില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 31 ശതമാനം ഉയര്‍ന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2020-21 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ സാമ്പത്തിക ഫലങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ലേക്ക് നീട്ടിയിരുന്നു. ഇതില്‍ നിന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്.
ലിസ്റ്റ് ചെയ്തിട്ടുള്ള 2,6081 സര്‍ക്കാരിതര- ധനകാര്യ ഇതര (എന്‍ജിഎന്‍എഫ്) കമ്പനികളുടെ ത്രൈമാസ സാമ്പത്തിക ഫലങ്ങളാണ് ആര്‍ബിഐ വിലയിരുത്തിയത്. ഇതില്‍ 1,633 മാനുഫാക്ചറിംഗ് കമ്പനികളുടെ വില്‍പ്പന ശരാശരി 31 ശതമാനം ഉയര്‍ന്നു. 2019-20 നാലാം പാദത്തിലെ 7.4 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ധന ഏറെ പ്രസക്തമാണെന്ന് ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നു.
റിസര്‍വ് ബാങ്ക് വിലയിരുത്തല്‍ അനുസരിച്ച്, വില്‍പ്പനയിലുണ്ടായ വര്‍ധന നിരവധി കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന കാലയളവുമായുള്ള താരതമ്യം നല്‍കുന്ന കുറഞ്ഞ അടിത്തറയും വിലയിലെ വ്യതിയാനവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.
2020-21 നാലാം പാദത്തില്‍ ഐടി മേഖലയിലെ കമ്പനികളുടെ വില്‍പ്പന വളര്‍ച്ച 6.4 ശതമാനമായി ഉയര്‍ന്നു. എന്നിരുന്നാലും, ഐടി ഇതര സേവന കമ്പനികളുടെ വില്‍പ്പന നാമമാത്ര വളര്‍ച്ചയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ മൂന്ന് പാദങ്ങളിലും ഇടിവായിരുന്നു ഈ മേഖല പ്രകടമാക്കിയിരുന്നത്. ട്രേഡിങ്ങ് കമ്പനികളാണ് നാലാം പാദത്തിലെ വീണ്ടെടുപ്പിനെ നയിച്ചതെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നു.
നാലാം പാദത്തില്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായതോടെ മാനുഫാക്ചറിംഗ് കമ്പനികള്‍ അസംസ്കൃത വസ്തുക്കളുടെ ചെലവ് വര്‍ധിപ്പിച്ചു. ജീവനക്കാര്‍ക്കായുള്ള ചെലവിടല്‍ മാനുഫാക്ചറിംഗ് കമ്പനികളുടെ കാര്യത്തില്‍ വര്‍ധിച്ചപ്പോള്‍ ഐടി കമ്പനികളുടെ കാര്യത്തില്‍ അത് മാറ്റമില്ലാതെ തുടരുകയായിരുന്നു. ഐടി ഇതര കമ്പനികളുടെ കാര്യത്തില്‍ ജീവനക്കാര്‍ക്കായുള്ള ചെലവിടല്‍ നാലാംപാദത്തിലും ഇടിവാണ് പ്രകടമാക്കിയത്.