November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

150 രൂപ നിരക്കില്‍ സര്‍ക്കാരിന് വാക്‌സിന്‍ നല്‍കുന്നത് കമ്പനിക്ക് നേട്ടമുണ്ടാക്കില്ലെന്ന് ഭാരത് ബയോടെക്

1 min read

സര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിലെ നഷ്ടം നികത്തുന്നതിനായി സ്വകാര്യ വിപണികളില്‍ നിന്നും ഉയര്‍ന്ന വില ഈടാക്കേണ്ടി വരും

ന്യൂഡെല്‍ഹി: ഒരു ഡോസിന് 150 രൂപ നിരക്കില്‍ സര്‍ക്കാരിന് വാക്‌സിന്‍ വിതരണം ചെയ്യുന്നത് ദീര്‍ഘാകാലാടിസ്ഥനത്തില്‍ കമ്പനിക്ക് താങ്ങാനാകുന്ന കാര്യമല്ലെന്നും 150 രൂപയെന്നത് മത്സരക്ഷമമായ വിലയല്ലെന്നും ഭാരത് ബേയോടെക് കമ്പനി. സര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിലെ നഷ്ടം നികത്തുന്നതിനായി സ്വകാര്യ വിപണികളില്‍ നിന്നും ഉയര്‍ന്ന വില ഈടാക്കേണ്ടി വരുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

അത്തരത്തിലുള്ള വില നയങ്ങള്‍ക്ക് വ്യക്തമായ ഉദാഹരണങ്ങള്‍ നിലവിലുണ്ടെന്നും ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍, ആഗോള വാക്‌സിന്‍ കൂട്ടായ്മയായ ഗാവിക്ക് ഡോസൊന്നിന് 320 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നതെന്നും എന്നാല്‍ സ്വകാര്യ വിപണിയില്‍ അതിന് 3,500 രൂപയാണ് വിലയെന്നും ഭാരത് ബയോടെക് കമ്പനി വിശദീകരിച്ചു.സമാനമായി റോട്ടവൈറസ് വാക്‌സിനുകള്‍ കേന്ദ്രസര്‍ക്കാരിന് ഒരു ഡോസിന് 60 രൂപയ്ക്കാണ് നല്‍കുന്നത്. എന്നാല്‍ അതിന് സ്വകാര്യവിപണിയില്‍ 1,700 രൂപ വിലയുണ്ട്. കോവിഡ്-19 വാക്‌സിന്റെ ഒരു ഡോസിന് അന്താരാഷ്ട്ര തലത്തില്‍ 10 ഡോളര്‍ മുതല്‍ 37 ഡോളര്‍ വരെയാണ് (730 രൂപ മുതല്‍ 2,700 രൂപ വരെ) വിലയെന്നും ഭാരത് ബയോടെക് കമ്പനി പറഞ്ഞു.

സര്‍ക്കാരിനും വന്‍കിട ഏജന്‍സികള്‍ക്കും നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന വിലക്കാണ് കോവാക്‌സിന്‍ സ്വകാര്യ മേഖലയ്ക്ക് വിതരണം ചെയ്യുന്നതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. കുറഞ്ഞ അളവില്‍ വാക്‌സിന്‍ വാങ്ങല്‍, ഉയര്‍ന്ന വിതരണച്ചിലവ്, റീട്ടെയ്ല്‍ ലാഭം തുടങ്ങി അടിസ്ഥാനപരമായ നിരവധി  ബിസിനസ് കാരണങ്ങള്‍ അതിന് പിന്നിലുണ്ടെന്ന് കമ്പനി പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം മൊത്തം കോവാക്‌സിന്‍ ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനമാണ് ഇതുവരെ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള ഡോസുകളുടെ ഭൂരിഭാഗവും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കാണ് വിതരണം ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍, എല്ലാ വിതരണങ്ങളിലും ഒരു ഡോസിന് ശരാശരി 250 രൂപയില്‍ താഴെ വിലയാണ് ഭാരത് ബയോടെക്കിന് ലഭിക്കുന്നത്. ഇനിയങ്ങോട്ട്, മൊത്തം ഉല്‍പ്പാദനത്തിന്റെ 75 ശതമാനം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കും ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കുമായിരിക്കും വിതരണം ചെയ്യുകയെന്നും കമ്പനി അറിയിച്ചു.

മറ്റ് മരുന്നുകളില്‍ നിന്നും വിഭിന്നമായി, വാക്‌സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായാണ് അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്യുന്നത്. അതിനാല്‍ സ്വകാര്യ ആശുപത്രികള്‍ വേണമെങ്കില്‍ വാക്‌സിനുകള്‍ വാങ്ങിയാല്‍ മതി അല്ലെങ്കില്‍, കൂടുതല്‍ സൗകര്യപ്രദമായി പണം കൊടുത്ത് വാക്‌സിന്‍ വാങ്ങണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തങ്ങളെ സംബന്ധിച്ചെടുത്തോളം വാക്‌സിന്‍ വില നിശ്ചയിക്കുന്നത് ബന്ധപ്പെട്ട അധികാരികള്‍ മാത്രം ഇടപെടേണ്ട കാര്യമാണ്. പ്രത്യേകിച്ച് സൗജന്യമായി ഇതേ വാക്‌സിന്‍ ഏവര്‍ക്കും ലഭ്യമാകുന്ന സാഹചര്യമുള്ളപ്പോള്‍, കമ്പനി പറഞ്ഞു.

കോവാക്‌സിന്‍ വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങള്‍ നടത്തുന്നതിനും നിര്‍മ്മാണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഭാരത് ബയോടെക് ഇതുവരെ 500 കോടി രൂപയാണ് സ്വന്തമായി നിക്ഷേപിച്ചിരിക്കുന്നത്. സാര്‍സ് കോവ്2 വൈറസ് ലഭ്യമാക്കല്‍, മൃഗങ്ങളിലെ പഠനം, വൈറസിന്റെ സ്വഭാവസവിശേഷതകള്‍ മനസിലാക്കല്‍, ടെസ്റ്റ് കിറ്റുകള്‍, ക്ലിനിക്കല്‍ പരീക്ഷണ ഇടങ്ങള്‍ക്കുള്ള ഭാഗിക ഫണ്ടിംഗ് എന്നീ കാര്യങ്ങളിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഭാരത് ബയോടെക്കുമായി സഹകരിക്കുന്നത്. വിലമതിക്കാനാകാത്ത ഈ സഹകരണത്തിന് പകരമായി ഭാരത് ബയോടെക്ക് ഐസിഎംആറിനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കും (എന്‍ഐവി) വാക്‌സിന്‍ വില്‍പ്പന അടിസ്ഥാനമാക്കി റോയലിറ്റി നല്‍കും.

കോവാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി സംസ്ഥാനങ്ങളില്‍ നിലവിലുള്ള നിര്‍മ്മാണ കേന്ദ്രങ്ങള്‍ പുതുക്കിപ്പണിയുന്നതിനും പുതിയ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമായി ഭാരത് ബയോടെക് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കോവാക്‌സിന്‍ നിര്‍മ്മാണത്തിന് മാത്രമായി ഉപയോഗിച്ചത് മൂലം മറ്റ് വാക്‌സിനുകളുടെ നിര്‍മ്മാണം കുറഞ്ഞെന്നും അത് വരുമാന നഷ്ടത്തിന് കാരണമായെന്നും ഭാരത് ബയോടെക് പറഞ്ഞു.

മാത്രമല്ല ഉല്‍പ്പന്നത്തിന്റെ കുറഞ്ഞ വില തദ്ദേശീയമായ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലുള്ള ആവേശം കുറയാന്‍ കാരണമായെന്നും കമ്പനി പറഞ്ഞു. ഉല്‍പ്പന്ന വികസനത്തിലും വന്‍തോതിലുള്ള ഉല്‍പ്പാദനത്തിലും പ്രത്യേക പാടവമുള്ള ഭാരത് ബയോടെക് പോലുള്ള കമ്പനികളില്‍ സര്‍ക്കാരിനും സ്വകാര്യ മേഖലയ്ക്ക് വ്യത്യസ്ത തരത്തിലുള്ള വില നയം നടപ്പിലാക്കാനുള്ള സൗകര്യമുണ്ടാകണമെന്നാണ് കമ്പനി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്ന്. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് വാക്‌സിനുകളുടെയും മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും കണ്ടുപിടിത്തങ്ങള്‍ തീരെ കുറവാണെന്നത് നിരാശാജനകമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

തദ്ദേശീയ മരുന്ന് വികസന കമ്പനികള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ വില ലഭിക്കുന്നതാണ് ഇന്ത്യയില്‍ കണ്ടുപിടിത്തങ്ങളും ഉല്‍പ്പന്ന വികസനങ്ങളും കുറയാനുള്ള കാരണമെന്ന് ഭാരത് ബയോടെക് അഭി്പ്രായപ്പെട്ടു. രണ്ട് തരത്തിലുള്ള വില നയം ഇല്ലാത്ത പക്ഷം, ഇന്ത്യയിലെ വാക്‌സിന്‍, മരുന്ന് കമ്പനികള്‍ കേവലം മറ്റ് രാജ്യങ്ങളില്‍ നിന്നും ബൗദ്ധിക സ്വത്തിന് ലൈസന്‍സ് വാങ്ങി കരാറടിസ്ഥാനത്തില്‍ വാക്‌സിനുകളും മരുന്നുകളും നിര്‍മിക്കുന്ന കമ്പനികളായി ചുരുങ്ങിപ്പോകുമെന്ന് ഭാരത് ബയോടെക് മുന്നറിയിപ്പ് നല്‍കി.

Maintained By : Studio3