കോ-വിന്‍ ഡാറ്റ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
1 min readകോ-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 150 ദശലക്ഷം ഉപയോക്താക്കളെ ബാധിക്കുന്ന ഒരു ഡാറ്റ ചോര്‍ച്ചയെക്കുറിച്ച് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
ന്യൂഡെല്‍ഹി: സര്‍ക്കാറിന്‍റെ കോവിഡ് -19 വാക്സിന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലായ കോ-വിനില്‍ നിന്ന് ഡാറ്റാ ചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ എംപവര്‍ഡ് ഗ്രൂപ്പ് ഓണ്‍ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ (ഇജിവിഎസി) ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ നിരസിച്ചു.കോ-വിന്‍ സിസ്റ്റം ഹാക്കിംഗ്, ഡാറ്റാ ലീക്ക് എന്നിവയുമായി ബന്ധപ്പെട്ട ഡാര്‍ക്ക് വെബിലെ ഹാക്കര്‍മാരുടെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.
കോ-വിന്‍ ഉപയോഗിച്ച ജനങ്ങളുടെ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ കെക്കൊണ്ടിട്ടുണ്ടെന്ന് ശര്‍മ പറഞ്ഞു.
കോ-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 150 ദശലക്ഷം ഉപയോക്താക്കളെ ബാധിക്കുന്ന ഒരു ഡാറ്റ ചോര്‍ച്ചയെക്കുറിച്ച് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് വ്യാജമാണെന്ന് കരുതുന്നുവെങ്കിലും ഇക്കാര്യം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
തെളിവുകള്‍ ഇല്ലാതെ ഇടയ്ക്കിടെ ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച പരസ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇത് വ്യാജമാകാനാണ് സാധ്യതയെന്ന് സുരക്ഷാ ഗവേഷകരും ചൂണ്ടിക്കാണിക്കുന്നു. സാധാരണയായി ഹാക്ക് ചെയ്ത ഡാറ്റയുടെ സാംപിളുകള്‍ സൗജന്യമായി നല്‍കിയാണ് വില്‍പ്പന നടക്കാറുള്ളത്. എന്നാല്‍ കോ-വിന്‍ ഡാറ്റയ്ക്ക് ബിറ്റ്കോയിന്‍ മാര്‍ഗത്തിലൂടെ 180 ഡോളര്‍ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് തട്ടിപ്പാകാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
വാക്സിനുകളുടെ ലഭ്യത പരിശോധിക്കുന്നതിനും വാക്സിനേഷനായി സ്ളോട്ടുകള്‍ ബുക്ക് ചെയ്യുന്നതിനും രാജ്യവ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാറ്റ്ഫോമാണ് കോ-വിന്‍.