ഏപ്രില്‍ റിപ്പോര്‍ട്ട് : വ്യാവസായിക ഉല്‍പ്പാദന നിരക്ക് 2019 ഏപ്രിലിന് മുകളില്‍
1 min readഖനനം, ഉല്‍പ്പാദനം, വൈദ്യുതി എന്നീ മേഖലകളിലെ ഐഐപി യഥാക്രമം 108, 125.1, 174 എന്നിങ്ങനെയാണ്
ന്യൂഡെല്‍ഹി: ഈ വര്‍ഷം ഏപ്രിലിലെ വ്യാവസായിക ഉല്‍പാദന നിരക്കിനെ വാര്‍ഷിക അടിസ്ഥാനത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി. രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലവിലുണ്ടായിരുന്ന 2020 ഏപ്രിലുമായാണ് താരതമ്യം എന്നതിലാണ് വലിയ വര്‍ധന പ്രകടമായത്. എന്നാല്‍ കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019 ഏപ്രിലിലെ തലത്തില്‍ നിന്നുള്ള നേരിയ വര്‍ധന കൂടിയാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാവസായിക ഉല്‍പാദന സൂചികയിലെ (ഐഐപി) റീഡിംഗ് 2021 ഏപ്രിലില്‍ 126.6 ആയി ഉയര്‍ന്നു. 2020 ഏപ്രിലില്‍ ഇത് 54 ആയിരുന്നു. 2019 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 126.5ല്‍ നിന്ന് നേരിയ തോതിലുള്ള ഉയര്‍ച്ച മാത്രമാണിത്. എന്നിരുന്നാലും, 2021 മാര്‍ച്ചിലെ 145.5 എന്ന റീഡിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രിലില്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. സ്ഥിതിവിവരക്കണക്ക്- പദ്ധതി നടപ്പാക്കല്‍ മന്ത്രാലയമാണ് ഐഐപി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.
കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം 2020 മാര്‍ച്ച് അവസാനം മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണും മറ്റ് നടപടികളും നടപ്പാക്കിയത് മൂലം 2020 ഏപ്രിലില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ കഴിഞ്ഞ ഏപ്രിലിലെ ഡാറ്റയുമായുള്ള താരതമ്യം യുക്തിസഹമല്ലെന്നാണ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.
2021 ഏപ്രില്‍ മാസത്തില്‍ ഖനനം, ഉല്‍പ്പാദനം, വൈദ്യുതി എന്നീ മേഖലകളിലെ ഐഐപി യഥാക്രമം 108, 125.1, 174 എന്നിങ്ങനെയാണ്. ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍; പ്രാഥമിക ചരക്കുകള്‍ക്ക് 126.7, മൂലധന ചരക്കുകള്‍ക്ക് 82.4, ഇന്‍റര്‍മീഡിയറ്റ് ചരക്കുകള്‍ക്ക് 137.9, അടിസ്ഥാന സൗകര്യങ്ങള്‍ അല്ലെങ്കില്‍ നിര്‍മ്മാണ വസ്തുക്കള്‍ക്ക് 134.8 എന്നിങ്ങനെയാണ് റീഡിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കണ്‍സ്യൂമര്‍ നോണ്‍ ഡ്യൂറബിള്‍സ് എന്നിവയുടെ സൂചികകള്‍ യഥാക്രമം 112.4, 142.3 എന്നിങ്ങനെയായിരുന്നു.
‘ഐഐപി വളര്‍ച്ച 2021 മെയ് മാസത്തില്‍ 20 ശതമാനത്തില്‍ താഴെയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മുന് വര്‍ഷ താരതമ്യത്തിന്‍റെ അടിത്തറ കുറച്ചുകൂടി ശക്തമാണെന്നതും രണ്ടാം കോവിഡ് തരംഗവുമായി ബന്ധപ്പെട്ട് മേയില്‍ നിലവില്‍ വന്ന നിയന്ത്രണങ്ങളുമാണ് ഇതിന് കാരണം,” ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറയുന്നു. 2021 മേയിലെ ഐഐപി കോവിഡിന് മുന്‍പുള്ള 2019 മെയ് മാസത്തിലെ നിലവാരത്തേക്കാള്‍ താഴെയായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തും.