ഇന്നവേഷന്‍ രംഗത്ത് ചൈനയുമായി കൂടുതല്‍ സഹകരിക്കുമെന്ന് യുഎഇ
1 min readപുജിയാംഗ് ഇന്നവേഷന്‍ ഫോറത്തില്‍ യുഎഇ-ചൈന സഹകരണത്തിനുള്ള അവസരങ്ങള്‍ എണ്ണപ്പറഞ്ഞ് യുഎഇ മന്ത്രി
ദുബായ്: അറിവില്‍ അധിഷ്ഠിതമായ മേഖലകളില്‍ ചൈനയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി യുഎഇ. യുഎഇയുടെ പുതിയ വ്യാവസായിക വികസന നയത്തിന്റെ ഭാഗമായാണ് പുനരുപയോഗ ഊര്‍ജം, ലൈഫ് സയന്‍സസ്, അഗ്രി ടെക് അടക്കമുള്ള മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാവി വെല്ലുവിളികള്‍ നേരിടുന്നതില്‍ നിര്‍ണായകമായ കണ്ടുപിടിത്തങ്ങള്‍ക്കായി ഒന്നിക്കാന്‍ ഇരു രാജ്യങ്ങളും മാതൃക മുന്നോട്ടുവെച്ചതായി യുഎഇയിലെ വ്യാവസായിക, ആധുനിക സാങ്കേതികവിദ്യ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജബര്‍ അറിയിച്ചു.
കണ്ടുപിടിത്തങ്ങള്‍ക്കായി രാജ്യങ്ങള്‍ ഒന്നിക്കുമ്പോള്‍ ചിലവുകള്‍ കുറയുമെന്നും സാമ്പത്തിക അവസരങ്ങളും സമൂഹത്തിനുള്ള നേട്ടങ്ങളും വര്‍ധിക്കുമെന്നുമാണ് തങ്ങള്‍ തെളിയിക്കുന്നതെന്ന് ഈ വര്‍ഷത്തെ പുജിയാംഗ് ഇന്നവേഷന്‍ ഫോറത്തില്‍ വിര്‍ച്വലായി പങ്കെടുത്ത് കൊണ്ട് അല്‍ ജബര്‍ പറഞ്ഞു. കോവിഡ്-19 പകര്‍ച്ചവ്യാധിക്കാലത്ത് യുഎഇ-ചൈന ബന്ധം കൂടുതല്‍ ശക്തമായിരുന്നു. റെക്കോഡ് സമയം കൊണ്ട് ചൈന ഉല്‍പ്പാദിപ്പിച്ച വാക്‌സിനുകള്‍ വേഗത്തില്‍ വിതരണം ചെയ്തുകൊണ്ട് ലോകത്തില്‍ ഏറ്റവുമാദ്യം വാക്‌സിനേഷന്‍ ആരംഭിച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിയിരുന്നു.
പുനരുപയോഗ ഊര്‍ജ മേഖലയിലും യുഎഇ ചൈനയുമായി സഹചകരിക്കുന്നുണ്ട്. യുഎഇ-ചൈന പങ്കാളിത്തത്തിലുള്ള നൂര്‍ അബുദാബി പദ്ധതി ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സൗരോര്‍ജ നിലയമാണ്. 1.2 ജിഗാവാട്ടിന്റെ സംശുദ്ധ ഊര്‍ജ പദ്ധതിയായ നൂര്‍ അബുദാബിക്ക് വേണ്ടി 8 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 3.2 മില്യണ്‍ സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അല്‍ ദഫ്ര സോളാര്‍ പിവി പദ്ധതിയിലൂടെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങളും ഉടന്‍ തന്നെ പുതിയ റെക്കോഡ് സ്ഥാപിക്കുമെന്ന് അല്‍ ജബര്‍ പറഞ്ഞു. നൂര്‍ പദ്ധതിയേക്കാള്‍ ഇരട്ടി വലുപ്പമുള്ള പദ്ധതിയാണിത്. പരമ്പരാഗത വ്യവസായ മേഖലകളിലും ഉയര്‍ന്നുവരുന്ന വ്യവസായ മേഖലകളിലും പുതിയ കണ്ടുപിടിത്തങ്ങള്‍ക്കായി പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സര്‍ഗാത്മകമായും വാണിജ്യപരമായും നിരവധി അവസരങ്ങള്‍ ഉണ്ടെന്നും അല്‍ ജബര്‍ പറഞ്ഞു.
കാര്‍ബണ്‍ ഡയോക്‌സൈഡ് മലിനീകരണം കുറക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സുസ്ഥിരമായ കാര്‍ഷിക രീതികള്‍ വികസിപ്പിച്ച് ലോകജനതയെ ഊട്ടുന്നതിലും പരിസ്ഥിതി മലിനീകരണം ഒട്ടുമുണ്ടാക്കാത്ത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിലും ഉള്ള അവസരങ്ങള്‍ ഇരുരാജ്യങ്ങളും കണക്കിലെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പുതിയ മരുന്നുകളുടെ ഉല്‍പ്പാദനം, അത്യാധുനിക ചികിത്സ, ബയോടെക് ബിസിനസുകള്‍ എന്നിവയുള്‍പ്പെടുന്ന ലൈഫ് സയന്‍സ് മേഖലകളിലും ഇരുരാജ്യങ്ങള്‍ക്കും ഏറെ അവസരങ്ങളുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
സുപ്രധാന വ്യവസായ മേഖലകളുടെ അതിജീവന ശേഷി മെച്ചപ്പെടുത്തുന്നതിനായി നിര്‍ണായക കണ്ടുപിടിത്തങ്ങളുടെ ശക്തി ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള വ്യാവസായിക നയത്തിനാണ് നിലവില്‍ യുഎഇ ഊന്നല്‍ നല്‍കുന്നതെന്ന് അല്‍ ജബര്‍ പറഞ്ഞു. വ്യാവസായിക മേഖലയെ വിപുലീകരിക്കുന്നതിനും വ്യാവസായിക മേഖലയുടെ സാമ്പത്തിക പങ്കാളിത്തം 2031ഓടെ 300 ബില്യണ്‍ ദിര്‍ഹത്തിലേക്ക് ഉയര്‍ത്തുന്നതിനുമായി 10 വര്‍ഷ ദേശീയ വ്യാവസായിക നയത്തിനാണ് യുഎഇ രൂപം നല്‍കിയിരിക്കുന്നത്. നിലവില്‍ 133 ബില്യണ്‍ ദിര്‍ഹമാണ് യുഎഇയ സമ്പദ് വ്യവസ്ഥയിലേക്ക് വ്യാവസായിക മേഖലയില്‍ നിന്നുള്ള സംഭാവന.
കണ്ടുപിടിത്തങ്ങളിലൂടെ യുഎഇയിലെ വ്യാവസായിക മേഖലയുടെ മൂല്യമുയര്‍ത്തുന്നതിനായി സംരംഭകരും കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവരും യുഎഇയിലെ ആകര്‍ഷകമായ ബിസിനസ് അന്തരീക്ഷം ഉപയോഗപ്പെടുത്തണമെന്ന് അല്‍ ജബര്‍ ആവശ്യപ്പെട്ടു. ഇന്നവേഷന്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി സാധാരണ ബിസിനിസിന് അപ്പുറത്തേക്ക് ചിന്തിക്കേണ്ടതുണ്ടെന്നും ഇതിനായി ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കുകയും വാണിജ്യവല്‍ക്കരണത്തിനും അനുകൂലമായ നയ, നിയമ ചട്ടക്കൂടുകള്‍ രൂപീകരിക്കുന്നതിനും മൂലധനം നീക്കിവെക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. ഭാവി വാഗ്ദാനങ്ങളായ മേഖലകള്‍ക്ക് ആദ്യം സബ്‌സിഡി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി യുഎഇ ഗവേഷണ, വികസന, വാണിജ്യവല്‍ക്കരണ നയങ്ങള്‍ പുനരാവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മികച്ച ആശയങ്ങളെ മാര്‍ക്കറ്റ് ചെയ്യാവുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന് വേണ്ട കാര്യക്ഷമമായ ആവാസ വ്യവസ്ഥയ്്ക്ക് യുഎഇ രൂപം നല്‍കുമെന്നും ഇന്നവേഷന്‍ രംഗത്ത് യുഎഇയുമായി സഹകരിക്കാന്‍ ലോകത്തെ ക്ഷണിക്കുമെന്നും അല്‍ ജബര്‍ പറഞ്ഞു.