കേരളത്തില്‍ പ്രതിവര്‍ഷം 66000 പുതിയ അര്‍ബുദ രോഗികള്‍ : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ പ്രതിവര്‍ഷം 66000 പുതിയ അര്‍ബുദ രോഗികള്‍ ഉണ്ടാവുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഭാഗമായി കണ്ണൂര്‍ കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സ്ഥിതി തുടര്‍ന്നാല്‍ 2026 ആകുമ്പോഴേക്കും പുതിയ രോഗികളുടെ എണ്ണം ഒരു ലക്ഷം ആകും. പ്രതിവര്‍ഷം എട്ടു ലക്ഷം പേരാണ് അര്‍ബുദ രോഗം ബാധിച്ച് മരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിലൂടെ അര്‍ബുദ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ മേഖലയിലേക്ക്, പ്രത്യേകിച്ച് ആദിവാസി മേഖലയിലേക്ക് വ്യാപിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യത്തില്‍ നിലവില്‍ 31 സംഘടനകളാണ് അംഗങ്ങളായിരിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്താന്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. വിവിധ പഞ്ചായത്തുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ മികച്ച മാതൃകകള്‍ മുന്നോട്ടു വയ്ക്കാന്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് കഴിഞ്ഞിട്ടുണ്ട്.
കണ്ണപുരം മോഡല്‍ കാന്‍സര്‍ വിമുക്ത പദ്ധതിയിലൂടെ ജനങ്ങളില്‍ അര്‍ബുദ രോഗം സംബന്ധിച്ച ബോധവല്‍ക്കരണം നടത്താനും രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണയും ഭയവും മാറ്റാന്‍ കഴിഞ്ഞിട്ടുമുണ്ട്. ഇതുപോലെ അനുകരണീയ മാതൃകയാണ് പരിയാരം പഞ്ചായത്തില്‍ നടപ്പാക്കിയ ഭീതിയല്ല പ്രതിരോധമാണ് എന്ന പദ്ധതി. നിലേശ്വരം ബ്ളോക്ക് പഞ്ചായത്തിലെ അതിജീവനം പദ്ധതിയും മാതൃകാപരമായി വിലയിരുത്തപ്പെടുന്നു. ഈ പദ്ധതികളുടെ വിജയമാണ് കണ്ണൂര്‍ കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് പ്രേരണയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗികളുടെ എണ്ണവും രോഗമൂര്‍ഛയും കുറയ്ക്കാന്‍ സാധിക്കും. ഇവിടെയാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ ഇടപെടലുകളുടെ പ്രസക്തി.
കേരളത്തിലെ പുരുഷന്‍മാരില്‍ ശ്വാസകോശം, വായ എന്നിവിടങ്ങളിലെ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവും തൈറോയിഡ് കാന്‍സറുമാണ് കൂടുതലായി കണ്ടുവരുന്നത്. അതേസമയം വടക്കേമലബാറില്‍ പുരുഷന്‍മാരില്‍ ശ്വാസകോശ അര്‍ബുദവും ആമാശയ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവും അണ്ഡാശയാര്‍ബുദവുമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.