പശ്ചിമേഷ്യയുടെ പുനരുപയോഗ ഊര്‍ജ ശേഷിയില്‍ 5 ശതമാനം വര്‍ധന
1 min readകഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 24,224 മെഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ ശേഷിയാണ് പശ്ചിമേഷ്യയില്‍ രേഖപ്പെടുത്തിയത്
അബുദാബി: പശ്ചിമേഷ്യയുടെ പുനരുപയോഗ ഊര്‍ജ ശേഷിയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് അഞ്ച് ശതമാനം വളര്‍ച്ച. പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ പലതും നിര്‍ത്തിവെക്കേണ്ടി വന്നതാണ് പുനരുപയോഗ ഊര്‍ജ രംഗത്തെ വളര്‍ച്ച കുറയാന്‍ കാരണമായത്. മൊത്തത്തില്‍ 24,224 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷിയാണ് കഴിഞ്ഞ വര്‍ഷം പശ്ചിമേഷ്യയില്‍ രേഖപ്പെടുത്തിയതെന്ന് അബുദാബി ആസ്ഥാനമായ ഇന്റെര്‍നാഷണല്‍ റിന്യൂവബിള്‍ എജന്‍ജി ഏജന്‍സി (ഐആര്‍ഇഎന്‍എ) വ്യക്തമാക്കി.
2018 – 2019 കാലഘട്ടത്തില്‍ കൈവരിച്ച 13 ശതമാനത്തില്‍ നിന്നുമാണ് വളര്‍ച്ച നിരക്ക് അഞ്ച് ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുന്നത്. കോവി്ഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പല പദ്ധതികളും നിശ്ചലമായതാണ് ഇതിനുള്ള പ്രധാന കാരണം. എന്നിരുന്നാലും മേഖലയിലെ രാജ്യങ്ങളുടെ അക്ഷീണ പരിശ്രമത്തിലൂടെ 2030ഓടെ 50 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷിയിലേക്ക് ഉയരാന്‍ പശ്ചിമേഷ്യയ്ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ ഐആര്‍ഇഎന്‍എ നിരീക്ഷിച്ചു.
പശ്ചിമേഷ്യയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ മോഹങ്ങള്‍ക്ക് ആനുപാതികമായിട്ടാണ് മേഖലയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികളും നീങ്ങുന്നത്. അതിനാല്‍ ഇത്തരം പദ്ധതികള്‍ മറ്റ് സമ്പദ് വ്യവസ്ഥകള്‍ക്കും നേട്ടമാകുന്നതായി ഐആര്‍ഇഎന്‍എ പറഞ്ഞു. പുനരുപയോഗ ഊര്‍ജത്തിന്റെ സാമ്പത്തിക, സാമൂഹിക നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് പശ്ചിമേഷ്യ ഇത്തരം പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നത്. വ്യാവസായിക വൈവിധ്യവല്‍ക്കരണത്തിനും പുതിയ വാല്യൂ ചെയിന്‍ ആക്ടിവിറ്റികള്‍ക്കും സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനുമുള്ള അവസരങ്ങള്‍ കൂടിയാണ് ഇത്തരം പദ്ധതികളെന്നും ആഗോള ഏജന്‍സി വിലയിരുത്തി.
യുഎഇ തങ്ങളുടെ പുനരുപയോഗ ഊര്‍ജ ശേഷി 2011ലെ 13 മെഗാവാട്ടില്‍ നിന്നും 2020ല്‍ 2,540 മെഗാവാട്ടായി ഉയര്‍ത്തിയിരുന്നു. സമാനമായി സൗദി അറേബ്യയുടെ പുനരുപയോഗ ഊര്‍ജ ശേഷിയും ഒമ്പത് വര്‍ഷത്തിനിടെ 3 മെഗാവാട്ടില്‍ നിന്നും 413 മെഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്.