എംഎസ്‌സിഐയുടെ എമേര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയില്‍ ഇനി മുതല്‍ അഡ്‌നോക് ഡിസ്ട്രിബ്യൂഷനും
-
മേയ് 27 മുതല്‍ സൂചികയുടെ ഭാഗമാകുമെന്ന് കമ്പനി
-
യുഎഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒമ്പത് കമ്പനികളാണ് നിലവില്‍ ഈ സൂചികയുടെ ഭാഗമായിട്ടുള്ളത്
അബുദാബി: യുഎഇയിലെ വന്‍കിട ഇന്ധന റീട്ടെയ്‌ലറായ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഈ മാസം 27 മുതല്‍ മോര്‍ഗന്‍ സ്റ്റാന്‍ലി കാപ്പിറ്റല്‍ ഇന്‍െര്‍നാഷണലിന്റെ എമേര്‍ജിംഗ് മാര്‍ക്കറ്റ് (എംഎസ്‌സിഐ ഇഎം) സൂചികയില്‍ അംഗമാകും. യുഎഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒമ്പത് കമ്പനികളാണ് നിലവില്‍ ഈ സൂചികയുടെ ഭാഗമായിട്ടുള്ളത്. സൂചികയില്‍ ഇടം നേടുന്നത് അന്താരാഷ്ട്ര നിക്ഷേപകര്‍ക്കിടയില്‍ ഓഹരികളുടെ ഡിമാന്‍ഡ് ഉയര്‍ത്താനും നിക്ഷേപക അടിത്തറ വൈവിധ്യവല്‍ക്കരിക്കാനും കമ്പനിയെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് അഡ്‌നോക്‌സ് ഡിസ്ട്രിബ്യൂഷന്‍ അറിയിച്ചു.
എംഎസ്‌സിഐ ഇഎം സൂചികയുടെ ഭാഗമാകുന്നത് കമ്പനികളുടെ വളര്‍ച്ചാശേഷിക്കുള്ള തെളിവാണെന്ന് അഡ്‌നോക്‌സ് ഡിസ്ട്രിബ്യൂഷന്റെ ആക്ടിംഗ് ചീഫ് എക്‌സിക്യുട്ടീവ് അഹമ്മദ് അല്‍ ഷംസി പ്രതികരിച്ചു. 2017ല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ 10 ശതമാനം ഓഹരികള്‍ ലിസ്റ്റ് ചെയ്ത അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഫ്രീ ഫ്‌ളോട്ട് (ഓഹരിവിപണിയില്‍ വ്യാപാരം നടത്താവുന്ന)ഓഹരികളുടെ എണ്ണം കഴിഞ്ഞ സെപ്റ്റംബറില്‍ 20 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുമായി 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 1.25 ബില്യണ്‍ ഓഹരികളുടെ ബ്ലോക്ക് പ്ലേസിംഗിന്( കുറേയെറെ ഓഹരികളുടെ ഒന്നിച്ചുള്ള വില്‍ക്കല്‍) പിന്നാലെയായിരുന്നു ഇത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ജിസിസി കമ്പനി നടത്തുന്ന ഏറ്റവും വലിയ ബ്ലോക്ക് പ്ലേസിംഗ് ആണ് അതെന്ന് അന്ന് കമ്പനി പറഞ്ഞിരുന്നു. ഓഹരിയുടമകളുടെ അടിത്തറ വികസിപ്പിക്കാനും ഈ ഇടപാടിലൂടെ കമ്പനിക്ക് സാധിച്ചു.
വന്‍കിട ആഗോള ഫണ്ടുകളും ബാങ്കുകളും ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും നിരന്തരമായി നിരീക്ഷിക്കുന്ന സൂചികയെന്ന നിലയില്‍ എംഎസ്‌സിഐ സൂചികയില്‍ അംഗമാകുന്നത് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഓഹരികളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്ന് സെഞ്ച്വറി ഫിനാന്‍ഷ്യലിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ വിജയ് വലേച അഭിപ്രായപ്പെട്ടു. പെട്ടന്നുള്ള അനന്തരഫലമെന്ന നിലയില്‍ കമ്പനിയുടെ ഓഹരി അടിത്തറയില്‍ വൈവിധ്യമുണ്ടാകുമെന്നും ഊര്‍ജ കമ്പനികളില്‍ താല്‍പ്പര്യമുള്ള പ്രധാനപ്പെട്ട ആഗോള സോവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍ അഡ്‌നോക് ഓഹരികളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുമെന്നും വലേച പറഞ്ഞു.
നിലവില്‍ മാതൃകമ്പനിയായ അഡ്‌നോകാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്റെ 80 ശതമാനം ഓഹരികള്‍ കയ്യാളുന്നത്. നോര്‍വേയിലെ 1.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സോവറീന്‍ വെല്‍ത്ത് ഫണ്ടിനും കമ്പനിയില്‍ 0.5 ശതമാനം ഓഹരികളുണ്ട്. ആഗോളതലത്തിലുള്ള പ്രധാനപ്പെട്ട നിക്ഷേപകരെല്ലാം എംസ്‌സിഐ സൂചികകള്‍ നിരന്തരമായി നിരീക്ഷിക്കുന്നവരാണ്. അതിനാല്‍ സൂചികയില്‍ ഒരു കമ്പനി പുതിയതായി എത്തുന്നത് അന്താരാഷ്ട്ര നിക്ഷേപകരുടെ ശ്രദ്ധ ക്ഷണിക്കും. എംസ്‌സിഐ അടക്കമുള്ള പ്രമുഖ സൂചികകളിലെ അംഗങ്ങളുടെ ഓഹരികളിലാണ് ഭൂരിഭാഗം പാസ്സീവ് ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റും നടക്കുന്നത്.
ഈ വര്‍ഷം ആദ്യപാദത്തില്‍ അറ്റാദായത്തില്‍ 58 ശതമാനം വളര്‍ച്ചയാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ധന വില്‍പ്പനയിലും വാണിജ്യ മേഖലകളിലുമുള്ള വളര്‍ച്ചയാണ് കമ്പനിക്ക് നേട്ടമായത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസത്തെ അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 400 മില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 631 മില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. 2020ലെ ലാഭവിഹിതമായി 2.57 ബില്യണ്‍ ദിര്‍ഹം (ഓഹരിയൊന്നിന് 20.57 ഫില്‍സ്) അനുവദിക്കാനും മാര്‍ച്ചില്‍ കമ്പനിയിലെ ഓഹരിയുടമകള്‍ സമ്മതം അറിയിച്ചിരുന്നു. 2019ലെ ലാഭവിഹിതത്തേക്കാള്‍ 7.5 ശതമാനം അധികമാണത്. ഈ വര്‍ഷവും അടുത്ത വര്‍ഷവും ഇതേ രീതിയിലുള്ള ലാഭവിഹിത വിതരണമാണ് കമ്പനി പദ്ധതിയിടുന്നത്.
മാതൃവിപണിയായ യുഎഇക്ക് പുറമേ മറ്റ് വിപണികളിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളിലായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ യുഎഇയിലും സൗദി അറേബ്യയിലുമായി എണ്‍പതോളം പുതിയ ഇന്ധന സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഈ മാസം തുടക്കത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയില്‍ മുപ്പത് മുതല്‍ നാല്‍പ്പത്തിയഞ്ച് വരെ യൂണിറ്റുകളാണ് അഡ്‌നോക് പദ്ധയിടുന്നത്. സൗദി അറേബ്യയില്‍ ചില ഏറ്റെടുപ്പുകള്‍ നടത്തി കമ്പനിക്ക് കീഴിലുള്ള ഇന്ധന സ്റ്റേഷനുകളുടെ എണ്ണം 37 യൂണിറ്റാക്കാനും ആലോചനയുണ്ട്. 2021 ആദ്യപാദത്തില്‍ യുഎഇയിവ്ഡ നാല് പുതിയ സ്റ്റേഷനുകളാണ് തുറന്നത്. മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് അഡ്‌നോക് ഡിസ്ട്രിബ്യൂഷന് ആകെ 449 സ്‌റ്റേഷനുകളാണ് ഉള്ളത്.