September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാലാം തലമുറ സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍

സ്‌റ്റൈല്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില  

നാലാം തലമുറ സ്‌കോഡ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌റ്റൈല്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റിലെ ലീഡറാണ് എല്ലായ്‌പ്പോഴും സ്‌കോഡ ഒക്ടാവിയ. തല്‍ക്കാലം ഹ്യുണ്ടായ് ഇലാന്‍ട്ര മാത്രമാണ് ഇന്ത്യയിലെ എതിരാളി.

2021 മോഡലിന്റെ മുന്നിലും പിന്നിലും മാറ്റങ്ങള്‍ വരുത്തി. മുന്നില്‍ പുതിയ ഗ്രില്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതുക്കിപ്പണിത ബംപര്‍ എന്നിവ കാണാം. ബോണറ്റ് ഇപ്പോള്‍ കൂടുതലായി ചെത്തിയെടുത്തതുപോലെ തോന്നുന്നു. പുതിയ 17 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. പള്‍സര്‍ ബ്ലാക്ക് എന്നാണ് സ്‌കോഡ ഇതിനെ വിളിക്കുന്നത്. പിറകില്‍ കുറേക്കൂടി ഷാര്‍പ്പ് ലുക്ക് ലഭിച്ചു. സ്ലീക്ക് റാപ്പ്എറൗണ്ട് ടെയ്ല്‍ലൈറ്റുകള്‍, ആംഗുലര്‍ ക്യാരക്ടര്‍ ലൈനുകള്‍ എന്നിവ കാണാം. ചെക്ക് കാര്‍ നിര്‍മാതാക്കളുടെ പുതിയ മോഡലുകളില്‍ കാണുന്നതുപോലെ നീളത്തില്‍ സ്‌കോഡ എന്ന എഴുത്ത് കാണാം.

2021 സ്‌കോഡ ഒക്ടാവിയ സെഡാന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4689 എംഎം, 1829 എംഎം, 1469 എംഎം എന്നിങ്ങനെയാണ്. 2680 മില്ലിമീറ്ററാണ് വീല്‍ബേസ്. നീളം 20 മില്ലിമീറ്ററും വീതി 19 മില്ലിമീറ്ററും വര്‍ധിച്ചു. എന്നാല്‍ ഉയരത്തില്‍ മാറ്റമില്ല. വിപണി വിടുന്ന മോഡലിനേക്കാള്‍ വീല്‍ബേസ് 2 എംഎം കുറഞ്ഞു. ബൂട്ട് ശേഷി 600 ലിറ്ററാണ്. രണ്ടാം നിരയിലെ സീറ്റുകള്‍ മടക്കിവെച്ചാല്‍ 1,555 ലിറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും.

മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പുതുമയും പ്രീമിയം ലുക്കും ലഭിച്ചതാണ് കാബിന്‍. രൂപകല്‍പ്പനയേക്കാള്‍ കാബിനില്‍ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരമാണ് ശ്രദ്ധേയം. കറുപ്പിലും ഇളം തവിട്ടു നിറത്തിലുമുള്ള ഡുവല്‍ ടോണ്‍ കളര്‍ തീം കാബിനില്‍ ആധിപത്യം പുലര്‍ത്തുന്നത് തുടരുന്നു. സീറ്റുകളില്‍ തുകല്‍ പൊതിഞ്ഞു. അലങ്കാരത്തിനായി വുഡ്, തുകല്‍, ബ്രഷ്ഡ് ക്രോം എന്നിവ കാബിനില്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. ഡാഷ്‌ബോര്‍ഡ് പൂര്‍ണമായും പുതിയതാണ്. സെന്റര്‍ കണ്‍സോളിലെ എസി വെന്റുകള്‍ താഴേക്ക് മാറ്റിസ്ഥാപിച്ചു. മുകളിലായി സ്വിച്ച് നോബുകള്‍ നല്‍കി. സ്റ്റീരിയോയുടെ വോള്യം നിയന്ത്രിക്കുന്നതിന് പുതിയ ടച്ച് സെന്‍സിറ്റീവ് ബാര്‍ നല്‍കി. തുകല്‍ പൊതിഞ്ഞ പുതിയ 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയമാണ് മറ്റൊരു സവിശേഷത.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാവുന്ന 12.3 ഇഞ്ച് വലുപ്പമുള്ള വര്‍ച്വല്‍ കോക്പിറ്റ് സിസ്റ്റം, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് വേരിയന്റില്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം, 12 സ്പീക്കറുകളോടുകൂടി 600 വാട്ട് ‘കാന്റണ്‍’ ഓഡിയോ സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. പിന്‍ നിരയില്‍ എസി വെന്റുകള്‍ സഹിതം ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍ നിരയിലും പിന്‍ നിരയിലും യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് 2021 സ്‌കോഡ ഒക്ടാവിയ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. മൂന്നക്ക വേഗം കൈവരിക്കുന്നതിന് 6.9 സെക്കന്‍ഡ് മതി. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയത് അനുസരിച്ച് 15.81 കിലോമീറ്ററാണ് ഇന്ധനക്ഷമത.

എട്ട് എയര്‍ബാഗുകള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ഫറ്റീഗ് അലര്‍ട്ട്, എബിഎസ്, ഇഎസ്‌സി, ഇബിഡി, എഎസ്ആര്‍, ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്ക് എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. അഡാപ്റ്റീവ് ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ്, ടിപിഎംഎസ് എന്നിവ ലോറിന്‍ ആന്‍ഡ് ക്ലെമന്റ് വേരിയന്റില്‍ ലഭിക്കും. ജിയോ ഫെന്‍സിംഗ്, ഡ്രൈവിംഗ് ബിഹേവിയര്‍, ട്രിപ്പ് അനാലിസിസ് തുടങ്ങിയ ഫീച്ചറുകള്‍ ‘മൈസ്‌കോഡ കണക്റ്റ്’ ആപ്പില്‍ ലഭിക്കും. കാര്‍ അപകടത്തില്‍പ്പെട്ടാല്‍ അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ് ടീമുമായി ബന്ധപ്പെടാന്‍ ആപ്പ് വഴി കഴിയും.

Maintained By : Studio3