2025 കാലയളവിൽ കൊപ്രയ്ക്കുള്ള കുറഞ്ഞ താങ്ങുവിലയിൽ 120 ശതമാനം വർദ്ധന
ന്യൂഡൽഹി: 2025 കാലയളവിൽ കൊപ്രയുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടെ അംഗീകാരം. കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായി, 2018-19 ലെ കേന്ദ്രബജറ്റിൽ, എല്ലാ നിർബന്ധിത വിളകളുടെയും താങ്ങുവില, അഖിലേന്ത്യാ ശരാശരി ഉൽപ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് എന്ന തോതിൽ നിശ്ചയിക്കുമെന്നു ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, 2025 കാലയളവിൽ മിൽ കൊപ്രയുടെ ശരാശരി ഗുണനിലവാരത്തിനുള്ള ന്യായമായ താങ്ങുവില ക്വിന്റലിന് 11,582/- രൂപ ആയും ഉണ്ടക്കൊപ്ര ക്വിന്റലിന് 12,100/- രൂപ ആയും നിശ്ചയിച്ചിട്ടുണ്ട്. മിൽ കൊപ്ര, ഉണ്ടക്കൊപ്ര എന്നിവയുടെ താങ്ങുവില 2014 ലെ വിപണന കാലയളവിലെ ക്വിന്റലിനു യഥാക്രമം 5250 രൂപ, 5500 രൂപ എന്നായിരുന്നത് 2025 വിപണന കാലയളവിൽ യഥാക്രമം ക്വിന്റലിന് 11,582 രൂപ ആയും 12,100 രൂപ ആയും ഗവണ്മെന്റ് വർധിപ്പിച്ചതിലൂടെ യഥാക്രമം 121 ഉം 120ഉം ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. ഉയർന്ന താങ്ങുവില നാളികേര കർഷകർക്കു മികച്ച വരുമാനം ഉറപ്പാക്കുക മാത്രമല്ല, ആഭ്യന്തരമായും അന്തർദേശീയമായും നാളികേര ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൊപ്ര ഉൽപ്പാദനം വ്യാപിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷൻ ലിമിറ്റഡും (NAFED) ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും (NCCF) വിലപിന്തുണാപദ്ധതിക്കു കീഴിൽ (PSS) കൊപ്ര, പൊതിച്ച തേങ്ങ എന്നിവയുടെ സംഭരണത്തിനുള്ള കേന്ദ്ര നോഡൽ ഏജൻസികളായി (CNA) തുടർന്നും പ്രവർത്തിക്കും.