November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 എക്‌സ്‌സി, എക്‌സ്ഇ, സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ അനാവരണം ചെയ്തു

ആഗോളതലത്തില്‍ ആയിരം യൂണിറ്റ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ മാത്രമായിരിക്കും നിര്‍മിക്കുന്നത്  

ന്യൂഡെല്‍ഹി: 2021 മോഡല്‍ ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 എക്‌സ്‌സി, എക്‌സ്ഇ മോട്ടോര്‍സൈക്കിളുകള്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു. ഇതോടൊപ്പം സ്റ്റീവ് മക്ക്വീന്‍ ലിമിറ്റഡ് എഡിഷന്‍ മോഡലും പുറത്തിറക്കി. ആഗോളതലത്തില്‍ ആയിരം യൂണിറ്റ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ മാത്രമായിരിക്കും നിര്‍മിക്കുന്നത്. ഓരോ മോട്ടോര്‍സൈക്കിളിനും നമ്പര്‍ നല്‍കും. ഇന്ധന ടാങ്കിലും ഹാന്‍ഡില്‍ബാര്‍ ക്ലാമ്പിലും സ്റ്റീവ് മക്ക്വീന്‍ ബ്രാന്‍ഡിംഗ്, കസ്റ്റം ഗ്രീന്‍ കളര്‍ സ്‌കീം എന്നിവ ലഭിച്ചതാണ് ഈ പ്രത്യേക പതിപ്പ്. കൂടാതെ, നിരവധി ആക്‌സസറികള്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എക്‌സ്‌സി, എക്‌സ്ഇ, സ്റ്റീവ് മക്ക്വീന്‍ വകഭേദങ്ങളിലെ പവര്‍ട്രെയ്ന്‍ സംവിധാനം ഒരുപോലെയാണ്.

2021 ട്രയംഫ് ബോണവില്‍ നിരയിലെ മിക്ക മോഡലുകളെയും പോലെ, യൂറോ 5 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ട്രയംഫ് സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിന്റെ എന്‍ജിനും എക്‌സോസ്റ്റ് സംവിധാനവും പരിഷ്‌കരിച്ചു. 1,200 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ തുടര്‍ന്നും 90 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. തനതായ സ്‌ക്രാംബ്ലര്‍ ട്യൂണ്‍ കേള്‍ക്കാന്‍ കഴിയും. കൂടാതെ, മെച്ചപ്പെട്ട രീതിയില്‍ ചൂട് പുറന്തള്ളുന്നതിന് എക്‌സോസ്റ്റ് സിസ്റ്റം പരിഷ്‌കരിച്ചു.

ഡബിള്‍ ക്രേഡില്‍ ഫ്രെയിം, വയര്‍ സ്‌പോക്ക് വീലുകള്‍ (മുന്നില്‍ 21 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച്), ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവ ഉള്‍പ്പെടെ മറ്റെല്ലാം മുമ്പത്തേപ്പോലെയാണ്. മുന്നില്‍ പൂര്‍ണമായി ക്രമീകരിക്കാവുന്ന 45 എംഎം ഷോവ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ പൂര്‍ണമായി ക്രമീകരിക്കാവുന്ന ഒഹ്‌ലിന്‍സ് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. മുന്നിലും പിന്നിലും 200 എംഎം സസ്‌പെന്‍ഷന്‍ ട്രാവല്‍ ലഭിക്കും. മുന്നില്‍ ബ്രെംബോയുടെ എം50 4 പിസ്റ്റണ്‍ കാലിപര്‍ സഹിതം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ ഡുവല്‍ പിസ്റ്റണ്‍ ബ്രെംബോ കാലിപര്‍ സഹിതം സിംഗിള്‍ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

Maintained By : Studio3