ആഡംബര സെഡാന്‍ 2021 മാസെറാറ്റി ഗിബ്ലി ഇന്ത്യയില്‍
ഇന്ത്യ എക്‌സ് ഷോറൂം വില 1.15 കോടി രൂപ മുതല്‍
2021 മോഡല്‍ മാസെറാറ്റി ഗിബ്ലി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.15 കോടി രൂപ മുതലാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ആറ് വേരിയന്റുകളില്‍ ആഡംബര സെഡാന്‍ ലഭിക്കും. ഇവയില്‍ പുതിയ ഹൈബ്രിഡ് വകഭേദവും 3.8 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിന്‍ കരുത്തേകുന്ന കൂടുതല്‍ കരുത്തുറ്റ ട്രോഫെയോ വേരിയന്റും ഉള്‍പ്പെടുന്നു.
പരിഷ്‌കരിച്ച ഗിബ്ലി കുറച്ച് മാസങ്ങള്‍ക്കുമുമ്പ് അന്താരാഷ്ട്രതലത്തില്‍ പുറത്തിറക്കിയിരുന്നു. നവീകരിച്ച ഗ്രില്‍ സഹിതം പുതിയ മുഖം, പുതുക്കിപ്പണിത എയര്‍ ഇന്‍ലെറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ 2021 മോഡലിന് ലഭിച്ചു. ഓള്‍ എല്‍ഇഡി അഡാപ്റ്റീവ് മാട്രിക്‌സ് ഹെഡ്‌ലാംപുകളാണ് മറ്റൊരു സവിശേഷത. 21 ഇഞ്ച് അലോയ് വീലുകളിലാണ് മാസെറാറ്റി ഗിബ്ലി ഓടുന്നത്.
4 ഡോര്‍ സെഡാന്റെ മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റും ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ് ഇതോടൊപ്പം അവതരിപ്പിച്ചു. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് ഹൈബ്രിഡ് സിസ്റ്റമാണ് നല്‍കിയത്. 330 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 255 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഗ്രാന്‍ലുസ്സോ, ഗ്രാന്‍സ്‌പോര്‍ട്ട് വേര്‍ഷനുകളിലും ഹൈബ്രിഡ് സംവിധാനം നല്‍കി. ബ്രേക്ക് കാലിപറുകള്‍, സി പില്ലര്‍ ലോഗോ, എയര്‍ വെന്റുകള്‍, അപോള്‍സ്റ്ററി തുന്നലുകള്‍ എന്നിവയില്‍ നല്‍കിയ നീല നിറമാണ് ഹൈബ്രിഡ് വേരിയന്റുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
ഫെറാറിയില്‍നിന്ന് വാങ്ങിയ 3.8 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ് ട്രോഫെയോ വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 580 കുതിരശക്തിയും 730 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് സെഡ്എഫ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ഗിബ്ലി ട്രോഫെയോ വേരിയന്റിന് 4.3 സെക്കന്‍ഡ് മതി.
ബെസെല്‍രഹിത 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് എന്‍ട്രി സഹിതം സോഫ്റ്റ് ക്ലോസ് ഡോറുകള്‍, കിക്ക് സെന്‍സര്‍ സഹിതം പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, പുതിയ ‘മാസെറാറ്റി കണക്റ്റ്’ എന്നിവ അകത്തെ പരിഷ്‌കാരങ്ങളാണ്. വാഹനത്തിന്റെ ‘ആരോഗ്യസ്ഥിതി’ അറിയാന്‍ കഴിയുന്നതുകൂടാതെ അടിയന്തര സേവനങ്ങളും മറ്റ് നിരവധി സുഖസൗകര്യ, സുരക്ഷാ ഫീച്ചറുകളും നല്‍കുന്നതാണ് മാസെറാറ്റി കണക്റ്റ്. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്) മറ്റൊരു സവിശേഷതയാണ്. യൂറോ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറാണ് 2021 മാസെറാറ്റി ഗിബ്ലി.
ഗിബ്ലി ഹൈബ്രിഡ് ബേസ് 1.15 കോടി രൂപ
ഗിബ്ലി ഹൈബ്രിഡ് ഗ്രാന്‍ലുസ്സോ 1.42 കോടി രൂപ
ഗിബ്ലി ഹൈബ്രിഡ് ഗ്രാന്‍സ്‌പോര്‍ട്ട് 1.38 കോടി രൂപ
ഗിബ്ലി വി6 ഗ്രാന്‍ലുസ്സോ 1.55 കോടി രൂപ
ഗിബ്ലി വി6 ഗ്രാന്‍സ്‌പോര്‍ട്ട് 1.51 കോടി രൂപ
ഗിബ്ലി ട്രോഫെയോ 1.93 കോടി രൂപ