രണ്ട് 350 സിസി ബൈക്കുകള്‍ക്ക് മീറ്റിയോര്‍ വഴിയൊരുക്കും
മീറ്റിയോര്‍ 350 അടിസ്ഥാനമാക്കി റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ 350 സിസി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും. മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോം, എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകള്‍ എന്നിവ പുതിയ ബൈക്കുകള്‍ക്കായി ഉപയോഗിക്കും. പുതു തലമുറ ക്ലാസിക് 350 ആയിരിക്കും പുതിയ മോഡലുകളിലൊന്ന്. ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തിയിരുന്നു. ഇന്റര്‍സെപ്റ്റര്‍ 350 ആയിരിക്കും മറ്റൊരു മോഡല്‍ എന്നാണ് കിംവദന്തി.
ഈ വര്‍ഷം ഏപ്രില്‍മെയ് മാസത്തോടെ 2021 മോഡല്‍ ക്ലാസിക് 350 വിപണിയിലെത്തും. മീറ്റിയോര്‍ 350 അടിസ്ഥാനമാക്കിയ ‘ജെ’ എന്ന പുതിയ മോഡുലര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കും. ഒഎച്ച്‌സി ഡിസൈനില്‍ പുതിയ 349 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തേകും. 6,100 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും.
ഒറിജിനല്‍ ‘ക്ലാസിക്’ ലുക്ക് നിലനിര്‍ത്തും. ആധുനിക ഡിസൈന്‍ സ്പര്‍ശങ്ങള്‍, ഫീച്ചറുകള്‍, പുതിയ പെയിന്റ് സ്‌കീം എന്നിവ നല്‍കും. പുതിയ ഇന്ധന ടാങ്ക്, പുതിയ ചക്രങ്ങള്‍, എക്‌സോസ്റ്റ് സിസ്റ്റം, പുതിയ ടെയ്ല്‍ ലാംപുകള്‍ എന്നിവ കാണാന്‍ കഴിയും. റൗണ്ട് ഹെഡ്‌ലാംപുകള്‍ കൂടാതെ ക്രോം നല്‍കിയ റിയര്‍ വ്യൂ കണ്ണാടികളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നിലനിര്‍ത്തും. മീറ്റിയോര്‍ 350 ക്രൂസര്‍ ഉപയോഗിക്കുന്നതുപോലെ പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഉണ്ടായിരിക്കും. സ്പീഡോമീറ്റര്‍ അനലോഗ് ആയിരിക്കും. ‘ട്രിപ്പര്‍’ നാവിഗേഷന്‍ മറ്റൊരു സവിശേഷത ആയിരിക്കും.
ഇന്റര്‍സെപ്റ്റര്‍ 650 മോഡലിന് ഏകദേശം സമാനമായ മോട്ടോര്‍സൈക്കിളും റോയല്‍ എന്‍ഫീല്‍ഡ് പരീക്ഷിച്ചുവരികയാണ്. എന്നാല്‍ സിംഗിള്‍ സിലിണ്ടര്‍ 350 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്. ടെയ്ല്‍ ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വല്യേട്ടന്‍ ഉപയോഗിക്കുന്നതാണ്. 650 സിസി ബൈക്കിന് ഇരട്ട എക്‌സോസ്റ്റ് ആണെങ്കില്‍ പുതിയ മോട്ടോര്‍സൈക്കിളില്‍ സിംഗിള്‍ എക്‌സോസ്റ്റ് സംവിധാനമാണ്. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകള്‍ക്ക് പകരം ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഉപയോഗിക്കും. 20.2 ബിഎച്ച്പി കരുത്തേകുന്ന 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കും.