Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇറാൻ വീണ്ടും ആണവ കരാർ ലംഘിച്ചതായി യുഎൻ സമിതി

ബെർലിൻ: ലോകശക്തികളും ഇറാനും തമ്മിലുള്ള ആണവ കരാർ ഇറാൻ വീണ്ടും ലംഘിച്ചതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ അന്താരാഷ്ട്ര ആണവോർജ ഏജൻസി. രാജ്യത്ത് യുറാനിയം ലോഹത്തിന്റെ  ഗവേഷണ വികസന പരിപാടിക്ക് ആവശ്യമായ നീക്കങ്ങൾ ആരംഭിച്ചുവെന്ന് ഇറാൻ അറിയിച്ചതായി ഏജൻസി വ്യക്തമാക്കി. ആണവ കരാറിന്റെ വ്യക്തമായ ലംഘനമാണിത്.

കൂടുതൽ മെച്ചപ്പെട്ട ഇന്ധനം വികസിപ്പിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി യുറാനിയം ലോഹത്തെ കുറിച്ചുള്ള ഗവേഷണ വികസന പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ഇറാന്റെ തീരുമാനമെന്ന് വിയന്ന ആസ്ഥാനമായ ഏജൻസി വ്യക്തമാക്കി. അണുബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം കൂടിയാണ് യുറാനിയം. ഇറാനും ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളും തമ്മിലുള്ള 2015ലെ ആണ‍വ കരാർ യുറാനിയം ലോഹം ഉൽപ്പാദിപ്പിക്കുന്നതിനെ കുറിച്ചുള്ള ഗവേഷണ പരിപാടികൾക്ക് പ്രത്യേകം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അണുബോംബ് നിർമ്മിക്കുന്നതിൽ നിന്നും ഇറാനെ തടയുക എന്നതാണ് ആണവ കരാറിന്റെ പ്രധാനലക്ഷ്യം. അണുബോംബ് നിർമിക്കാൻ പദ്ധതിയില്ലെന്ന് പലതവണ ഇറാൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ അതിനാവശ്യമായ തോതിൽ സമ്പുഷ്ടീകരിച്ച യുറാനിയം ഇപ്പോൾ തന്നെ ഇറാനിൽ ഉണ്ടെന്നുള്ളതാണ് ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്. അതേസമയം ആണവ കരാർ നിലവിൽ വരുന്നതിന് മുമ്പുള്ളതിനേക്കാൾ കുറഞ്ഞ അളവ് സമ്പുഷ്ടീകരിച്ച യുറാനിയമാണ് ഇപ്പോൾ ഇറാനിലുള്ളതെന്നതാണ് അശ്വസിക്കാനുള്ള കാര്യം.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

യുറാനിയം ലോഹത്തെ കുറിച്ചുള്ള ഗവേഷണ പരിപാടികൾ നടത്താൻ ഇറാൻ പദ്ധതിയിടുന്ന ഇസ്ഫാൻ മേഖല കഴിഞ്ഞിടെ ആണവോർജ ഏജൻസി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.  എന്നാൽ ഇവിടെ മാറ്റങ്ങൾ വരുത്തിയതായും ഗവേഷണ, വികസന പദ്ധതികൾക്ക് വേണ്ട ഉപകരണങ്ങൾ ഇവിടെ സ്ഥാപിച്ചതായും പിന്നീട് ഇറാൻ ഏജൻസിയെ അറിയിക്കുകയായിരുന്നു.

പ്രകൃതിദത്ത യുറാനിയം ഉപയോഗിച്ച് യുറാനിയം ലോഹം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആദ്യഘട്ടത്തിലാണെന്ന് ആണവോർജ ഏജൻസിയിലെ ഇറാൻ പ്രതിനിധിയായ ഖാസിം ഗരീബബാബ്ദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. പുതിയ ഇന്ധനങ്ങൾക്കായി ശ്രമം നടത്തുന്ന പുരോഗമന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഉയരാൻ ഇതിലൂടെ ഇറാന് സാധിക്കുമെന്നും ഗരീബബാബ്ദി ദേശീയ വാർത്ത ഏജൻസിയായ ഇർനയോട് പറഞ്ഞു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

ആണവ കരാറിൽ നിന്നും 2018ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിന് ശേഷം ഇറാൻ നടത്തുന്ന ഏറ്റവും ഒടുവിലത്തെ കരാർ ലംഘനമാണിത്. കരാറിൽ നിന്നും പിന്മാറിയതിന് ശേഷം അമേരിക്ക ഇറാന് മേൽ ചുമത്തിയ പുതിയ ഉപരോധങ്ങളുടെ പ്രത്യാഘാതങ്ങളെ മറികടക്കുന്നതിനുള്ള കൂടുതൽ ഇളവുകൾക്കായി കരാറിലെ മറ്റ് അംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മേൽ പരമാവധി സമ്മർദ്ദമേൽപ്പിക്കുകയാണ് കരാർ ലംഘനങ്ങളലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.

Maintained By : Studio3