അധികാരത്തിലെത്തിയാല്‍ കേരളാ ബാങ്ക് പിരിച്ചുവിടും : ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ യുഡിഎഫ് കേരള ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെയുള്ള യാത്രയുടെ ഭാഗമായി തന്‍റെ ജന്മനാടായ ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിച്ച ചെന്നിത്തല,
ഇപ്പോഴത്തെ കേരള ബാങ്ക് നിയമവിരുദ്ധമായ സ്ഥാപനമാണെന്നും റിസര്‍വ് ബാങ്ക് പോലും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു.കേരള ബാങ്കിന്‍റെ പേരില്‍ സംസ്ഥാനത്ത് ഒരിക്കല്‍ വളര്‍ന്നുവന്ന സഹകരണ ബാങ്കിംഗ് മേഖല നശിപ്പിക്കപ്പെട്ടു. തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കേരള ബാങ്ക് ഇല്ലാതാകുമെന്ന് ചെന്നിത്തല പറഞ്ഞു.
2019 ലാണ് ബാങ്ക് ഒദ്യോഗികമായി ആരംഭിച്ചത്. 14 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുമായി (കെഎസ്സിബി) ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുമെന്ന് അധികാരമേറ്റ കാലം മുതല്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ, സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് താഴെത്തട്ടിലുള്ള പ്രാഥമിക ബാങ്കുകളുമായി മൂന്നുനിരയിലുള്ള ഘടനയുണ്ടായിരുന്നു. അവ അതത് ജില്ലാ ബാങ്കുകളുമായി ബന്ധിപ്പിച്ചിരുന്നു. ഇവ കെഎസ്സിബിക്കു കീഴിലാണ് പ്രവര്‍ത്തിച്ചത്.
കേരള ബാങ്ക് ആരംഭിച്ചതിനുശേഷം ഈ സ്ഥിതി മാറി. കേരള ബാങ്കിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന 1,850 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രസ്താവന.തുടക്കം മുതല്‍ തന്നെ കേരള ബാങ്ക് രൂപീകരണത്തെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് എതിര്‍ത്തിരുന്നു.