ലോകത്തിലെ ഏറ്റവും വലിയ വനിതാ മാര്‍ക്കറ്റ്
1 min readപ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് വീണ്ടും സജീവമാകുന്ന ‘മദേഴ്സ് മാര്‍ക്കറ്റ്’
-
‘ഇമാ കെയ്താല്‍’ തുറക്കുന്നത് പതിനൊന്ന് മാസങ്ങള്‍ക്കുശേഷം
-
ഈ വന്‍കിട വിപണി അടച്ചുപൂട്ടിയതിലൂടെ ഉണ്ടായ നഷ്ടം 3,879 കോടിയുടേത്
-
ഇമാ മാര്‍ക്കറ്റില്‍ സ്റ്റാളുകള്‍ ഉള്ളത് ലൈസന്‍സുള്ള 3,614 വനിതാ കച്ചവടക്കാര്‍ക്ക്
-
വിവിധ സാമൂഹിക പ്രശ്നങ്ങളിലുള്ള പ്രചാരണത്തിന്‍റെ ഒരു കേന്ദ്രംകൂടിയാണ് ഈ മാര്‍ക്കറ്റ്
ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വനിതാ മാര്‍ക്കറ്റാണ് ‘ഇമാ കെയ്താല്‍’ അല്ലെങ്കില്‍ ‘മദേഴ്സ് മാര്‍ക്കറ്റ്’. വനിതകളുടെ ഈ വ്യാപാരകേന്ദ്രം അതിപ്രശസ്തമാണ്. മണിപ്പൂരി സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന്, ഈ വിപണി എല്ലായ്പ്പോഴും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലഘട്ടം ഈ അമ്മമാരുടെ മാര്‍ക്കറ്റിനെയും പ്രതിസന്ധിയിലാക്കി. വൈറസ് വ്യാപനത്തിന്‍റെ തീവ്രത വ്യാപാരകേന്ദ്രത്തെ അടച്ചുപൂട്ടി. ഇപ്പോള്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് പതിനൊന്ന് മാസങ്ങള്‍ക്കുശേഷം ഇമാ കെയ്താല്‍ വീണ്ടും തുറന്നു. ഈ നടപടിമൂലം 3,600 ലേറെ വനിതാ വ്യാപാരികളുടെ മുഖത്താണ് പുഞ്ചിരി വിടര്‍ന്നത്. അഞ്ചുനൂറ്റാണ്ടിലേറെ ചരിത്രമുള്ളതാണ് പ്രശസ്തമായ ഈ അമ്മമാരുടെ മാര്‍ക്കറ്റ്. മേഖലയിലെ വനിതകളുടെ ജീവിതവും സന്തോഷവും വരുമാനവും എല്ലാം കൂടിക്കലര്‍ന്ന ഇടമാണിത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 21നാണ് കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇത് അടച്ചത്.
വിപണിയിലെ വനിതാ കച്ചവടക്കാരെ ഈ വര്‍ഷത്തെ വെണ്ടര്‍ ലൈസന്‍സ് ഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരന്‍ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി കാരണം ഒരു വര്‍ഷത്തോളമായി വിപണികള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വനിതാ കച്ചവടക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റ് ഏരിയയുടെ അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണ ജോലികള്‍ക്കുമായി മാസത്തില്‍ ഒരുദിവസം സര്‍ക്കാരിന് അനുവദിക്കണമെന്നും വനിതാ കച്ചവടക്കാരോട് സിംഗ് അഭ്യര്‍ത്ഥിച്ചു.
2020 മാര്‍ച്ച് 21 മുതല്‍ മാര്‍ക്കറ്റ് സമയബന്ധിതമായി അടച്ചത് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഈ വന്‍കിട വിപണിയിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത് സംസ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥയെ വല്ലാതെ ബാധിച്ചിരുന്നു. പ്രത്യേകിച്ചും വനിതാ കച്ചവടക്കാര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. മാര്‍ക്കറ്റില്‍ വ്യാപാരത്തിനെത്തുന്ന ഓരോവനിതയും ഒരു കുടുംബത്തിന്‍റെ എല്ലാഭാരവും ചുമക്കുന്നവരാണ്. സാമൂഹ്യ ഗവേഷകനായ സെര്‍ട്ടോ ടോണ്ടാന കോം നടത്തിയ പഠനത്തില്‍ ഈ വന്‍കിട വിപണി അടച്ചുപൂട്ടിയതിലൂടെ 3,879 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തി. ഇംഫാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള 3,614 വനിതാ കച്ചവടക്കാര്‍ക്ക് ഇമാ മാര്‍ക്കറ്റില്‍ സ്റ്റാളുകള്‍ ഉണ്ട്. അവരുടെ കുടുംബങ്ങള്‍ ഈ കാലയളവില്‍ നിരവധി ബുദ്ധിമുട്ടുകളാണ് നേരിട്ടത്. ഇവിടെ വ്യാപാരം പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് വനിതാ കച്ചവടക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചതായും പഠനം വ്യക്തമാക്കുന്നു. ലൈസന്‍സില്ലാത്തവരും ഒട്ടേറെയുണ്ട്.
“കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ദിവസവേതനക്കാരെ സാരമായി ബാധിച്ചതായി കഴിഞ്ഞ 45 വര്‍ഷമായി ഇമാ മാര്‍ക്കറ്റില്‍ വെണ്ടര്‍ ആയിരുന്ന സെപ്റ്റുവജെനേറിയന്‍ ലൈഷ്റാം മേമ പറയുന്നു. വലിയ കച്ചവടക്കാര്‍ താരതമ്യേന മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ധാരാളം ചെറുകിടക്കാര്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. നിരവധി വെണ്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബാങ്ക് വായ്പകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പല കുടുംബങ്ങളുടെയും വിദ്യാഭ്യാസവും വൈദ്യചികിത്സയും ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
ഇമാ മാര്‍ക്കറ്റില്‍ ഒരേ പ്രദേശത്ത് മൂന്ന് വ്യത്യസ്ത സമുച്ചയങ്ങളുണ്ടെന്ന് ഇംഫാല്‍ ആസ്ഥാനമായുള്ള എഴുത്തുകാരിയും പൊളിറ്റിക്കല്‍ കമന്‍റേറ്ററുമായ ഇബോയൈമ ലൈതാംബാം പറഞ്ഞു. ഉപഭോക്തൃ വസ്തുക്കള്‍, പ്രാദേശിക മണിപ്പൂരി ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ വില്‍ക്കുന്നു. “ബ്രിട്ടീഷ് കാലഘട്ടം മുതല്‍, ഇമാ കെയ്താല്‍ ഒരു ലളിതമായ വിപണന കേന്ദ്രമോ വ്യാപാര കേന്ദ്രമോ ആയി തുടരുകയായിരുന്നില്ല. മറിച്ച് വിവിധ സാമൂഹിക പ്രശ്നങ്ങളിലുള്ള പ്രചാരണത്തിന്‍റെ ഒരു കേന്ദ്രംകൂടിയായിരുന്നു,ലൈതാംബാം പറഞ്ഞു. പുരുഷാധിപത്യമുള്ള മണിപ്പുരി സമൂഹത്തിലെ സ്ത്രീ ശാക്തീകരണത്തിനായി നൂറ്റാണ്ടുകളായി ഈ വിപണി നിര്‍ണായക പങ്ക് വഹിക്കുന്നു.
പുരുഷന്മാര്‍ക്ക് ഇമാ മാര്‍ക്കറ്റില്‍ നിന്ന് എന്തും വാങ്ങാമെന്നും എന്നാല്‍ അവര്‍ക്ക് ഒരു വെണ്ടര്‍ അല്ലെങ്കില്‍ വില്‍പ്പനക്കാരനാകാന്‍ കഴിയില്ലെന്നും മറ്റൊരു മണിപ്പൂരി ബുദ്ധിജീവിയും എഴുത്തുകാരനുമായ രാജ്കുമാര്‍ കല്യാഞ്ചിത് സിംഗ് പറഞ്ഞു. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച മണിപ്പൂരി സ്ത്രീകള്‍ അവരുടെ കടകളും സ്റ്റാളുകളും നടത്തുന്നു. ഇടയ്ക്കിടെ വിവിധ പരമ്പരാഗത ഉത്സവങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നു. വനിതാ കച്ചവടക്കാര്‍ പരസ്പരം ആവശ്യകതകളറിഞ്ഞ് സഹായിക്കുകയും ബിസിനസ് നടത്തുന്നതിന് പുതിയ വെണ്ടര്‍മാരെ സഹായിക്കുകയും ചെയ്യുന്നു, “സിംഗ് പറഞ്ഞു.
ഇമാ മാര്‍ക്കറ്റിലെ വെണ്ടര്‍മാര്‍ ‘ഇമാസ്’ അല്ലെങ്കില്‍ അമ്മമാര്‍ എന്നറിയപ്പെടുന്നു. വില്‍പ്പനക്കാരില്‍ ഭൂരിഭാഗവും 50 നും 70 നും ഇടയില്‍ പ്രായമുള്ളവരാണ്. 1891 ല്‍ ബ്രിട്ടീഷുകാരുടെ കര്‍ശനമായ രാഷ്ട്രീയ സാമ്പത്തിക പരിഷ്കാരങ്ങള്‍ വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നതായും മണിപ്പൂരി ദിനപത്രമായ ‘മാരുപ്പ്’ എഡിറ്റര്‍ സിംഗ് പറഞ്ഞു. അന്ന് ഉയര്‍ന്ന നികുതി അടക്കം നിരവധി നടപടികള്‍ അടിച്ചേല്‍പ്പിച്ചു. ഇത് ഒടുവില്‍ സംസ്ഥാനത്തിന്‍റെ സാമൂഹിക-സാമ്പത്തിക ഘടനയെ പ്രത്യേകിച്ച് മണിപ്പൂരി സമൂഹത്തെ അസ്വസ്ഥമാക്കി. ഇവയെല്ലാം 1939 ല്‍ ‘നൂപി ലാന’ (വനിതാ യുദ്ധം) പ്രസ്ഥാനം രൂപീകരിക്കുന്നതിലേക്ക് നയിച്ചു. ബ്രിട്ടീഷ് നയങ്ങളെയും നടപടികളെയും അപലപിക്കാന്‍ പ്രതിഷേധ റാലികളും ബഹുജന സമ്മേളനങ്ങളും പ്രചാരണ പരിപാടികളും നടന്നു.”പ്രക്ഷോഭം തടയാന്‍ ബ്രിട്ടീഷുകാര്‍ മാര്‍ക്കറ്റിന്‍റെ കെട്ടിടങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നിലകൊള്ളുകയും അവരുടെ വിപണിയെ ആക്രമണാത്മകമായി പ്രതിരോധിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മമാരുടെ മാര്‍ക്കറ്റിനെ നിലനിര്‍ത്തുന്നതിനായി നിരവധി പ്രതിഷേധങ്ങളും എതിര്‍പ്പുകളും എല്ലാം ഇവിടെ ഉയര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റിന് അതിന്‍റേതായ ചിന്താധാരയും കാഴ്ചപ്പാടുമുണ്ട്. ഇവിടേക്ക് അന്യര്‍ അതിക്രമിച്ചുകടക്കുമ്പോഴാണ് പ്രതിഷേധങ്ങള്‍ തലപൊക്കുക. മുന്‍പ് ഇവിടെ കോണ്‍ക്രീറ്റ് സമുച്ചയം നിര്‍മിക്കുന്നതിനായി കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുസംബന്ധിച്ച പ്രശ്നം വലിയ ഒച്ചപ്പാടിന് കാരണമായിരുന്നു. എല്ലാ ലൈസന്‍സുള്ള കച്ചവടക്കാര്‍ക്കും കെട്ടിടത്തില്‍ ഇടം ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അമ്മമാര്‍ വിശ്വസിച്ചില്ല. അവര്‍ 24മണിക്കൂറും മാര്‍ക്കറ്റ് പ്രതിരോധിച്ച് ജാഗ്രതയോടെ നിന്നു. ഇത് രണ്ടുവര്‍ഷത്തോളം ഈ അവസ്ഥ നീണ്ടുനിന്നിരുന്നു. പുതിയ കെട്ടിടത്തില്‍ തങ്ങള്‍ക്ക് ഇടം ലഭിക്കില്ലെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അധികാരികളുടെ സ്വന്തക്കാരെ അവിടെ പ്രതിഷ്ഠിക്കുമോ എന്നും അവര്‍ ആശങ്കപ്പെട്ടു. എന്നാല്‍ കാലങ്ങള്‍കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നു പറയാം. വീണ്ടും അമ്മമാരുടെ മാര്‍ക്കറ്റ് അതിന്‍റെ യശസിലേക്കുയര്‍ന്നു.