യെസ് എംഎസ്എംഇ : ചെറുകിട സംരംഭങ്ങള്‍ക്ക് ഈടില്ലാതെ 5 കോടി വായ്പ
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഈടില്ലാതെ വായ്പ
പദ്ധതിക്ക് യെസ് എംഎസ്എംഇ എന്ന പേര് നല്‍കി യെസ് ബാങ്ക്
എളുപ്പത്തില്‍ ഫണ്ട് ലഭ്യമാക്കുക ഉദ്ദേശ്യം
ന്യൂഡെല്‍ഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വേഗത്തില്‍ ഫണ്ട് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് യെസ് ബാങ്ക്. എംഎസ്എംഇകളെയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
ബിസിനസ് വിപലുപ്പെടുത്താനും വളര്‍ച്ച ത്വരിതപ്പെടുത്താനും ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുകയാണ് യെസ് എംഎസ്എംഇ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രത്യേക കറന്റ് എക്കൗണ്ട് ഓപ്പണിംഗിനും സൗകര്യങ്ങളുണ്ട്.
യെസ് എംഎസ്എംഇ പദ്ധതി അനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും അഞ്ച് കോടി രൂപ വരെ ഈടില്ലാത്ത വായ്പ ലഭിക്കും. എംഎസ്എംഇ ലോണുകള്‍ക്ക് അനുമതി ലഭിക്കുന്നതിനെടുക്കുന്ന സമയം കുറയ്ക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
ഒപ്പം കൊമേഴ്‌സ്യല്‍ ക്രെഡിറ്റ് കാര്‍ഡുകളും വെല്‍ത്ത് മാനേജ്‌മെന്റ് ഉല്‍പ്പന്നങ്ങളും സംരംഭങ്ങള്‍ക്കായി ലഭ്യമാക്കും. എംഎസ്എംഇകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും 11 കോടി തൊഴിലുകള്‍ സൃഷ്ടിച്ച മേഖലയാണെന്നും ഈ പദ്ധതിയെ കുറിച്ച് സംസാരിക്കവെ കേന്ദ്ര എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി.