Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദേശീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമില്ലാത്ത തമിഴ് രാഷ്ട്രീയം

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് എം. ഭക്തവല്‍സലം തമിഴ്നാട് മുഖ്യമന്ത്രിപദം ഒഴിയുന്നത് 1967 മാര്‍ച്ച് ആറിന് ആണ്. ഏതെങ്കിലും ദേശീയ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് സംസ്ഥാനത്തിന്‍റെ അവസാന മുഖ്യമന്ത്രിയാണ് പടിയിറങ്ങുന്നതെന്ന് അന്ന് തമിഴ്നാട് ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളുടെ വരവായിരുന്നു. തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി ഡിഎംകെ നേതാവ് സി എന്‍ അണ്ണാദുരൈ സ്ഥാനമേറ്റെടുത്തു.എഐഎഡിഎംകെയും തമിഴകത്ത് ശക്തിപ്രാപിച്ചതോടെ ദേശീയ പാര്‍ട്ടികളുടെ സംസ്ഥാനത്തെ അടിത്തറതന്നെ ഇല്ലാതായി.

ദ്രാവിഡ പാര്‍ട്ടികള്‍ പിന്തുണച്ചാല്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് സാധ്യത ഉണ്ടായിരുന്നത്. ഇന്നും ആ സ്ഥിതി തുടരുകയാണ്. തമിഴ് ദേശീയതയെയും ഹിന്ദി വിരുദ്ധ പ്രകോപനത്തെയും കൊണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ വളരെയധികം പ്രചാരം നേടുകയും ചെയ്തു. അതിനുശേഷം സംസ്ഥാനത്ത് ദ്രാവിഡ പാര്‍ട്ടികള്‍ അല്ലാതെ മറ്റാരും അധികാരതതിലെത്തിയിട്ടില്ല.

ഇപ്പോള്‍ 2021 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതവണ സംസ്ഥാനം സന്ദര്‍ശിച്ചു. അമിത് ഷാ മുതല്‍ നിര്‍മ്മല സീതാരാമന്‍ വരെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുടെ നിര സംസ്ഥാനത്ത് പര്യടനം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അടിക്കടി തമിഴകം സന്ദര്‍ശിക്കുന്നുണ്ട്. എന്നിരുന്നാലും, രണ്ട് പ്രധാന ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും ഇന്ന് സംസ്ഥാനത്ത് എവിടെയാണ് നിലകൊള്ളുന്നത് എന്നത്പ്രധാന ചോദ്യമാണ്.

പ്രമുഖ ദ്രാവിഡ പാര്‍ട്ടികളായ എഐഎഡിഎംകെ, ഡിഎംകെ എന്നിവയുമായി യഥാക്രമം ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കിയെങ്കിലും ഈ ദേശീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച സീറ്റുകളുടെ എണ്ണം വളരെ കുറവാണ്. 234 അംഗ നിയമസഭയിലേക്കുള്ള എഐഎഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി 20 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. കോണ്‍ഗ്രസിന് 25 സീറ്റുകള്‍ ഡിഎംകെ അനുവദിച്ചു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപി വലിയ ശക്തിയായിട്ടില്ലെന്നും നരേന്ദ്ര മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയുണ്ടായിരുന്നിട്ടും ബിജെപിക്ക് കന്യാകുമാരി ലോക്സഭാ സീറ്റ് നിലനിര്‍ത്താന്‍ പോലും കഴിഞ്ഞില്ലെന്നും എഐഎഡിഎംകെ ന്യായീകരിക്കുന്നു.

തങ്ങളുടെ എംഎല്‍എമാരുടെ സംഖ്യ സുരക്ഷിതമാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ സീറ്റുകളുടെ എണ്ണം കുറവാണെന്നും ഡിഎംകെ കോണ്‍ഗ്രസ് നേതൃത്വത്തോട് തുറന്നടിക്കുകയും ചെയ്തു. വോട്ടെടുപ്പിന് ശേഷമുള്ള സാഹചര്യത്തില്‍ പ്രതിസന്ധി ഉണ്ടായാല്‍ എഎല്‍എമാര്‍ വേലി ചാടരുതെന്ന് ഡിഎംകെ ആഗ്രഹിക്കുന്നു.ദേശീയ പാര്‍ട്ടികളായിട്ടും ഇടതുപക്ഷ പാര്‍ട്ടികളായ സിപിഎം, സിപിഐ എന്നിവയ്ക്ക് 6 സീറ്റുകള്‍ വീതമാണ് ഡിഎംകെ അനുവദിച്ചത്.

അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും ഡിഎംകെയുടെ പക്കല്‍നിന്നും പണം കൈപ്പറ്റിയിരുന്നുവെന്ന് നടനു രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ ആരോപിച്ചിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുന്ന ഡിഎംകെ പ്രവര്‍ത്തകരുടെ ചെലവുകള്‍ക്കാണ് പണം ചെലവഴിച്ചതെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണന്‍ പിന്നീട് വിശദീകരണവുമായി രംഗത്തുവന്നു.

ദേശീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച സീറ്റുകളുടെ എണ്ണം സ്വീകരിച്ച് താഴേത്തട്ടില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്നതാണ് ശ്രദ്ധേയം. ദേശീയ പാര്‍ട്ടികള്‍ക്ക് ഉടനടി ഭാവിയില്ലാത്തതിനാല്‍ തമിഴ്നാട്ടിലെ രാഷ്ട്രീയം ദ്രാവിഡ പാര്‍ട്ടികളെ കേന്ദ്രീകരിച്ചായിരിക്കും മുന്നോട്ടുപോകുക.

Maintained By : Studio3