ആക്റ്റ് ഈസ്റ്റ് നയത്തില്‍ പശ്ചിമ ബംഗാളിന്‍റെ സ്ഥാനം
1 min read
സാധ്യതകളുടെ മഹാസമുദ്രത്തില്‍ അവസരങ്ങള്‍ തിരിച്ചറിയാത്തവര്‍…
ബംഗാളിന്‍റെ അപാര സാധ്യതകള്‍ അവര്‍ തിരിച്ചറിയാതെ പോകുന്നു.അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും അതിന്‍റെ സാധ്യത പൂര്‍ണമായി നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. ഇടയ്ക്ക് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ചില പ്രസ്താവനകള്‍ മാത്രമായി അത് ഒതുങ്ങിപ്പോകുന്നു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സംസ്ഥാനം ഇന്ന് പ്രതിസന്ധിയിലാണെന്നത് വസ്തുതയാണ്. സാമ്പത്തിക പുരോഗതി തൃപ്തികരമല്ല, രാഷ്ട്രീയ വെല്ലുവിളികള്‍ ഉയരുകയാണ്. പതിറ്റാണ്ടുകളായി, സംസ്ഥാനം വ്യവസായവല്‍ക്കരണത്തെ നിരുത്സാഹപ്പെടുത്തുകയും കേന്ദ്രവുമായുള്ള സര്‍ക്കാരുമായുള്ള ബന്ധം ഇടയ്ക്കിടെ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അവരുടെ സ്വന്തം വികസനത്തെ തടസപ്പെടുത്തി എന്നത് ചരിത്രമാണ്. എന്നാല്‍ ഈ പാഠങ്ങളില്‍നിന്നും വിവേകമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല.
ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പശ്ചിമ ബംഗാളിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിപ്രധാനമാണ്. ഈ സാധ്യതകള്‍ പോലും സംസ്ഥാനം തിരിച്ചറിയുന്നില്ല.അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും അതിന്‍റെ സാധ്യത പൂര്‍ണമായി നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. ഇടയ്ക്ക് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ക്കുറിച്ചുള്ള ചില പ്രസ്താവനകള്‍ മാത്രമായി അത് ഒതുങ്ങിപ്പോകുന്നു. എല്ലാം രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ മാത്രം കാണുമ്പോള്‍ സ്വന്തം നാട്ടിലെ ജനത തൊഴില്‍ അന്വേഷിച്ച് മറ്റ് നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കുടിയേറേണ്ട അവസ്ഥ ഉണ്ടാകുന്നു. ഇതിനൊരു മാറ്റം വരുത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു.
ഇന്ത്യയുടെ ഇന്തോ-പസഫിക് സഹകരണത്തില്‍ പ്രധാന തുറമുഖമായി കണക്കാപ്പെടാവുന്നാതാണ് കൊല്‍ക്കത്ത. കണക്റ്റിവിറ്റി നെറ്റ്വര്‍ക്കുകളിലൂടെ ആഭ്യന്തര ലക്ഷ്യങ്ങളും ആഗോള രാഷ്ട്രീയ ലക്ഷ്യങ്ങളും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കാനാകും. അത്തരത്തിലുള്ള നിരവധി റോഡ്, റെയില്‍, മാരിടൈം കണക്റ്റിവിറ്റി നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് .അതുവഴി ലോകത്തെ ഏറ്റവും കുറഞ്ഞ ബന്ധമുള്ള പ്രദേശങ്ങളെ അന്താരാഷ്ട്ര ശൃംഖലകളുമായി ബന്ധപ്പെടുത്താനാകും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയം(എഇപി) ഒരു ചട്ടക്കൂടാണ്.
കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ അയല്‍ക്കാരുമായി നയതന്ത്രപരവും നേരിട്ടുമുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. യാഥാര്‍ത്ഥ്യങ്ങളും അടിയന്തര സാഹചര്യങ്ങളും കണക്കിലെടുത്ത് രാജ്യത്തിന്‍റെ നയതന്ത്ര സാമ്പത്തിക സമന്വയം വിപുലീകരിക്കുകയാണ് എഇപി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സാമ്പത്തിക ശേഷികളിലെ സമീപകാല മുന്നേറ്റങ്ങളും രാഷ്ട്രീയ പുരോഗതിയും ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിനൊപ്പം തന്നെ സംഭവിച്ചു. ആക്റ്റ് ഈസ്റ്റ് നയത്തിനൊപ്പം കൂടുതല്‍ വിശാലവും കൂടുതല്‍ പ്രാധാന്യമുള്ളതുമായ ഇന്തോ-പസഫിക് മേഖലയുമായി ഇടപഴകാനുള്ള തന്ത്രങ്ങളും ഇന്ത്യ ആവിഷ്ക്കരിച്ചു. ഈ സംരംഭങ്ങളുടെ വിജയകരമായ പ്രവര്‍ത്തനക്ഷമത ഇന്ത്യയുടെ സംസ്ഥാനങ്ങള്‍ അന്തര്‍ദ്ദേശീയമായി, പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
പശ്ചിമ ബംഗാളിന്‍റെ പ്രാധാന്യത്തിന്‍റെ താക്കോല്‍ ഭൂമിശാസ്ത്രമാണ്. ബംഗാള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ, സിക്കിം, ആസാം എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവയുമായും സമുദ്ര ബന്ധമുള്ള മ്യാന്‍മാര്‍, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായും ബന്ധപ്പെടുന്നതിനുള്ള ഇടത്താവളമാകാന്‍ ബംഗാളിന് കഴിയും. കിഴക്കന്‍, തെക്ക്-കിഴക്കന്‍ അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്‍റെ കാര്യത്തില്‍ കൊല്‍ക്കത്ത ഏറ്റവും വലുതും ഏറ്റവും അടുത്തതുമായ നഗരമാണ്. അതിനാല്‍, നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന്‍ (എന്‍ആര്‍) ഭൂമിശാസ്ത്രപരമായി ആക്റ്റ് ഈസ്റ്റ് പോളിസി നടപ്പാക്കുന്നതിനുള്ള അവസാന അതിര്‍ത്തിയാണെങ്കിലും, പശ്ചിമ ബംഗാളാണ് ഏറ്റവും വലുതും കൂടുതല്‍ ബന്ധിപ്പിക്കപ്പെട്ടതുമായ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം .
ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ചിലാഹാട്ടി-ഹല്‍ദിബാരി റെയില്‍ ലിങ്ക്, കലാദാന്‍ മള്‍ട്ടി-മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതില്‍ ബംഗാള്‍ കണക്റ്റിവിറ്റിയുടെ സുപ്രധാന പോയിന്‍റാണ്. ഇന്ത്യ-ബംഗ്ലാദേശ് റെയില്‍ ബന്ധം മ്യാന്‍മാറിലേക്കും തായ്ലന്‍ഡ്, ലാവോസ്, സിംഗപ്പൂര്‍, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും ഭാവിയില്‍ വ്യാപിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് ബംഗാളിനെ തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കും.
ഇന്ത്യയുടെ കണക്റ്റിവിറ്റി, വാണിജ്യം, സാസംസ്കാരിക ബന്ധം എന്നിവ സാക്ഷാത്കരിക്കുന്നതില്‍ ബംഗാളിന് നേരിട്ട് പങ്കാളിയാകാനും സാധിക്കും.
ഈ ബന്ധങ്ങള്‍ പല തരത്തില്‍ പരസ്പരം ആശ്രയിച്ചിരിക്കുന്നു – ഉദാഹരണത്തിന്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് നോര്‍ത്ത് ഈസ്റ്റേണ്‍ റെയ്ല്‍വേയുടെ വികസനത്തില്‍ നേരിട്ടും ഗുണപരമായും സ്വാധീനം ചെലുത്തുന്നു. അതുപോലെ ആക്റ്റ് ഈസ്റ്റ് പോളിസി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ബംഗാള്‍ സംഭാവന ചെയ്യുകയാണെങ്കില്‍, അത് തൊഴില്‍, വരുമാനം എന്നിവ വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കും. ആസിയാന്‍, ബിംസ്റ്റെക് രാജ്യങ്ങളുമായുള്ള ഭൗതിക, വാണിജ്യ, സാമൂഹിക-സാമ്പത്തിക, ഊര്‍ജ തലത്തിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ബംഗാളിന് എഇപിയുമായുള്ള ഇടപെടല്‍ വിപുലീകരിക്കാന്‍ കഴിയും.
കരമാര്‍ഗമുള്ള പാതകള്‍ക്കു പുറമേ, അയല്‍ക്കാരുമായുള്ള ഇന്ത്യയുടെ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് സമുദ്ര വ്യാപാരവും കണക്റ്റിവിറ്റിയും ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ബംഗാള്‍ ഉള്‍ക്കടല്‍ പ്രാദേശിക, പ്രാദേശികേതര പങ്കാളികളില്‍ നിന്ന് വര്‍ധിച്ച താല്‍പ്പര്യം നേടിയിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കന്‍ കടല്‍ത്തീരത്തെ തുറമുഖങ്ങള്‍ക്ക് ഈ ഉള്‍ക്കടല്‍ വളരെ പ്രധാനമാണ്. 18, 19 നൂറ്റാണ്ടുകള്‍ വരെ കൊല്‍ക്കത്ത തുറമുഖം ഒരു പ്രധാന പങ്ക് വഹിച്ചു. 1869 ല്‍ സൂയസ് കനാല്‍ തുറന്നതിനുശേഷം, ലോകവുമായുള്ള ബ്രിട്ടന്‍റെ വ്യാപാരത്തില്‍ തുറമുഖത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം കൊല്‍ക്കത്ത തുറമുഖത്തിന് ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ പ്രധാന സ്ഥാനം നഷ്ടമായി. പശ്ചിമതീരത്തെ മുംബൈ, കണ്ട്ല തുറമുഖങ്ങള്‍ക്കും കിഴക്ക് ചെന്നൈ, വിശാഖപട്ടണം തുറമുഖങ്ങള്‍ക്കും പ്രാധാന്യം കൈവന്നു.2013 ല്‍ തുറമുഖം കൂടുതല്‍ സ്തംഭനാവസ്ഥയിലായതിനാല്‍ നേപ്പാളില്‍ നിന്നും ഭൂട്ടാനില്‍ നിന്നുമുള്ള വ്യാപാരത്തില്‍ ഇടിവുണ്ടായി. വ്യാപാരികള്‍ ബംഗ്ലാദേശിലേക്കും ചിറ്റഗോങ് തുറമുഖത്തേക്കും മാറി.ഇത് തുറമുഖ അതോറിറ്റിക്ക് കനത്ത നഷ്ടമുണ്ടാക്കി.
മാരിടൈം കണക്റ്റിവിറ്റി ലിങ്കേജുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഫലപ്രാപ്തിയും ജിയോസ്ട്രാറ്റജിക് പ്രാധാന്യവും അംഗീകരിച്ച ഇന്ത്യ, 2020 അവസാനത്തോടെ മ്യാന്‍മാറുമായുള്ള തീരദേശ ഷിപ്പിംഗ് കരാര്‍ അന്തിമമാക്കി. ഇതുവഴി ഇന്ത്യന്‍ കപ്പലുകള്‍ക്ക് ബംഗാള്‍ ഉള്‍ക്കടലിലെ സിത്വെ തുറമുഖം കടന്ന് കലാദാന്‍ നദി മള്‍ട്ടി-മോഡല്‍ ലിങ്ക് വഴി മിസോറാമിലെത്താന്‍ സാധിക്കും. സിത്വെ തുറമുഖത്തെ കൊല്‍ക്കത്ത തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കേണ്ടതുണ്ട്. കൊല്‍ക്കത്തയില്‍ പ്രകൃതിദത്തവും മാനുഷികവുമായ മൂലധനത്തിന്‍റെ വലിയ ശേഖരം ഉണ്ട്. ജീവിതച്ചെലവ് രാജ്യത്തെ മറ്റ് വലിയ മെട്രോകളേക്കാള്‍ കുറവുമാണ്. ഈ സാഹചര്യത്തില്‍, കൊല്‍ക്കത്ത, വിശാഖപട്ടണം, ചെന്നൈ തുറമുഖ ട്രസ്റ്റുകളും തായ്ലന്‍ഡിലെ റാനോംഗ് തുറമുഖവും തമ്മില്‍ ഒപ്പുവച്ച ഏറ്റവും പുതിയ 2019 ധാരണാപത്രം ഒരു നല്ല സംഭവവികാസമാണ്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി എഫ്ഡിഐയിലും വ്യവസായവല്‍ക്കരണത്തിലും പശ്ചിമ ബംഗാള്‍ പിന്നിലാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്‍റെ ഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും, പശ്ചിമ ബംഗാളിനെ അതിന്‍റെ സാധ്യതകളുടെ അടിസ്ഥാനത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതിനാല്‍ സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ പരസ്പരം സമീപനങ്ങള്‍ പുനഃ ക്രമീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിനും പ്രയോഗങ്ങള്‍ക്കുംഅനുസരിച്ച് ലോകം മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ എല്ലാതലങ്ങളിലും വികസനങ്ങള്‍ ഉണ്ടാകുന്നു. അതിനുമുമ്പില്‍ ഇനി ബംഗാള്‍ പുറംതിരിഞ്ഞ് നിന്നുകൂടാ.