Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎസ്-റഷ്യ ഉച്ചകോടി ജൂണ്‍ 16ന് ജനീവയില്‍

1 min read

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ആദ്യ ഉച്ചകോടി അടുത്തമാസം 16ന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ്-റഷ്യ ബന്ധത്തില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഇരുനേതാക്കളും എല്ലാപ്രശ്നങ്ങളും ചര്‍ച്ചചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രസിഡന്‍റായതിനുശേഷം പുടിനുമായുള്ള ബൈഡന്‍റെ ആദ്യ വ്യക്തിഗത കൂടിക്കാഴ്ചയാണിത്. ജൂണ്‍ മാസത്തില്‍ യൂറോപ്പിലേക്കുള്ള യാത്രയില്‍ ബ്രിട്ടനിലെ ജി 7 ഉച്ചകോടിയിലും ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും പങ്കെടുക്കുമെന്ന് ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുനേതാക്കളുടെയും കൂടിക്കാഴ്ച സംബന്ധിച്ച് ക്രെംലിനും സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.

‘കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തിലെ ഇടപെടലും പ്രാദേശിക സംഘട്ടനങ്ങളുടെ പരിഹാരവും ഉള്‍പ്പെടെ, റഷ്യന്‍-യുഎസ് ബന്ധങ്ങളുടെ സ്ഥിതിയും തന്ത്രപരമായ സ്ഥിരത പ്രശ്നങ്ങളും അന്താരാഷ്ട്ര അജണ്ടയിലെ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. , “ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് കഴിഞ്ഞയാഴ്ച ഐസ്ലാന്‍ഡില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനെ സന്ദര്‍ശിച്ചിരുന്നു. പിരിമുറുക്കങ്ങള്‍ക്കിടയില്‍ “ഗുരുതരമായ വ്യത്യാസങ്ങള്‍” അംഗീകരിക്കുമ്പോള്‍ സഹകരിക്കാന്‍ ഇരു ഉദ്യോഗസ്ഥരും അന്ന് സന്നദ്ധത പ്രകടിപ്പിച്ചു.
തിങ്കളാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ജനീവയില്‍ റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവായ നിക്കോളായ് പട്രുഷെവുമായി ചര്‍ച്ച നടത്തിയിരുന്നു. അവരുടെ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

യുഎസ്-റഷ്യന്‍ ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നത് ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യത്തിന് കാരണമാകും.ആഗോള തലത്തിലെ ബന്ധങ്ങള്‍ക്കും സ്ഥിരതയ്ക്കും അത് വഴിതുറക്കുമെന്നും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. വാഷിംഗ്ടണും മോസ്കോയും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി വഷളായി വരികയാണ്. ഉക്രെയ്ന്‍, സൈബര്‍ സുരക്ഷ, മനുഷ്യാവകാശം, യുഎസ് തെരഞ്ഞെടുപ്പ് ഇടപെടല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുപക്ഷത്തിനും വ്യക്തമായ അഭിപ്രായ വ്യത്യാസമുണ്ട്.

റഷ്യയുമായി കൂടുതല്‍ സുസ്ഥിരവും സമാധാനപരവുമായ ബന്ധം തേടുന്നതായി ബൈഡന്‍ ഭരണകൂടം അഭിപ്രായപ്പെട്ടിട്ടുണ്ട്.മൂന്നാം രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റഷ്യന്‍-യുഎസ് ഉച്ചകോടി ഏപ്രില്‍ 13 ന് പുടിനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ ബൈഡനാണ് ആദ്യമായി നിര്‍ദ്ദേശിച്ചതെന്ന് ക്രെംലിന്‍ പറയുന്നു.

Maintained By : Studio3