മൂത്രത്തില്‍ കല്ല് ഓസ്റ്റിയോപോറോസിസ് സാധ്യത വര്‍ധിപ്പിക്കും
മൂത്രത്തില്‍ കല്ല് ഉള്ള ഏകദേശം നാലിലൊന്ന് ആളുകളിലും രോഗ നിര്‍ണയത്തോട് അനുബന്ധിച്ച് ഓസ്റ്റിയോപോറോസിസും കണ്ടെത്തി
മൂത്രത്തില്‍ കല്ല് (കിഡ്‌നി സ്‌റ്റോണ്‍)ഉള്ളവരില്‍ ഓസ്റ്റിയോപോറോസിസ് അഥവാ അസ്ഥി ദ്രവിക്കലിന് സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. മൂത്രത്തില്‍ കല്ല് ഉള്ള ഏകദേശം നാലിലൊന്ന് ആളുകളിലും രോഗ നിര്‍ണയത്തോട് അനുബന്ധിച്ച് തന്നെ ഓസ്റ്റിയോപോറോസിസും കണ്ടെത്തിയതായി ‘ബോണ്‍ ആന്‍ഡ് മിനറല്‍ റിസര്‍ച്ച്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂത്രത്തില്‍ കല്ല് ഉള്ളവരില്‍ അസ്ഥിബലം കുറയാന്‍ സാധ്യതയുണ്ടെന്ന പുതിയ അറിവാണ് പഠനം നല്‍കുന്നതെന്ന് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകയായ കല്യാണി ഗണേശന്‍ പറഞ്ഞു. 2007നും 2015നുമിടയില്‍ മൂത്രത്തില്‍ കല്ലുള്ള 531,431 രോഗികളെയാണ് ഗവേഷക സംഘം പഠനവിധേയമാക്കിയത്. 23.6 ശതമാനം രോഗികളിലും മൂത്രത്തില്‍ കല്ല് കണ്ടെത്തിയ സമയത്ത് തന്നെ ഓസ്റ്റിയോപോറോസിസോ എല്ലുകള്‍ക്ക് പൊട്ടലോ കണ്ടെത്തിയതായി പഠനസംഘം വ്യക്തമാക്കി.
മുമ്പ് ഓസ്റ്റിയോപോറോസിസോ അസ്ഥികളുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന 9.1 ശതമാനം ആളുകള്‍ക്ക് മൂത്രത്തില്‍ കല്ല് കണ്ടെത്തിയതിന് ശേഷം നടത്തിയ എല്ലുകളുടെ ബലപരിശോധയില്‍ 20 ശതമാനം പേര്‍ക്കും ഓസ്റ്റിയോപോറോസിസ് സ്ഥിരീകരിച്ചതായും പഠനം വ്യക്തമാക്കുന്നു. മുമ്പ് എല്ലുകള്‍ക്ക് ബലക്ഷയമോ ദ്രവിക്കലോ കണ്ടെത്തിയിട്ടില്ലെങ്കിലും മൂത്രത്തില്‍ കല്ല് സ്ഥിരീകരിച്ച യുവാക്കളും പ്രായമായവരും അടക്കമുള്ളവരില്‍ എല്ലുകളുടെ ബല പരിശോധനകള്‍ നടത്തണമെന്ന നിര്‍ദ്ദേശമാണ് പഠനം മുന്നോട്ടുവെക്കുന്നത്. മൂത്രത്തില്‍ കല്ലുള്ളവരിലെ ഏത് ഘടകമാണ് ഓസ്റ്റിയോപോറോസിസിന് കാരണമാകുന്നതെന്ന് വരും പഠനങ്ങളില്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് കല്യാണി ഗണേശന്‍ പറഞ്ഞു.