തിങ്കളാഴ്ച ദിവസങ്ങളില്‍ ഹൃദയാഘാത സാധ്യത കൂടുമോ? പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
ഒരു ആഴ്ചയില്‍ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഏറ്റവും കൂടിയ ദിവസം തിങ്കളാഴ്ച ആയതിനാലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്
അടിയന്തര വൈദ്യസഹായം ആവശ്യമായ ശാരീരിക അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതം സംഭവിക്കുന്നതിന് വളരെ മുമ്പ് തന്നെ ശരീരം ഇതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. എന്നാല്‍ പലപ്പോഴും ഇവ അവഗണിക്കപ്പെടാറാണ് പതിവ്. എപ്പോഴാണ് ഹൃദയാഘാതം സംഭവിക്കുകയെന്ന് പ്രവചിക്കുക അസാധ്യമാണെങ്കിലും ഭൂരിഭാഗം ആളുകളിലും ഹൃദയാഘാതം ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള ഒരു ദിവസം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആ ദിവസമാണ് തിങ്കളാഴ്ച.
പലരും ഈ കണ്ടെത്തലില്‍ സംശയം പ്രകടിപ്പിച്ചേക്കും. എന്തുകൊണ്ടാണ് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്ന് ചോദിച്ചേക്കും. ഒരാഴ്ചയിലെ ഏറ്റവും ദുരിതപൂര്‍ണമായ ദിവസമായാണ് തിങ്കളാഴ്ച കരുതപ്പെടുന്നത്. ജോലി സമ്മര്‍ദ്ദം, ഉത്കണ്ഠ, യോഗങ്ങള്‍ തുടങ്ങി തിങ്കളാഴ്ച ഭയത്തിന് നിരവധിയാണ് കാരണങ്ങള്‍. ഇപ്പോഴിതാ മറ്റൊരു കാരണം കൂടി.156,000 ആളുകളെ പങ്കെടുപ്പച്ച് സ്വീഡനില്‍ നടന്ന ഒരു പഠനമാണ് കൂടുതലാളുകള്‍ക്കും ഹൃദയാഘാതം ഉണ്ടാകുന്ന ദിവസം തിങ്കളാഴ്ചയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ പ്രസിദ്ധ സര്‍വ്വകലാശാലകളായ അപ്‌സല, യുമിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 2006നും 2013നും ഇടയില്‍ സ്വീഡിഷ് ആശുപത്രികള്‍ ദേശീയ ഹൃദയാഘാത രജിസ്ട്രി ആയ സ്വീഡ്ഹാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഹൃദയാഘാതങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഗവേഷകര്‍ പ്രധാനമായും പഠനവിധേയമാക്കിയത്. ഒരു വ്യക്തി അതിയായ സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ ഹൃദയാഘാത സാധ്യത കൂടുന്നുവെന്നും കലണ്ടര്‍ ദിനങ്ങള്‍ നോക്കുകയാണെങ്കില്‍ ചില ദിവസങ്ങള്‍ മറ്റുദിവസങ്ങളേക്കാള്‍ സമ്മര്‍ദ്ദമേറിയവയാണെന്നും അമേരിക്കന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ശൈത്യകാല അവധിദിനങ്ങളിലും തിങ്കളാഴ്ചകളിലും കൂടുതല്‍ ഹൃദയാഘാതങ്ങള്‍ സംഭവിക്കുന്നുവെന്നാണ് സ്വീഡ്ഹാര്‍ട്ട് വിവരങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം വാരാന്ത്യങ്ങളിലും വേനല്‍ക്കാല അവധിക്കും ഹൃദയാഘാത സാധ്യത കുറവാണെന്നും പഠനം പറയുന്നുണ്ട്.
ഈ കണ്ടെത്തല്‍ വിശ്വസിക്കാമോ എന്ന് കരുതുന്നവരുണ്ടാകും. ഏറെനേരം നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം തലച്ചോറില്‍ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലയുടെ പ്രവര്‍ത്തനം വര്‍ധിക്കാന്‍ ഇടയാക്കും. ഇത് ഹൃദയം, രക്തക്കുഴലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട (കാര്‍ഡിയോ വാസ്‌കുലാര്‍) രോഗങ്ങള്‍ക്ക് കാരണമാകും. വാരാന്ത്യങ്ങളില്‍ ആളുകള്‍ കൂടുതല്‍ സമാധാനത്തോടെയും ഉത്സാഹത്തോടെയുമാണ് കാണപ്പെടാറ്. ഈ ദിവസങ്ങളില്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പുമെല്ലാം സാധാരണ നിലയിലായിരിക്കും. എന്നാല്‍ ഹൃദയാഘാത നിരക്കുകളിലെ വ്യതിയാനങ്ങള്‍ക്കുള്ള ഒരു കാരണം മാത്രമാണ് മാനസിക സമ്മര്‍ദ്ദം. ഊഷ്മാവ് പോലുള്ള മറ്റ് കാരണങ്ങളും ഹൃദയ മിടിപ്പിനെ ബാധിക്കുന്നുണ്ട്.
ഭൂചലനം, വേള്‍ഡ് കപ്പ് മത്സരങ്ങള്‍ തുടങ്ങി വലിയരീതിയിലുള്ള സമ്മര്‍ദ്ദമുണ്ടാക്കുന്ന പരിപാടികളും ഹൃദയാഘാതത്തിന് കാരണമാകുന്നതായി മുന്‍കാല പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്രത്തോളം തന്നെ സമ്മര്‍ദ്ദമുണ്ടാക്കുന്ന തിങ്കളാഴ്ചകളില്‍ അതുകൊണ്ട് ഹൃദയാഘാത സാധ്യത കൂടുതലായിരിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. അതേസമയം ഹൃദയഘാതം ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. നേരത്തെ പറഞ്ഞത് പോലെ മാനസിക സമ്മര്‍ദ്ദം അതിലൊരു കാരണം മാത്രമാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയവും ഹൃദയാഘാതത്തിന് കാരണമാകുന്ന മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളാണ്. എന്നാല്‍ ദിവസങ്ങളുടെയും ജോലികളുടെയും കൃത്യമായ ആസൂത്രണത്തിലൂടെ മാനസിക സമ്മര്‍ദ്ദം നമുക്ക് ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്. അത് ഹൃദയാഘാത സാധ്യതയും കുറയ്ക്കും.